ഒരു കടലാസും കയ്യിൽ കരുതാതെ ചോദ്യങ്ങളോടു കൃത്യമായി പ്രതികരിക്കുന്ന നേതാവ്- കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ്‌ ഐസക്

മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക്. ജനകീയാസൂത്രണത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് പി.കെ കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് തോമസ് ഐസക് പറയുന്നത്. ജനകീയാസൂത്രണം മലപ്പുറത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമണ്ഡലത്തിൽ വരുത്താവുന്ന നാടകീയ മാറ്റത്തെക്കുറിച്ച് കുഞ്ഞാലിക്കുട്ടിക്ക് നല്ല ബോധ്യമുണ്ടായിരുന്നുവെന്നും ജനകീയാസൂത്രണത്തോട് മുസ്ലിംലീഗ് നല്ല രീതിയില്‍ സഹകരിച്ചിരുന്നുവെന്നും അതിന് കാരണം പി. കെ. കുഞ്ഞാലിക്കുട്ടിയാണെന്നും തോമസ് ഐസക് പറയുന്നു. ജനകീയാസൂത്രണത്തിന്‍റെ രണ്ടാംഘട്ട പരിശീലനവേളയിൽ പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാമർശിക്കുന്ന ഭാഗം വിവാദമായപ്പോള്‍ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ താന്‍ ആദ്യം വിളിച്ചത് കുഞ്ഞാലിക്കുട്ടിയെയായിരുന്നുവെന്നും ഐസക് ഓര്‍ക്കുന്നു.

തോമസ് ഐസക് എഴുതുന്നു:

മുസ്ലിംലീഗ് പൊതുവിൽ ജനകീയാസൂത്രണത്തോടു നല്ലരീതിയിൽ സഹകരിച്ചിരുന്നു. ഇതിന്റെ മുഖ്യകാരണം ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി സ്വീകരിച്ച സമീപനമാണ്. 29-ാം വയസ്സിൽ 1980-ൽ അദ്ദേഹം മലപ്പുറം മുനിസിപ്പാലിറ്റിയുടെ ചെയർമാനായി. 1982-ൽ എംഎൽഎ ആയെങ്കിലും ചെയർമാൻ സ്ഥാനവും തുടർന്നു. ഈ രണ്ട് പദവികളും മലപ്പുറം നഗരത്തിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തി ഗവൺമെന്റ് കോളേജിൽ പ്രവർത്തിച്ചിരുന്ന മലപ്പുറം കളക്ട്രേറ്റ് ഇന്നത്തെ സ്ഥാനത്തേയ്ക്കു മാറ്റിസ്ഥാപിച്ചത് അക്കാലത്താണ്. വനിതാ കോളേജ്, കോട്ടമൈതാന നവീകരണം, ഷോപ്പിംഗ് കോംപ്ലക്സ്, പല പ്രധാനപ്പെട്ട റോഡുകൾ തുടങ്ങിയവയിലെല്ലാം ചെറുപ്പക്കാരനായ അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ടായിരുന്നു. 

എംഎസ്എഫിന്റെ പ്രവർത്തകനായിട്ടാണു രാഷ്ട്രീയ രംഗപ്രവേശനം. സംസ്ഥാന ട്രഷറർ ആയി. ഫറൂഖ് കോളേജ് യൂണിയൻ സെക്രട്ടറിയായി. എങ്കിലും രാഷ്ട്രീയ മേഖലയിൽ അറിയപ്പെടുന്ന വ്യക്തിത്വമായി മാറിയത് മലപ്പുറം മുനിസിപ്പൽ ചെയർമാൻ എന്ന നിലയിലാണ്.

ജനകീയാസൂത്രണം മലപ്പുറത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമണ്ഡലത്തിൽ വരുത്താവുന്ന നാടകീയ മാറ്റത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. ആദ്യമായിട്ടാണു ജില്ലയ്ക്ക് ജനസംഖ്യാനുപാതികമായ സാമ്പത്തിക സഹായം സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കുന്നത്. ഇതു സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നതുകൊണ്ട് രാഷ്ട്രീയ അഭിപ്രായവ്യത്യാസമെല്ലാം ഉണ്ടായിരുന്നുവെങ്കിലും ജനകീയാസൂത്രണത്തോടു പൂർണ്ണമായും സഹകരിക്കുന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. മലപ്പുറം ജില്ലയിലെ ജനകീയാസൂത്രണ നടത്തിപ്പു സംബന്ധിച്ച് പലവട്ടം ഞങ്ങൾ അദ്ദേഹവുമായി കൂടിയാലോചിച്ചിട്ടുണ്ട്. 

ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് അനുയോജ്യരായിട്ടുള്ള യുവരാഷ്ട്രീയ പ്രവർത്തകരെ കെആർപിമാരായി അദ്ദേഹം തെരഞ്ഞെടുത്തു. ഞങ്ങൾ പ്ലാനിംഗ് ബോർഡിൽ നിന്നും തെരഞ്ഞെടുത്തതാകട്ടെ ഒട്ടുമിക്കപേരും പരിഷത്ത് പ്രവർത്തകരായിരുന്നു. അതിൽ ഒരു അലോഹ്യവും അദ്ദേഹം പ്രകടിപ്പിച്ചില്ല. മലപ്പുറം ജില്ലയിൽ നിന്നുള്ള കെആർപിമാർ ഒരു ടീമായിതന്നെ പ്രവർത്തിച്ചു. ഇത് ഫലപ്രദമായ ആസൂത്രണത്തിനും പദ്ധതി നിർവ്വഹണത്തിനും വഴിയൊരുക്കി.

