ഋതുഭേദങ്ങളിലെ ക്രിസ്തു ജിബ്രാന്‍റെ കല്പനയല്ല- പി പി ഷാനവാസ്

Vlll

മണ്ണടരില്‍ നിന്ന് സംഭവങ്ങളെ കുഴിച്ചെടുക്കുന്ന ഹാരിസ് മാട്രിക്സ്

ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്‍റേതില്‍ നിന്ന് വ്യത്യസ്തമായി പട്ടണം ഉദ്ഖനനങ്ങളില്‍ വ്യത്യസ്തമായ രീതിശാസ്ത്രമാണ് പിന്തുടരുന്നത്. പുരാവസ്തു വകുപ്പ് പഴയ ബ്രിട്ടീഷ് ശൈലിയിലുള്ള രീതിശാസ്ത്രമാണ് ഉപയോഗിക്കുന്നത്. പട്ടണത്ത് ഏറ്റവും ആധുനികമായ ഹാരിസ് മാട്രിക്സ് രീതിശാസ്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു തലത്തിലെ സാംസ്കാരിക മണ്ണടരില്‍ നിന്ന് കണ്ടുകിട്ടുന്ന ആര്‍ട് ഫാക്റ്റുകള്‍ എല്ലാം ഒന്നായി പരിഗണിച്ച് തരം തിരിക്കുന്ന രീതിയാണ് പഴയതരത്തിലുള്ള രീതിശാസ്ത്രം പിന്തുടരുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇപ്പോഴും കുറ്റമറ്റ രീതിയില്‍തന്നെ ഈ സമ്പ്രദായം പ്രയോഗിച്ചു പോരുന്നുണ്ട്. എന്നാല്‍ ഒരോ മണ്ണടരിലെയും കാലപരിഗണനയില്‍ സംഭവിച്ച വ്യത്യസ്ത സംഭവങ്ങളെ വ്യത്യസ്തങ്ങളായി പരിഗണിച്ച് ലോക്കസുകള്‍ തിരിക്കുന്ന രീതിയാണ് പട്ടണത്തു പ്രയോഗിക്കുന്നത്. ഇങ്ങിനെ കിട്ടുന്ന വിവരങ്ങളെ ലോക്കസുകള്‍ തമ്മിലുള്ള ബന്ധങ്ങളെയും പാരസ്പര്യങ്ങളെയും പരിഗണിച്ച് ഹാരിസ് മാട്രിക്സ് രീതിശാസ്ത്രമുപയോഗിച്ച് വിശകലനം ചെയ്യുന്നു. ഇത് ക്രോണോളജിക്കലായ, ലംബമാനത്തിലുള്ള സാംസ്കാരിക മണ്ണടരുകളുടെ വിശകലനത്തോടൊപ്പം, ഒരേ മണ്ണടരിലെ സവിശേഷമായ സംഭവങ്ങളെയും പരിഗണനയ്ക്കെടുക്കുന്നു. അവയെ വ്യത്യസ്തമായ ലോക്കസുകളായി കണക്കാക്കാൻ അവസരം നല്‍കുന്നു. വ്യത്യസ്തമായ ലോക്കസുകള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍ നിര്‍ദ്ധാരണം ചെയ്യുന്നതിലൂടെ ട്രഞ്ചിലെ ഒരു സാംസ്കാരിക മണ്ണടരില്‍ പരിഗണിക്കുന്ന കാലമല്ലാതെ, പിന്നീടു നടന്ന സംഭവങ്ങള്‍ കൂടി മനസിലാക്കാന്‍ സഹായിക്കുന്നു. സങ്കീര്‍ണമാണെങ്കിലും കൂടുതല്‍ വ്യക്തതയും ശാസ്ത്രീയവുമാണ് ഹാരിസ് മാട്രിക്സ് രീതി.

ഹാരിസ് മാട്രിക്സ് മെത്തേഡ് പട്ടണം ഗവേഷണത്തിന്‍റെ രീതിശാസ്ത്രമായി പരിഗണിക്കുക വഴി ഏറ്റവും ആധുനികമായ സമ്പദ്രായമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത് എന്നു കരുതാം. ഈ രീതിശാസ്ത്രം ക്രോണോളജിക്കലായി ചരിത്രം പരിശോധിക്കുന്നതിനു പുറമെ, ലീനിയര്‍ ആയുള്ള പരിഗണനകള്‍ക്കു പുറമെ, തിരശ്ചീനമായും വിലങ്ങനെയുമുള്ള എല്ലാ ബന്ധങ്ങളെയും പാരസ്പര്യങ്ങളെയും വിശകലനം ചെയ്യാനും സഹായിക്കുന്നു. ഒരു നിശ്ചിത ചരിത്രഘട്ടത്തെ പ്രതിനിധീകരിക്കുന്ന സാംസ്കാരിക മണ്ണടരില്‍ പില്‍ക്കാലത്ത് നടന്ന സംഭവങ്ങളുടെ അവശിഷ്ടങ്ങളും കാണാം എന്നിരിക്കെ, ഇങ്ങിനെ ട്രഞ്ചില്‍ കാണുന്ന സവിശേഷ പ്രദേശങ്ങളെ പ്രത്യേക ലോക്കസ് ആയി പരിഗണിക്കുക വഴി, ട്രഞ്ചിനു കുറുകെ സംഭവിച്ച താരതമ്യേനെ ആധുനികമായ കാര്യങ്ങള്‍ വേര്‍തിരിച്ച് മനസിലാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, മണ്ണിന്‍റെ നിറവും സ്വഭാവവും അവിടെയുള്ള വസ്തുവകകളും കുഴികളും പരിഗണിച്ച് വ്യത്യസ്തമായ ലോക്കസുകളില്‍ സ്പേസിനെ വേര്‍തിരിച്ച് കാലഗണന നിശ്ചയിക്കുന്ന രീതി, ട്രഞ്ചിനെ കൂടുതല്‍ സൂഷ്മമായി വിശകലനം ചെയ്യാനും, താരതമ്യപഠനത്തിലൂടെ ഒരു കാലഘട്ടത്തിനെ അതിന്‍റെ സങ്കീര്‍ണതയില്‍ മനസിലാക്കാനും പ്രാപ്തമാക്കുന്നു. ശരിയായി തിരിച്ചറിയാതെ പ്രയോഗിച്ചാല്‍ പക്ഷേ നിഗമനങ്ങളില്‍ തെറ്റുകളിലേക്കു നയിക്കാനും ഈ രീതിശാസ്ത്രം വഴിവെച്ചു എന്നു വരാം. ട്രഞ്ച് സൂപ്പര്‍വൈസര്‍മാര്‍ എന്ന നിലയില്‍ ഇന്‍റ്യൂടീവ് ആയ കാര്യങ്ങളില്‍ ശരത്ത് തന്‍റെ വൈഭവം പ്രകടിപ്പിച്ചപ്പോള്‍ വിജിമോള്‍ നല്ല വിശകലന പാടവം കാണിച്ചു. കെസിഎച്ച്ആര്‍ ജീവനക്കാരന്‍ കൂടിയായ ദിനേഷ് കൃഷ്ണന്‍ ട്രഞ്ച് എടുക്കുന്നതിലും കാര്യങ്ങളെ വിശകലനം ചെയ്യുന്നതിലും മണ്‍പാത്രക്കഷ്ണങ്ങളുടെ ഡ്രോയിങിലൂടെ അവയുടെ യഥാര്‍ത്ഥ രൂപം പുന:സൃഷ്ടിക്കുന്നതിലും മിടുക്കനാണെങ്കിലും, കെഎസിഎച്ച്ആറിന്‍റെ ഓഫീസ് ചുമതലകള്‍ അദ്ദേഹത്തെ ട്രഞ്ചിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തി. എങ്കിലും പ്രാദേശിക മണ്‍പാത്രക്കൂട്ടത്തിന്‍റെ ആ ചാകര ലഭിച്ചപ്പോള്‍ എല്ലാവരും സജീവമായി. ഏതാനും പാത്രക്കഷ്ണങ്ങള്‍ ഡ്രോയിങ്, സൈറ്റില്‍ നിന്നുതന്നെ വരയ്ക്കാനും സന്തോഷ് തയ്യാറായി. എന്‍റെ വോളണ്ടിയര്‍ നിരീക്ഷണ കാലത്തെയും പുരാവസ്തു പഠനത്തെയും ഇവരെല്ലാവരും ചേര്‍ന്ന് സമ്പന്നവും സജീവവുമാക്കി.

