ലോക സന്തോഷ സൂചികയില്‍ ഫിന്‍ലാന്‍ഡ് തുടര്‍ച്ചയായി ഒന്നാമത്

ഹെല്‍സിങ്കി: ലോക സന്തോഷ സൂചികാ പട്ടികയില്‍ തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ ഹാപ്പിനെസ് ഇന്‍ഡെക്‌സ് 2022 പ്രകാരം ഇത്തവണയും ഫിന്‍ലാന്‍ഡ് ആണ് ലോകത്ത് ഏറ്റവും സന്തോഷം കളിയാടുന്ന രാജ്യം. ഈ പട്ടികയനുസരിച്ച് ഇന്ത്യ 139-ാം സ്ഥാനത്തും അയല്‍ക്കാരായ പാക്കിസ്ഥാനും ബംഗ്ലാദേശും യഥാക്രമം 103, 99 സ്ഥാനങ്ങളിലുമാണ്. 

എന്താണ് ഫിന്‍ലാന്‍ഡിന്‍റെ പ്രത്യേകത? 

നോര്‍ഡിക് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഫിന്‍ലാന്‍ഡ് ഒരു വടക്കന്‍ യൂറോപ്യന്‍ രാജ്യമാണ്. 2022 ലെ ഹാപ്പിനെസ് ഇന്‍ഡെക്‌സ് പ്രകാരം 7.842 പോയിന്റാണ് ഫിന്‍ലാന്‍ഡിനുള്ളത്. കേരളത്തിന്റെ ഏഴിലൊന്നു മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. എളിമയും സൌഹാര്‍ദ്ദവും കളിയാടുന്ന രാജ്യമായാണ്‌ ഫിന്‍ലാന്‍ഡ് അറിയപ്പെടുന്നത്. പ്രധാനമായും ആറു ഘടകങ്ങളാണ് ഹാപ്പിനെസ് ഇന്‍ഡെക്‌സ് കണക്കാക്കാന്‍ ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്. പ്രതിശീര്‍ഷ വരുമാനം, പൌരസ്വാതന്ത്ര്യം, ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും, ഹൃദയ വിശാലത, വിശ്വാസം, പ്രശ്നങ്ങളെ നേരിടാനുള്ള കഴിവും പരാശ്രിതത്തക്കുറവും പരിഗണനയുമൊക്കെയാണ് ആ ഘടകങ്ങള്‍.

യൂറോപ്പിലെ താരതമ്യേന പാവപ്പെട്ട ഒരു രാജ്യമായിരുന്നു നാല്പത് വർഷം മുൻപ് വരെ ഫിൻലാന്‍ഡ്. കുറെ നാൾ സ്വീഡനും പിന്നെ റഷ്യയും ഒക്കെ കയ്യടക്കി വച്ചിരുന്ന രാജ്യത്തിന്റെ സ്ഥിതി പക്ഷെ ഇന്ന് അങ്ങനെയല്ല. ഇന്ന് വികസിതവും സമ്പന്നവുമായ രാജ്യവുമാണ് ഫിൻലാന്‍ഡ്. അവർ വ്യാവസായികമായി വൻ പുരോഗതി കൈവരിച്ചുകഴിഞ്ഞു. പുരോഗതിയുടെ ഏതു അളവുകോൽ എടുത്താലും ഫിൻലാന്‍ഡ്  ലോക രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിൽ ഒന്നായിരിക്കും. ലോകത്തിലെ അഴിമതി രഹിത രാജ്യങ്ങളിൽ ഒന്നാം സ്ഥാനമാണ് ഫിൻലാൻഡിന്. ശിശുമരണ നിരക്ക്‌ ഏറ്റവും കുറവുള്ള രാജ്യം. ഏറ്റവും നല്ല ജീവിത നിലവാരവും, മികച്ച വിദ്യാഭ്യാസവും, ചികിത്സയും, പെൻഷനും പൗരന്മാർക്ക് നൽകുന്ന രാജ്യം. അങ്ങനെ വിശേഷണങ്ങളൊരുപാടുണ്ട് ഫിൻലാന്‍ഡിന്. 