രണ്ടാംഘട്ട പരിശീലനവേളയിൽ കൈപ്പുസ്തകത്തിൽ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാമർശിക്കുന്ന ഒരു ഭാഗമുണ്ടായിരുന്നു. അതു വിവാദമായി. കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ ഞാൻ ആദ്യം ചെയ്തത് ശ്രീ. കുഞ്ഞാലിക്കുട്ടി സാഹിബിനെ ഫോൺ ചെയ്യുകയായിരുന്നു. ഇനി കൈപ്പുസ്തകം അച്ചടിക്കുകയാണെങ്കിൽ വിവാദഭാഗങ്ങൾ ഒഴിവാക്കണമെന്ന ധാരണയിൽ പ്രശ്നം തീർത്തു. ഒരു പത്രത്തിലും ഇതു വാർത്തയുമായില്ല.

ജനകീയാസൂത്രണത്തിനു തൊട്ടുമുമ്പ് അദ്ദേഹമായിരുന്നു മുനിസിപ്പൽ മന്ത്രി. 8 തവണ നിയമസഭാ അംഗമായി. ഒരു തവണ പാർലമെന്റ് അംഗവും. 5 മന്ത്രിസഭകളിൽ അംഗമായി. ഏറ്റവും കൂടുതൽകാലം വ്യവസായ മന്ത്രിയായി ഇരുന്നിട്ടുള്ളത് ശ്രീ. കുഞ്ഞാലിക്കുട്ടിയാണ്. 2001-06 കാലത്ത് വ്യവസായ വകുപ്പിനോടൊപ്പം ഐറ്റി വകുപ്പും അദ്ദേഹത്തിനായിരുന്നു. അക്കാലത്താണ് അക്ഷയ പ്രസ്ഥാനം ആരംഭിക്കുന്നത്. 

ഇക്കഴിഞ്ഞ 18-ന് പഞ്ചായത്ത് ദിനാഘോഷവുമായി ബന്ധപ്പെട്ട് ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികാഘോഷങ്ങൾ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം തുറന്നു സമ്മതിച്ചു. “കേരളത്തിലെ സാധാരണ ജനജീവിതത്തെ മുന്നോട്ടുനയിക്കുന്നതിൽ ശക്തമായ ഇടപെടൽ നടത്തിയ പദ്ധതിയാണ് ജനകീയാസൂത്രണം.” തദ്ദേശഭരണ വകുപ്പിന്റെ ഏകീകരണവും കോമൺ കേഡറിന്റെ രൂപീകരണവും അദ്ദേഹം സ്വാഗതം ചെയ്തു. സാധാരണ ജനങ്ങളുടെ സേവനാവകാശങ്ങൾ വേഗതയിൽ ലഭ്യമാക്കാൻ ഈ മാറ്റം സഹായിക്കും. എന്നാൽ ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ ആവശ്യമായ മാറ്റം വരുത്താനുള്ള ഇടപെടൽ വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിയമസഭയിൽ ആയാലും പുറത്തായാലും തൽസമയ പ്രസംഗമാണു ശൈലി. നിയസഭയിൽ ചോദ്യങ്ങൾക്കു മറുപടി പറയുമ്പോഴും അങ്ങനെ തന്നെ. ഒരു കടലാസും കൈയ്യിൽ ഉണ്ടാവില്ല. പക്ഷെ കൃത്യമായി ചോദ്യങ്ങളോടു പ്രതികരിക്കുകയും ചെയ്യും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Politics

പരാതി ഉന്നയിച്ച ഏരിയാ സെക്രട്ടറിയെ മാറ്റി; പയ്യന്നൂർ സിപിഎമ്മിൽ പൊട്ടിത്തെറി

More
More
Web Desk 1 week ago
Politics

മുഖ്യമന്ത്രി മുണ്ടുടുത്ത മോദിയെന്ന് സതീശന്‍, പൊതുശല്യമെന്ന് ചെന്നിത്തല

More
More
Web Desk 2 weeks ago
Politics

വിരട്ടാനൊന്നും നോക്കേണ്ട. ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല - പിണറായി വിജയൻ

More
More
Web Desk 2 weeks ago
Politics

ഇനിയെങ്കിലും രാജിവയ്ക്കാനുള്ള ബുദ്ധി തെളിയുമെന്ന് കരുതുന്നു; പിണറായിയുടെ സോളാര്‍ കാല കുറിപ്പുകള്‍ കുത്തിപ്പൊക്കി സതീശന്‍

More
More
Web Desk 1 month ago
Politics

'അതൊരു കൊളോക്കിയൽ ഉപമ, പിന്‍വലിക്കുന്നു'; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ സുധാകരന്‍

More
More
News Desk 1 month ago
Politics

ആപ് - ട്വന്‍റി ട്വന്‍റി സഖ്യത്തെ തള്ളി യുഡിഎഫും എല്‍ഡിഎഫും

More
More