നാലു ഋതുക്കളില്‍ നാലു നിലയില്‍ ജീവിച്ചിരുന്ന ക്രിസ്തു

ഖനന പ്രവര്‍ത്തനങ്ങള്‍ക്കിടെ ചെറിയാന്‍ സാറിന് ഇസ്രായേലില്‍ ഒരു പുരാവസ്തു സെമിനാറില്‍ പങ്കെടുക്കാനുള്ള ചീട്ടു വന്നു. അദ്ദേഹത്തെ യാത്രയയയ്ക്കാന്‍ ഞാനും നെടുമ്പാശേരി വിമാനത്താവളത്തില്‍ പോയി. അദ്ദേഹം തിരിച്ചുവന്നത് നെബാടിയന്‍ ജനതയുടെ തലസ്ഥാനപ്രദേശമായിരുന്ന പെട്ര എന്ന ജോര്‍ദാനിലെ റോമന്‍ സെറ്റില്‍മെന്‍റുകളുടെ ആര്‍ക്കിയോളജി അനുഭവങ്ങളുമായായിരുന്നു. റോമന്‍ സാമ്രാജ്യ വിപുലീകരണത്തിന്‍റെ ഘട്ടങ്ങളും അവര്‍ വാണിജ്യപാതകള്‍ ഉണ്ടാക്കിയ ജോര്‍ദാന്‍റെയും ഇസ്രായേലിന്‍റെയും അതിര്‍ത്തി പ്രദേശങ്ങളും എല്ലാം വിവരിച്ചുതന്നുകൊണ്ടും അവിടെ നിന്ന് പകര്‍ത്തിയ ഫോട്ടോഗ്രാഫുകള്‍ കാണിച്ചും അദ്ദേഹം ഞങ്ങളുമായി യാത്രാനുഭവങ്ങള്‍ പങ്കുവെച്ചു. അവിടെ നിന്നു വാങ്ങിയ, ആ സൈറ്റുകളില്‍ നിന്നു ലഭിച്ച ആര്‍ട് ഫാക്ടുകളുടെ പകര്‍പ്പുകള്‍ ഞങ്ങള്‍ക്കു കാണിച്ചുതന്നു. അവയില്‍ ക്രിസ്തു ലോടിനെപ്പോലുള്ള ഒരു സംഗീതോപകരണം പിടിച്ചുനില്‍ക്കുന്ന ദൃശ്യം കൊത്തിവെച്ച ഒന്ന് എനിക്കേറെ ഇഷ്ടപ്പെട്ടു. നാലു ഋതുക്കളില്‍ നാലു നിലയില്‍ ജീവിച്ചിരുന്ന ക്രിസ്തുവിന്‍റെ ഒരു ഋതു സംഗീതസാന്ദ്രമായിരുന്നു എന്ന് ഖലീല്‍ ജിബ്രാന്‍റെ പ്രശസ്തമായ മനുഷ്യപുത്രനായ യേശുവില്‍ നിന്ന് വായിച്ചിരുന്നു. ഏറെ ഗവേഷണം ചെയ്തെഴുതിയ ആ നോവലില്‍ എന്നാല്‍, ക്രിസ്തുവിന്‍റെ ഋതു മാറിയുള്ള ജീവിതങ്ങള്‍ എന്നത് ജിബ്രാന്‍റെ ഭാവനയായിരിക്കാം എന്നാണ് കരുതിയത്. എന്നാല്‍ ക്രിസ്തുവിന്‍റെ ജന്മനാട്ടില്‍ നിന്നുള്ള ഈ നാണയത്തില്‍ കൊത്തിയ സംഗീതകാരനായ ക്രിസ്തുവിന്‍റെ രൂപം, അത് ജിബ്രാന്‍റെ ഭാവനയല്ല എന്നു വ്യക്തമാക്കി. കഥയെ കാര്യമാക്കുന്നതാണ് പലപ്പോഴും പുരാവസ്തുڋശാസ്ത്രത്തിന്‍റെ വിസ്മയം. പുരാണങ്ങളും കഥകളും മിത്തുകളുമായുള്ള പരിചയം പുരാവസ്തുകാരനെ കൂടുതല്‍ ശാസ്ത്രീയവും ഭാവനാപൂര്‍ണവുമായ നിഗമനങ്ങളില്‍ എത്താന്‍ സഹായിക്കുമെന്ന് കേസരി എ ബാലകൃഷ്ണപിള്ള ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ പൗരാണികതയുടെയും വേദപുസ്തകങ്ങളുടെയും കാര്യം ജനങ്ങളുടെ വിശ്വാസവുമായി ചേര്‍ന്നു നില്‍ക്കുന്നു എന്ന കാരണത്താല്‍ ഭൗതികശാസ്ത്രം അവയുടെ റഫറന്‍സ് മുഖവിലക്കെടുക്കാത്ത സ്ഥിതി അക്കാദമിക ലോകത്ത് പൊതുവെയുണ്ട്. അതിനാല്‍ മധ്യകാലം മുഴുവന്‍ അക്കാദമിക ലോകത്തിന് കെട്ടുകഥയോ ഫാന്‍റസിയോ അന്ധവിശ്വാസ ജഡിലമായ ജീവിതമോ മാത്രമാണ്.

പോയകാലത്തെ പൈശാചികവല്‍ക്കരിച്ച ആധുനികത 

ആധുനികത ഇങ്ങിനെ, പോയ കാലത്തെ പൈശാചികവല്‍ക്കരിച്ചുകൊണ്ടാണ് നിലവില്‍ വന്നത്. ആ കാലം സൃഷ്ടിച്ച സാഹിത്യങ്ങളോടും ഇതേ നിലപാടുതന്നെയാണ് ആധുനികതയ്ക്ക്. ഇതാണ് പുരാണത്തിലെ പുരാണവും ചരിത്രവും പുരാവസ്തുശാസ്ത്രവുമായി ചേര്‍ത്തുള്ള വായന അക്കാദമിക ലോകത്തിന് അന്യമാക്കുന്നത്. യൂറോപ്യന്‍ എംപിരിക്കല്‍ രീതിശാസ്ത്രം ചെന്നെത്തി നില്‍ക്കുന്ന പ്രതിസന്ധിയില്‍ നിന്ന് നമ്മുടെ പുരാവസ്തുഗവേഷകര്‍ക്ക് മുക്തരാകാന്‍ കഴിഞ്ഞിട്ടില്ല എന്നു വേണം കരുതാന്‍.  