തൊഴിൽ ഇല്ലാത്തവർക്ക് മാസംതോറും 587 ഡോളർ കൊടുക്കുന്ന പദ്ധതിയും ഫിൻലാന്‍ഡിലെ ഗവണ്മെന്റ് അടുത്തിടെ തുടങ്ങിയിട്ടുണ്ട്. കറുത്ത വർഗക്കാരോടോ ഇന്ത്യക്കാരോടോ ഏതെങ്കിലുമൊരു മത വിഭാഗത്തിൽപെട്ട ആളുകളോടോ ഇവർക്ക് ഒരു വിവേചനവുമില്ല. വണ്ടികളിൽ ഹോണുകൾ ആരും തന്നെ ഇവിടെ ഉപയോഗിക്കാറില്ല. പൊതു ഗതാഗത സൗകര്യങ്ങളിൽ കൂടുതൽ പേരും ആശ്രയിക്കുന്ന ഇവിടെ പ്രധാന ഗതാഗത മാർഗങ്ങൾ ട്രാം, മെട്രോ, ബസ്, സൈക്കിൾ, ട്രെയിൻ, ക്രൂയിസ് കപ്പലുകൾ, ബോട്ടുകൾ എന്നിവയൊക്കെയാണ്.

വിദ്യാഭ്യാസം, സന്തോഷ സൂചിക, മനുഷ്യമൂലധനം, ആയുർദൈർഘ്യം എന്നിവയിലെല്ലാം മുൻപന്തിയിലാണ് ഫിൻലാന്‍ഡ്. കളവ്, വഞ്ചന, ചതി എന്നിവയൊക്കെയുളള ആളുകള്‍ വളരെ പരിമിതമായെ ഫിൻലാന്‍ഡിലുളളു എന്ന് പറഞ്ഞാല്‍ വളരെ വിചിത്രമായി തോന്നിയേക്കാം. മദ്യപാനത്തിലും പുകവലിയിലും ഒട്ടും പിന്നിലല്ല ഇവർ. എന്നാലത് കടുത്ത തണുപ്പിൽനിന്ന്  രക്ഷനേടാനാണ് എന്നാണ് ഫിൻലാന്‍ഡുകാർ പറയുന്നത് !

ഭക്ഷണത്തെ വളരെ ഗൌരവത്തോടെ സമീപിക്കുന്നവരാണ് ഫിൻലാന്‍ഡുകാർ. എന്തും വലിച്ചുവാരി കഴിക്കുകയല്ല നയം. ജീവിക്കാന്‍ വേണ്ടി മാത്രം കഴിക്കുന്നു എന്നുവേണമെങ്കില്‍ പറയാം. പക്ഷേ കോഫി ധാരാളം കുടിക്കും. ശരാശരി ഒരു ഫിൻലാന്‍ഡുകാരന്‍ ഒരു ദിവസം 6 കപ്പ്‌ കോഫിയെങ്കിലും കുടിക്കുമെന്നാണ് കണക്ക്.

ചുരുക്കിപ്പറഞ്ഞാല്‍ മാനവശേഷി വികസനമാണ് ഫിൻലാൻഡിന്റെ വികസനത്തിന്റെ ആണിക്കല്ല്. അതിനുവേണ്ടി ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാന്‍ അവർക്ക് യാതൊരു മടിയുമില്ല. ഇതിനൊക്കെ നേതൃത്വം നൽകുന്നത് ചെറുപ്പക്കാരായ മന്ത്രിമാരാണ്. അധ്യാപകരാണ് ഫിൻലാൻഡിന്റെ വിജയത്തിന്റെ രഹസ്യം. ഫിൻലാന്‍ഡിലെ പുതിയ തലമുറ നല്ല അധ്യാപകരാകുന്നതാണ് സ്വപ്നം കാണുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More