ക്രിസ്തുവിന്‍റെ ജനനം ആസ്പദമാക്കി നിര്‍മിച്ച യുഗസംക്രമണങ്ങളെ കോമണ്‍ ഇറയിലേക്കു മാറ്റാനുള്ള ശ്രമം നമ്മുടെ സെക്കുലര്‍ പാപ്പരത്തത്തിന്‍റെ ഉത്തമ ഉദാഹരണങ്ങളിലൊന്നാണ്. ചെറിയാന്‍ സാറുമായി ഞാന്‍ ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം തന്‍റെ വിദേശ സെമിനാര്‍ അനുഭവങ്ങള്‍ മറുപടിയായി പറഞ്ഞു. ബ്രിട്ടീഷ് പുരാവസ്തുഗവേഷകര്‍ ക്രിസ്തുവിന് മുമ്പ്, ശേഷം എന്നതിന് കോമണ്‍ ഇറ, ബിഫോര്‍ കോമണ്‍ ഇറ എന്നു പറയുമ്പോള്‍ അമേരിക്കക്കാര്‍ ചോദിക്കുമത്രെ എന്തുകൊണ്ട് ക്രിസ്തുവിനു മുമ്പ്, ശേഷം എന്നു പറഞ്ഞുകൂടാ എന്ന്. പരികല്‍പനകള്‍ സെക്കുലര്‍വല്‍ക്കരിക്കണം എന്നാകും ഇതിന് ന്യായം. അതെങ്ങിനെ? കാലപരിഗണനയ്ക്ക് ക്രിസ്തുവിന്‍റെ ജനനം തന്നെ ആസ്പദമാക്കിയിരിക്കുമ്പോള്‍ കേവലം നാമമാറ്റം കൊണ്ട് എങ്ങിനെ സെക്കുലറാകും? കോമണ്‍ ഇറ എന്നു പറയുമ്പോള്‍ ക്രിസ്തുവിന്‍റെ ജനനം ആസ്പദമാക്കുന്ന യൂറോപ്യന്‍ കലണ്ടറിനെ സാര്‍വദേശീയമാക്കുകയാണു ചെയ്യുന്നത്. ഇപ്രകാരം മതവ്യവഹാരത്തിനെ ഒഴിവാക്കാനുള്ള സെക്കുലര്‍ ശ്രമങ്ങള്‍ പാപ്പരത്തത്തില്‍ വീണുപോകുന്നു. ഈ പാപ്പരത്തത്തെ ഒഴിവാക്കാനാണ് പൗരാണിക സാഹിത്യത്തില്‍ സൂക്ഷ്മാലുക്കളാകാന്‍ കേസരി ഉപദേശിക്കുന്നത്. ഏതായാലും ആ കൊത്തുപണി കണ്ടതോടെയാണ് ജിബ്രാന്‍റെ യേശുചരിതം എത്രമാത്രം ഹൃദ്യവും സത്യസന്ധവുമാണെന്നു ബോധ്യപ്പെട്ടത്. വാക്കുകളേക്കാള്‍ ദൃശ്യത്തെളിവിന് സത്യത്തിലേക്ക് എത്തിച്ചേരാനുള്ള സിദ്ധിയെ അനുഭവിച്ചു. ആ ആര്‍ട് ഫാക്ടിന്‍റെ ഒരു ഭാഗത്ത് ലോടുപോലുള്ള ഒരു സംഗീതോപകരണം കയ്യിലേന്തിയ ക്രിസ്തുവിന്‍റെയും മറുഭാഗത്ത് കുഞ്ഞേശുവിനെ കയ്യിലേന്തി നില്‍ക്കുന്ന മറിയമിന്‍റെയും രൂപങ്ങള്‍ കൊത്തിയിരുന്നു. പെട്രായിലെ ഉദ്ഖനനത്തില്‍ നിന്നു ലഭിച്ച നാണയത്തിന്‍റേയോ മറ്റോ പകര്‍പ്പായിരുന്നു അത്.

വികസനം എന്നു കേള്‍ക്കുമ്പോള്‍ റോഡ് വെട്ടാന്‍ തോന്നുന്ന മോഹം പുതിയതല്ല 

അറേബ്യയുമായി റോമിനെ ബന്ധിപ്പിച്ചിരുന്ന ഈ സൈറ്റുകളിലൂടെ, റോമന്‍ ഭടന്മാര്‍ കാവല്‍ നിന്നുപോന്ന വലിയ റോഡുകളുടെ പടങ്ങളും ചെറിയാന്‍ സാര്‍ കാണിച്ചുതന്നു. ഏത് പ്രദേശവും തങ്ങളുടെ അധീനതയിലായാല്‍ അഗസ്റ്റീസ് സീസര്‍ അവിടെ വലിയ റോഡുകള്‍ നിര്‍മിക്കുകയാണു പതിവെന്ന് ചെറിയാന്‍ സാര്‍ പറഞ്ഞു. ഗതാഗത മാര്‍ഗങ്ങളുടെ വിപുലീകരണം സാമ്രാജ്യത്വ വിപുലീകരണത്തിന്‍റെ, അധിനിവേശങ്ങളുടെ വ്യാപാര താല്‍പര്യങ്ങളുടെ ആദ്യ പ്രവൃത്തികളിലൊന്നാണ്. വികസനം എന്നു കേള്‍ക്കുമ്പോള്‍ റോഡ് വെട്ടാന്‍ തോന്നുന്ന ആ സാമ്രാജ്യത്വ മോഹങ്ങള്‍ പുത്തന്‍ മുതലാളിത്തത്തിന്‍റെ രൂപത്തില്‍ ഇന്നും തുടരുകയാണല്ലോ. ഏഷ്യന്‍ ഇടനാഴി എന്ന പേരിലുള്ള എ ഡി ബിയുടെ റോഡുകളും നമ്മുടെ ലോകബാങ്ക് പണത്തിന്‍റെ ഇടവഴികളെല്ലാം റോഡാക്കുന്ന പദ്ധതിയും മോദി മുതൽപേരുടെ വികസനത്തിന്റെ പാതകളുമെല്ലാം സാമ്രാജ്യത്വത്തിന്‍റെ പഴയകാല വഴികളുടെ ആവര്‍ത്തനമാണെന്ന് ചെറിയാന്‍ സാറിന്‍റെ ആ വസ്തുതാകഥനം എന്നെ ഓര്‍മിപ്പിച്ചു. റോമിന്‍റെ കാലത്തിനുശേഷം ഇസ്ലാമിക സാമ്രാജ്യം കടന്നുവന്നപ്പോള്‍ ജോര്‍ദാനിലും സിറിയയിലും ഇസ്രായേലിലുമായി കിടക്കുന്ന ഈ സൈറ്റുകള്‍ ഖലീഫൈറ്റുകളുടെ കീഴിലായി. അങ്ങിനെ സാമ്രാജ്യ വിപുലീകരണങ്ങളുടെയും പടയോട്ടങ്ങളുടെയും സംഘര്‍ഷങ്ങളുടെയും സര്‍വോപരി കുരിശുയുദ്ധങ്ങളുടെയും ആ വ്യപാരപഥങ്ങള്‍ ഒരര്‍ത്ഥത്തില്‍ കൗതുകമായും മറ്റൊരര്‍ത്ഥത്തില്‍ മനുഷ്യന്‍റെ ദുരയുടെയും സാമ്രാജ്യമോഹങ്ങളുടെയും അധികാരമോഹങ്ങളുടെയും അടയാളങ്ങളായും മനസില്‍ പതിഞ്ഞു.

ട്രഞ്ചിലെ പണിയും ഊണും ചര്‍ച്ചയും കഴിഞ്ഞാല്‍ വിശ്രമം. ഉറക്കമുണരുമ്പോള്‍ ചായയും പലഹാരവുമായി പയ്യന്‍ വരും. പിന്നെ പരിസര പ്രദേശത്തൂടെ സൈക്കിളോട്ടം. പട്ടണം ഗവേഷകര്‍ക്കെല്ലാം പരിസരങ്ങള്‍ ചുറ്റിക്കാണാനും മറ്റുമായി സൈക്കിളുകള്‍ നല്‍കിയിരുന്നു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ സമ്പ്രദായത്തിന്‍റെ പരിചയത്തിൽ ചെറിയാന്‍ സാറിന്‍റെ ആശയമായിരുന്നു അത്. ഗ്രീന്‍ ആര്‍ക്കിയോളജി എന്ന നിലയില്‍ പദ്ധതിയെ പരിസ്ഥിതി സൗഹാര്‍ദപരമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കാമ്പയിനില്‍ പട്ടണത്തെ വീട്ടുമുറ്റങ്ങളില്‍ ഔഷധത്തോട്ടം വരെ വിഭാവന ചെയ്യുന്നുണ്ട്. സൈക്കിളുമായി ഞാന്‍ ചുറ്റുവട്ടമെല്ലാം കറങ്ങി. ചേന്ദമംഗലത്തെ തത്തപ്പിള്ളിപ്പുഴയുടെ കരയിലെ സിനഗോഗ്, ജങ്ഷനിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ മൂത്തകുന്നം ശങ്കരനാരായണ മൂര്‍ത്തി ക്ഷേത്രം, കോട്ടപ്പുറത്തെ പോര്‍ച്ചുഗീസ് കോട്ട, അവിടുത്തെ ഡച്ചുകാര്‍ തീര്‍ത്ത കുഷ്ഠരോഗ ചികിത്സാകേന്ദ്രമായിരുന്ന, ഇപ്പോള്‍ വിദ്യാലയമായി പ്രവര്‍ത്തിക്കുന്ന കെട്ടിടം, ബ്രിട്ടീഷുകാരുടെ കാലത്തെ ചര്‍ച്ച്, കടവുകള്‍ എന്നിവയെല്ലാം സന്ദര്‍ശിച്ചു. കോട്ടപ്പുറത്തും തത്തപ്പളളി കായല്‍ത്തീര സന്ദര്‍ശനത്തിനും ആദ്യമൊക്കെ ശരത്തും പിന്നെ പ്രൊജക്ട് ഫോട്ടോഗ്രാഫറായ മുഹമ്മദും കൂടെ വന്നു. ദീപക്കാഴ്ച കാണാന്‍ ചിലപ്പോഴൊക്കെ നീലീശേര്വം ക്ഷേത്രപരിസരത്ത് ഞാനൊറ്റയ്ക്ക് ചുറ്റിക്കറങ്ങി. ആ അമ്പലത്തിലെ ഉപപ്രതിഷ്ഠകളിലൊന്നില്‍ ഒരു ജൈനരൂപമുണ്ട്. അത് അമ്പലത്തിനു പിറകിലെ കുളത്തില്‍ നിന്ന് ഒരു കാലത്ത് കിട്ടിയത് പ്രതിഷ്ഠിച്ചതോ മറ്റോ ആണത്രെ. ജൈനസാന്നിധ്യത്തിന്‍റെ ഈ തെളിവ് ഉദ്ഖനനത്തിലും ലഭിച്ചിട്ടുണ്ട്. ജൈനമുനി എന്നര്‍ത്ഥം വരുന്ന അമണത്തൈ എന്ന ബ്രഹ്മി ലിപി കൊത്തിയ മണ്‍പാത്രക്കഷ്ണം ട്രഞ്ചുകളിലൊന്നില്‍ ഒരു സീസണില്‍ ലഭിക്കുകയുണ്ടായി. മുചിരി പ്രദേശത്ത് അഗസ്റ്റീസ് സീസറിന്‍റെ പേരില്‍ ഒരു ക്ഷേത്രം നിലവിലുണ്ടായിരുന്നു എന്ന കാര്യം പ്ലീനിയുടെ അക്കാലത്തെ വാണിജ്യ ഭൂപടത്തില്‍ കാണിക്കുന്നുണ്ട്. ഓരോ അധികാരസ്വരൂപവും മാറിവരുന്നതിനനുസരിച്ച് പ്രതിഷ്ഠകളുടെ സ്വഭാവവും ദേവാലയാധികാരവും മാറുന്നത് ആര്‍ക്കിയോളജിയും ഐക്കണോഗ്രഫി പഠനങ്ങളും സന്ധി ചെയ്യുന്ന സ്ഥലമാണ്.

പട്ടണം ഉദ്ഖനനത്തില്‍ വന്നുചേര്‍ന്ന പ്രതിസന്ധികള്‍  

ഏതായാലും നീലീശ്വരം ക്ഷേത്രത്തിന്‍റെ പ്രശാന്തത ഇപ്പോള്‍ ആള്‍ത്തിരക്കും ഭക്തിസാന്ദ്രതയും കവര്‍ന്നിട്ടുണ്ട്. ചുറ്റുമതില്‍ കെട്ടി അമ്പലത്തില്‍ പുന:പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി കുറേയായി ദേവസ്വവും പ്രദേശവാസികളും സര്‍ക്കാരും എല്ലാം ചര്‍ച്ചയിലായിരുന്നു. ഇത്തവണ പട്ടണത്തെത്തുമ്പോള്‍ അമ്പലത്തിലെ പുന:പ്രതിഷ്ഠാ ചടങ്ങുകള്‍ ആവേശപൂര്‍വ്വം നടക്കുകയാണ്. ചുറ്റുമതില്‍ കെട്ടി അമ്പലം സംരക്ഷിക്കുകയാണ്. വോളണ്ടിയര്‍ കാലത്തെ പട്ടണം വാസത്തിനിടയില്‍ പതുക്കെ മതമൗലികശക്തികള്‍ അവിടം പിടിച്ചടുക്കുന്നതിന്‍റെ സൂചനകള്‍ ഉണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ അമ്പലമുറ്റത്ത് സംഘ്പരിവാറിലെ യുവാക്കളുടെ അഭ്യാസ പരിശീലനവും നടന്നുപോന്നു. ഇതെല്ലാം ചേര്‍ന്ന് പ്രദേശത്ത് അസ്വസ്ഥതയുടെയും ആള്‍ത്തിരക്കിന്‍റെയും അവകാശവാദങ്ങളുടെയും വിമ്മിട്ടങ്ങള്‍ തീര്‍ത്തു.

ജനങ്ങളുടെ ഭീതിയും കുടിയൊഴിപ്പിക്കലിന്‍റെ ആശങ്കകളും പട്ടണത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ദിശയെക്കുറിച്ചുള്ള അവ്യക്തതകളും എല്ലാം ചേര്‍ന്ന് ഗവേഷണ പരിപാടികള്‍ ജനങ്ങള്‍ വളരെ സംശയത്തോടെ നോക്കിക്കാണുന്ന ഒരു കാലമുണ്ടായിരുന്നു. ചെറിയാന്‍ സാറിന്‍റെയും സംഘത്തിന്‍റെയും ഭരണ മിടുക്കുകൊണ്ടാണ് ഈ ആസ്വാസ്ഥ്യങ്ങളും സംശയഗ്രസ്ഥതയും ഭീതിയും പ്രതിരോധസന്നദ്ധതയും നിറഞ്ഞ പരിതസ്ഥിതിയില്‍ പട്ടണം ഗവേഷണങ്ങള്‍ മുന്നോട്ടു പോകാന്‍ ഇടയാക്കിയത് എന്നത് പ്രശംസനീയം തന്നെ. എന്നാല്‍ മുസിരിസ് തുറമുഖത്തിന്‍റെ പുരാവസ്തു ഗവേഷണത്തിലെ എക്സോടിക് വശം അതിനെ ഒരു ടൂറിസം പദ്ധതിയായി ചുരുക്കിക്കാണാന്‍ ഇടയാക്കിയിട്ടുണ്ട്. ഗവേഷണ പദ്ധതികള്‍ ഓറിയന്‍റലിസ്റ്റ് കാഴ്ചകളിലേക്കു തന്നെ പതിവുപോലെ മടങ്ങിപ്പോകുമോ എന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്. ബൈനാലെ വിവാദവും ടൂറിസ്റ്റ് പിന്മടക്കങ്ങളും ഓറിയന്‍റലിസ്റ്റ് ആഭിമുഖ്യങ്ങളും അത് നല്‍കുന്ന അക്കാദമിക ജീവിതസുഖങ്ങളും ചേര്‍ന്ന്, സമുദ്രവാണിജ്യ ബന്ധങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് ചരിത്രകാരി റോമിലാ ഥാപ്പറെപ്പോലുള്ളവര്‍ വിശേഷിച്ച പട്ടണം പുരാവസ്തു ഉദ്ഖനനങ്ങള്‍ പതുക്കെ അതിന്‍റെ ഗൗരവം ചോര്‍ന്നു പോകുന്നതിനും നിഗൂഢവല്‍ക്കരിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.  എല്ലാ പുരാവസ്തു വിജ്ഞാനീയത്തിനും ഇപ്രകാരമുള്ള പ്രതിസന്ധികളെ മറികടക്കേണ്ടതുണ്ടെന്ന് ഇതുസംബന്ധിച്ച് ഗ്രന്ഥമെഴുതിയ ക്ലിവ് ഗാമ്പിള്‍ ചൂണ്ടിക്കാണിക്കുന്നു.

lx 

അന്ധകാരനഴിയിലെ കീഴാള പ്രകൃതി

സന്ദര്‍ശന പുസ്തകത്തില്‍ രേഖപ്പെടുത്തിയും ലഘുലേകളും പാംലറ്റുകളും വാങ്ങി പഠനം മതിയാക്കി ഞങ്ങള്‍ മടങ്ങുകയാണ്. നീലിശ്വരം ക്ഷേത്രച്ചടങ്ങുകളുടെ അന്നദാനത്തില്‍ സംഘത്തിന്‍റെ ഉച്ചയൂണു തരപ്പെട്ടു. ഇനി ഏതുവഴി? എറണാകൂളം ചോറ്റാനിക്കര വഴി നീങ്ങാം, രാജേഷ് തമാശയായി പറഞ്ഞു. അവിടെ ഭ്രാന്തു ചികിത്സയ്ക്കു പേരുകേട്ട ചോറ്റാനിക്കര ക്ഷേത്രവും കാണാം. നല്ലതാണ്, ഇന്നു മകമാണ്, അവിടെ പോകാന്‍ പറ്റിയ ദിവസം തന്നെ, ഞാന്‍ പറഞ്ഞു. ചര്‍ച്ചകളില്‍ ആ ലക്ഷ്യങ്ങള്‍ മറന്നു. പുരാവസ്തു വിജ്ഞാനീയത്തിന്‍റെ ഫലമായ വസ്തു സംസ്കാര പഠനത്തില്‍ ഭൗതികത്തെളിവുകളിലും ആര്‍ട് ഫാക്ടുകളുടെ ദൃശ്യത്തെളിവിലും ഊന്നുന്ന ചരിത്രപഠനത്തില്‍ നിന്ന് ടെക്സച്വല്‍ ആയ, എഴുതപ്പെട്ട ചരിത്രങ്ങളുടെ ഭാഗം ഇല്ലാതാകുന്നതിനെപ്പറ്റി രാജേഷ് ഉന്നയിച്ച സംശയങ്ങളുടെ ചര്‍ച്ചകള്‍, കേരളത്തിലെ ബുദ്ധിജീവികളുടെ ജീവിത വഴിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ വഴിമുട്ടി. ഓരോ ബുദ്ധിജീവി ഗ്രൂപ്പും അവര്‍ അക്കാദമിക്കാകട്ടെ, അല്ലാതെ നിലകൊള്ളുന്നവരാകട്ടെ തങ്ങളുടേതായ നിലയില്‍ സംഭാവന അര്‍പ്പിക്കുന്നുണ്ട് എന്ന വാദത്തോട് സമവായപ്പെടാന്‍ മനോജിന്‍റെ എതിര്‍വാദങ്ങള്‍ സമ്മതിച്ചില്ല. ചില ബുദ്ധിജീവികളുടെ സമീപനങ്ങള്‍ സത്യസന്ധമല്ല, ബൗദ്ധിക സത്യസന്ധത എന്നൊന്നുണ്ട് എന്നായിരുന്നു മനോജ് ഉന്നയിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സത്യസന്ധതയില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ പോലും നമ്മെ പ്രകോപിച്ചുകൊണ്ട് നമ്മുടെ അന്വേഷണങ്ങളെ സ്വാധീനിക്കുന്നുണ്ട് എന്നു ഞാന്‍ പറഞ്ഞു. ആ നിലയില്‍ നമ്മെ പ്രകോപിക്കുകയും നാം അധിക്ഷേപിച്ച് ഒഴിവാക്കാന്‍ ശ്രമിക്കുന്നതുമായിരിക്കും നമ്മെ കൂടുതല്‍ സ്വാധീനിക്കുന്നത്. സ്വാധീനിക്കുക എന്നത് അംഗീകാരത്തിലൂടെയും അനുകരണത്തിലൂടെയും ആയിക്കൊള്ളണമില്ല എന്നും ഞാന്‍ എതിര്‍വാദം വെച്ചു. അങ്ങിനെ നോക്കുമ്പോള്‍ യൂണിവേഴ്സിറ്റി നാളുകളില്‍ ദിലീപ് രാജ് നമ്മുടെ എതിര്‍ചേരിയില്‍ നിന്ന് പ്രവര്‍ത്തിക്കുമ്പോഴും ഫൂക്കോ വായനയ്ക്കും മറ്റും അവന്‍റെ പ്രകോപനങ്ങളാണ് കൂടുതല്‍ സഹായകമായിത്തീര്‍ന്നത് എന്നും ഞാന്‍ ഓര്‍മിച്ചു. നമുക്കവിടെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്‍റെ സമവാക്യങ്ങള്‍ നോക്കാനേ നേരമുണ്ടായിരുന്നുള്ളൂ. ആ സങ്കുചിതത്വത്തെ മറികടക്കാന്‍ സഹായിച്ചത് ദിലീപ് രാജാണ്. അങ്ങിനെ നോക്കുമ്പോള്‍ നമ്മോട് പ്രതികരിക്കാതെ, മൗനത്തിലൂടെയും അവഗണനയിലൂടെയും നമ്മെ പ്രകോപിപിപ്പിക്കുന്നവരാണ് കൂടുതല്‍ സ്വാധീനമത്തായ അസ്തിത്വങ്ങള്‍. ആ നിലയില്‍ അവരാണ് കൂടുതല്‍ നന്നായി ധൈഷണികമായ ഇടപെടല്‍ നടത്തുന്നത് എന്നു വരാം.

കള്ളിലും കൊഞ്ചിലുമലിഞ്ഞ വിമ്മിട്ടങ്ങള്‍ 

അതാ.. അന്ധകാരനഴി, ആലപ്പുഴയെത്തി, അന്ധകാരനഴിയിലെ ബീച്ച് വളരെ സവിശേഷമാണ്. അവിടെപ്പോകാം. ചര്‍ച്ചയിലെ വിമ്മിട്ടങ്ങള്‍ക്കും പിടിവാശികള്‍ക്കും താന്‍പോരിമയ്ക്കും പരിഹാരമാകുമല്ലോ എന്നു കരുതി സംഘത്തെ അങ്ങോട്ടു നയിക്കാം എന്നു തോന്നി. അന്ധകാരനഴിയിലെ കീഴാള പ്രകൃതി വിമ്മിട്ടപ്പെടുന്ന മനസുകള്‍ക്ക് ഔഷധിയായിക്കോളും എന്നെന്‍റെ മനസ് പറഞ്ഞു. അപരാഹ്നത്തിലെ അന്ധകാരനഴി. മനോജ് കാറ് തിരിച്ചു. അന്ധകാരനഴിയിലെ കീഴാള പ്രകൃതിക്ക് ഹൃദയദ്രവീകരണത്തിന്‍റെ സവിശേഷതയുണ്ടെന്ന കാര്യം മുന്നിയും സമ്മതിച്ചു. കമ്പ്യൂട്ടറില്‍ കണ്ടമാനം സമയം ചെലവഴിച്ചതിനാലോ മറ്റോ ഉണ്ടാകുന്ന പുറംവേദനയ്ക്ക് ആ പ്രദേശം അവള്‍ക്ക് ആശ്വാസമാകുന്നതറിഞ്ഞു. മനോജും നസീനയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം മായുംവരെ, അന്ധകാരനഴിയുടെ തീരത്ത് ഞങ്ങള്‍ വെയില്‍കൊണ്ടു. അവള്‍ പറഞ്ഞിരുന്നു, സൂക്ഷിക്കണം ഇവര്‍ എത്ര പണ്ഡിതരാണെങ്കിലും ഉള്ളില്‍ ഒരു മൂരാച്ചി നായരുണ്ട് എന്ന്. ഞങ്ങളുടെ ചര്‍ച്ചയിലെ പിടിവാശികളില്‍ അവള്‍ക്ക് വിമ്മിട്ടം തോന്നിയതുകൊണ്ടാകാം ബെറ്റർ ഹാഫുമായി പിണക്കം നടിച്ച് എനിക്ക് പിന്തുണ നല്‍കിയത്. സൂര്യന്‍ അപരാഹ്നം പിന്നിട്ടു. ഇരുഭാഗവും വിശാലമായ കായലുള്ള ആലപ്പുഴയുടെ ഭൂപ്രകൃതിയില്‍ കാറോടി. റോഡരികിലെ മീന്‍കച്ചവടക്കാരന്‍റെ പ്രലോഭനത്തില്‍ കാര്‍ വഴിയോരത്തു നിര്‍ത്തി. കൊഞ്ച് വാങ്ങിക്കൊടുത്താല്‍ ഫാമിലിക്കു പ്രവേശമുള്ള കള്ളുഷാപ്പില്‍ അത് റോസ്റ്റ് ചെയ്ത് തരുമെന്ന് മീന്‍വില്‍പനക്കാരന്‍റെ ആതിഥേയത്വം. അതില്‍ ആവേശം പൂണ്ട് കുട്ടികളെയും ഭാര്യമാരെയും കൊണ്ട് ഒരു കളളുകുടി സെഷന്‍ മനോജും രാജേഷും പ്ലാന്‍ ചെയ്തു. ആയിരം രൂപയുടെ കൊഞ്ച്. ചവറയച്ചന്‍റെ ജന്മഗൃഹത്തിലേക്കു നീളുന്ന കായലിനു കുറുകെയുള്ള റോഡിലെ കള്ളുഷാപ്പില്‍ കൊഞ്ച് പാകം ചെയ്യാന്‍ കൊടുത്ത്, ഞങ്ങള്‍ ചവറയച്ചന്‍റെ സ്മാരകം കാണാന്‍ കഴിയുമോ എന്നന്വേഷിച്ച് കായലിനു നടുവിലൂടെയുള്ള നിരത്തില്‍ കടവന്വേഷിച്ചു കാറോടിച്ചു. സൂര്യന്‍ മറയാന്‍ തുടങ്ങിയതിനാലും കടത്തുവള്ളത്തിന്‍റെ അഭാവവും കാരണം അതില്‍ നിന്ന് സംഘം പിന്‍വാങ്ങി. സായാഹ്നം കള്ളുഷാപ്പില്‍ തന്നെ ചെലവഴിക്കാം എന്ന ആഹ്ളാദത്തില്‍ തിരിച്ച് ഷാപ്പിലെ സന്ധ്യയില്‍. കുട്ടികള്‍ക്കെല്ലാം ആവേശം. ഓരോ ഗ്ലാസ് അകത്താക്കാം എന്ന നിലയില്‍ അമ്മുവും മുന്നിയും തുമ്പിയും. നസീന കള്ളു കണ്ടപ്പോള്‍ തന്നെ ഗ്ലാസുകള്‍ മറിച്ചു. ഷീജയുടെ തലയ്ക്കും കള്ളു പിടിച്ചു. മധുരക്കള്ളും അമിതമായ മസാലയിട്ട് രസം കളഞ്ഞ കൊഞ്ചുകറിയും ആ സായാഹ്നത്തിലെ ഫാമിലി കള്ളുകുടിയും അന്നത്തെ കൗതുകങ്ങളായി.

ആലപ്പുഴ: പ്രാദേശികതയുടെ ചൂരും ചുണയും 

ആലപ്പുഴക്ക് അതിന്‍റെ പങ്കുകിട്ടി. ആദിചേരന്മാരുടെ തലസ്ഥാനം ആലപ്പുഴയില്‍ കുടവനാട് ആയിരുന്നു എന്നും ഒരു ശ്രുതിയുണ്ടല്ലോ. എങ്കിലും കപ്പലടുത്ത കേരളതീരങ്ങളില്‍ താരതമ്യേന ആധുനികമാണ് ആലപ്പുഴയുടെ ചരിത്രം. പതിനാലാം നൂറ്റാണ്ടില്‍ വെള്ളം പൊങ്ങി മുസിരിസ് പുര്‍ണമായി നശിച്ചുവെന്നും കൊച്ചിതുറമുഖവും തൃപ്പൂണിത്തുറയും ഉണ്ടായെന്നും ഭൗമശാസ്ത്ര ചരിത്രം. ആ കാലഘട്ടം മുതലാകുമോ ആലപ്പുഴയുടെ കടലോര വാണിജ്യ ചരിത്രമാരംഭിക്കുന്നത്? ആലപ്പുഴയിലെ ഏതോ പറമ്പില്‍ കുഴിച്ചുചെന്നപ്പോള്‍ കിട്ടിയ, പൗരാണിക കാലത്ത് ഉപയോഗിച്ചിരുന്ന ഒരു വഞ്ചിയാണ് ഒരുപക്ഷേ പട്ടണം ഉദ്ഖനനങ്ങള്‍ക്കു മുമ്പേ, കേരളത്തിലെ പൗരാണിക കടല്‍വ്യാപാര ബന്ധങ്ങളെ അന്വേഷിച്ചുകൊണ്ടുള്ള യത്നങ്ങളില്‍ ഓര്‍മയില്‍നില്‍ക്കുന്ന സംഭവങ്ങളിലൊന്ന്. കേരള കൗമുദി പത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്ന ആ വഞ്ചിയുടെയും പറമ്പിന്‍റെയും പടവും റിപ്പോര്‍ടും എന്നില്‍ പൗരാണികമായ ഓര്‍മകൾ നിറച്ചിരുന്നത് ഞാനോര്‍ത്തു. ജലാശയങ്ങള്‍ നിറഞ്ഞ ആലപ്പുഴയെ കിഴക്കിന്‍റെ വെനീസ് എന്നു വിളിക്കുന്നത് വെറുതെയല്ല. ഇവിടുത്തെ ജീവിത സംസ്കാരത്തിന് പോയകാലത്തെ കേരളീയ ജീവിതത്തിന്‍റെ സവിശേഷമായ പ്രാദേശികതയുടെ ചൂരും ചുണയുമുണ്ട്. വിക്ടോറിയന്‍ സദാചാരങ്ങളെ കാര്യമാക്കാത്ത സൗഹൃദത്തിന്‍റെയും സഹഭാവത്തിന്‍റെയും വ്യത്യസ്തമായ ശീലുണ്ട്. തോണിയില്‍പോയി മീന്‍പിടിക്കുന്ന സ്ത്രീകളെ ഞാന്‍ കാണിച്ചുകൊടുത്തു. ആലപ്പുഴയുടെ തീരഭംഗിയും ജീവിതസത്തയും ഉള്ളിലെക്കെടുത്ത്  ഞങ്ങള്‍ രാത്രിയിലേക്കു മറിഞ്ഞു. മനോജ് കാറോടിച്ചു തളര്‍ന്നു. കൊല്ലവും കൊട്ടാരക്കരയും പിന്നിട്ട് ചെങ്ങന്നൂര്‍, അടൂര്‍ വഴി, തിരുവനന്തപുരത്തിന്‍റെ പ്രാന്തത്തിലെ വെഞ്ഞാറമൂട്. കിളിമാനൂരും ആറ്റിങ്ങലും രാജാരവിവര്‍മ്മയുടെ ഓര്‍മകളായി. പത്മനാഭ സ്വാമിയുടെ കാവലില്‍ ഉറങ്ങുന്ന അനന്തപുരിയിലേക്ക്.

നട്ടുച്ചയില്‍ ശാന്തിയായി അനന്തപുരി

ഒരു വ്യാഴവട്ടത്തെ എന്‍റെ ജീവിതം. കുടുംബം. വിരഹം. വിഹ്വലതകള്‍, തൊഴില്‍ വിജയങ്ങള്‍, സാംസ്കാരികാന്വേഷണങ്ങള്‍, സംഗീതാസ്വാദന ജീവിതം, കലാന്വേഷണം എല്ലാം സാധ്യമാക്കിയ അനന്തപുരി. രാജിയും മുന്നയും പിരിഞ്ഞു കഴിയാന്‍ തീരുമാനിച്ച ആ ദീപാവലി നാളുകളില്‍ മൂന്നുദിവസം പത്മനാഭ ദാസനായി ക്ഷേത്രത്തില്‍ ചെലവഴിച്ച കാര്യം ഞാനവരോടു പറഞ്ഞു. എന്‍റെ ഭ്രാന്തന്‍ ജീവിതവിസ്മയങ്ങളിലൊന്നായേ അവരതുകണ്ടുള്ളൂ. എല്ലാ ദിവസവും ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തിലെത്തി അവിടെ സൂര്യോദയം വരെ ചെലവഴിച്ചു. കുടുംബവേര്‍പാട് ഒരു രാജദു:ഖമായി അറിഞ്ഞു. എല്ലാം പത്മനാഭനു സമര്‍പ്പിച്ചു. അവിടുത്തെ സ്വര്‍ണശേഖരങ്ങളുടെ നിലവറകളെക്കുറിച്ച് പിന്നീടാണല്ലോ പുറംലോകമറിഞ്ഞത്.

പത്മനാഭസ്വാമിയുടെ ആദ്യദര്‍ശനം എനിക്ക് കിട്ടിയത് ശ്രീവല്‍സനൊന്നിച്ചാണ്. പ്രസ് അക്കാദമിയുടെ അനന്തപുരി പരിചയ യാത്രയില്‍ ഞങ്ങള്‍ കൂട്ടംതെറ്റി മേഞ്ഞ് പത്മനാഭസ്വാമിയെ കാണാന്‍ പോയി. വെള്ളമണല്‍ വിരിച്ച മുറ്റത്ത്, എന്‍റെ പേര്‍ അഭിമാനത്തോടെ പരിചയക്കാരോട് പറഞ്ഞ്, പള്ളിയറയില്‍ യോഗനിദ്രകൊള്ളുന്ന ശ്രീ പത്മനാഭസ്വാമിയുടെ രൂപഖണ്ഡങ്ങള്‍ കാണിച്ചുതന്നു. പിന്നീട് ആത്മീയാവധൂത നാളുകള്‍ തുടങ്ങിയപ്പോള്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നടത്താനും കഴിഞ്ഞു. നവരാത്രി നാളുകളില്‍ പത്മനാഭപുരത്തു നിന്നെത്തുന്ന സരസ്വതിയെ കാണാന്‍ ക്ഷേത്രാങ്കണങ്ങളില്‍ ചുറ്റിക്കറങ്ങി. ചുറ്റമ്പലത്തില്‍ പടിഞ്ഞാറെ ഭാഗത്ത് നിന്ന് മണല്‍പരപ്പിന്‍റെ ധവളിമയിലേക്ക് ഊര്‍ന്നു വീഴുന്ന പ്രഭാത സൂര്യരാജികള്‍ കാണുക എന്നത്, പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിലെ അധികമാരുമനുഭവിക്കാത്ത രാജകീയാനുഭവങ്ങളിലൊന്നാണ്. ദീപാവലി നാളുകളില്‍ മാത്രം തുറക്കുന്ന പൂജാഗ്രൃഹങ്ങള്‍ സന്ദര്‍ശിക്കാനും എന്നിലെ ആത്മീയാന്വേഷകന് അവസരം കിട്ടി.

പത്മനാഭ തീര്‍ത്ഥക്കുളക്കരയില്‍ മീനുകള്‍ പുളക്കുന്ന കിഴക്കേകരയില്‍ നട്ടുച്ചയില്‍ പോലും ശാന്തിയുടെ ഹൃദയക്കുളിര് ഏറ്റുവാങ്ങാന്‍ ഞങ്ങള്‍ പോയി നില്‍ക്കുക പതിവായി. തിരുവനന്തപുരത്ത് അതിഥികളായെത്തുന്ന എല്ലാവരെയും അവിടെയെത്തിച്ച് തീര്‍ത്ഥക്കരയിലെ പ്രശാന്തതയുടെ ആ മിസ്റ്റിക് സ്പേസ് അനുഭവിക്കാന്‍ ഞാന്‍ ക്ഷണിക്കാറുണ്ടായിരുന്നു. സമീപത്തെ ഗണപതിയുടെ കോവിലില്‍ ശരീരത്തെ ചൂഴുന്ന ഇറോടിസത്തെ അറിയാനും വടക്കേകരയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള പത്മതീര്‍ത്ഥക്കര ശിവനെ തൊഴാനും അവിടെ എത്തിയിരുന്നു. ഒരുപക്ഷേ ശിവനും പാര്‍വതിയും മുരുകനും ഇരിക്കുന്ന ആ അപൂര്‍വ സമാഗമത്തെ (ഇവിടെ ഗണപതി ഇല്ല) തൊഴുതാണ്, അമ്പലങ്ങളിലെ ഭക്തിയുടെ അന്തരീക്ഷത്തിന്‍റെ രഹസ്യാനുഭൂതികള്‍ അറിയാനുള്ള ഭ്രാന്തുകയറിയ യാത്ര തുടങ്ങുന്നത്. എന്നിലെ ചരിത്രാന്വേഷകനും പുരാവസ്തു കമ്പക്കാരനും ഐക്കണോഗ്രഫി കൗതുകക്കാരനും എല്ലാം അത്തരത്തില്‍ ഒരു അന്യമത നിറവുകളുടെ അന്വേഷണത്തിന് ന്യായം ചമച്ചുവെങ്കിലും, ഭക്തിയുടെ ഭാവവൈവിധ്യത്തിന്‍റെ സംഗീതരഹസ്യമാണ് അതില്‍ ഏറെ പ്രിയങ്കരമായിത്തീര്‍ന്നത്. നവരാത്രി സംഗീതദിനങ്ങളും കൊട്ടാരത്തില്‍ നടന്നിരുന്ന സ്വാതിതിരുനാള്‍ സംഗീതകച്ചേരികളും എന്‍റെ സംഗീതാനുഭവത്തെ കര്‍ണാടിക് സംഗീതാസ്വാദനത്തിലേക്ക് നയിക്കുകയുണ്ടായി. ദക്ഷിണേന്ത്യന്‍ ഭക്തിഭാവത്തെ ശരിയായി ഉള്‍കൊള്ളാതെ കര്‍ണാടിക് സംഗീതാസ്വാദനം എത്രമാത്രം അന്യമായിത്തീരുമെന്ന അറിവ് എന്നില്‍ ജ്ഞാനോദയം തീര്‍ത്തു. ചരിത്രാന്വേഷണ വ്യഗ്രതയ്ക്കും ആര്‍ക്കിയോളജിയോടുള്ള കമ്പത്തിനും ഭക്തിക്കും സംഗീതത്തിനും എല്ലാം അനന്തശായി തീര്‍ത്ത ആ പ്രദേശങ്ങള്‍ പൂര്‍വജന്മ രാജപദവികളെ തൃപ്തിപ്പെടുത്താന്‍ പോന്നതുമായിരുന്നു. എന്നാല്‍ പത്മനാസ്വാമി ക്ഷേത്രം തിരുവനന്തപുരത്തെ സാധാരണ പൗരന്മാരെ സംബന്ധിച്ചിടത്തോളം വിമ്മിട്ടത്തിന്‍റെ സ്ഥലമാണ്. രാജഭരണത്തോടുള്ള അവരുടെ അമര്‍ഷവും, വിധേയത്വത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള ജനാധിപത്യമൂല്യങ്ങള്‍ പകര്‍ന്ന അഭിലാഷവും, ആ ചരിത്രനിര്‍മിതിയോട് പുഛഭാവം വളര്‍ത്താന്‍ ഇടയാക്കുന്നു. തിരുവനന്തപുരത്തെ നായര്‍ വിഭാഗങ്ങള്‍ പോലും പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്നില്ല. സമീപത്തെ പഴയങ്ങാടി ഗണപതിയ്ക്ക് തേങ്ങയുടക്കലില്‍ ഉദ്ദേശ്യസാക്ഷാത്കാരം മാത്രമല്ല ഉള്ളത്, പത്മനാഭസ്വാമിയോടും രാജക്തിയുടെ സ്വന്തം മനസിലെ അവശേഷിപ്പുകളോടുമുള്ള കണക്കുതീര്‍ക്കല്‍കൂടിയുണ്ട് എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ ഊരുതെറ്റി ഭൂമിയില്‍ നിപതിച്ച മാലാഖയുടെ പൂര്‍വജന്മ സ്മൃതിയെന്നോണം എന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് രാഷ്ട്രീയമോ വിശ്വാസമോ സംസ്കാര സങ്കുചിതത്വങ്ങളോ സ്വത്വാപകര്‍ഷങ്ങളോ തടസമാകാറില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

P P Shanavas

Recent Posts

Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 2 weeks ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 2 weeks ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More
J Devika 3 weeks ago
Views

ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള ഒരു മതവും ഇന്ത്യയിലിന്നില്ല- ജെ ദേവിക

More
More
Chithranjali T C 3 weeks ago
Views

കല്‍ത്തപ്പത്തിന്റെ മണമുള്ള എന്റെ ചെറിയ പെരുന്നാള്‍- ടി സി ചിത്രാഞ്ജലി

More
More