ജയ്പൂര്‍: വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് ജയ്പൂരില്‍ നടത്തിയ മെഗാ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ലോകം മുഴുവന്‍ കറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പത്ത് കിലോമീറ്റര്‍ അപ്പുറത്തുളള കര്‍ഷകരെ ചെന്ന് കാണാന്‍ കഴിഞ്ഞില്ലെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഒരു വര്‍ഷക്കാലത്തോളം ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിച്ച കര്‍ഷകരെ കാണാനോ സംസാരിക്കാനോ മോദി ശ്രമിച്ചില്ലെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.
'ഉത്തര്‍പ്രദേശില്‍ കോടികളാണ് അവര്‍ അവരുടെ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. അതൊന്നും കര്‍ഷക ക്ഷേമത്തിനുവേണ്ടിയല്ല എന്നോര്‍ക്കണം. ഈ സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമമല്ല മറിച്ച് കുറച്ച് കോര്‍പ്പറേറ്റുകളുടെ ക്ഷേമമാണ് ആഗ്രഹിക്കുന്നത്. എഴുപതുവര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ഇന്ത്യയിലുണ്ടാക്കിയതെല്ലാം ബിജെപി സര്‍ക്കാര്‍ വിറ്റഴിക്കുകയാണ്. കോണ്‍ഗ്രസ് ഈ എഴുപതുവര്‍ഷം കൊണ്ട് ഇന്ത്യക്കുവേണ്ടി എന്താണ് ചെയ്തതെന്ന് ചോദിക്കുന്നവരോട് ഒരു മറുചോദ്യം. കഴിഞ്ഞ ഏഴുവര്‍ഷം നിങ്ങളീ രാജ്യത്തിനുവേണ്ടി എന്താണ് ചെയ്തത്? എയിംസും വിമാനത്താവളങ്ങളുമെല്ലാം വിറ്റുതുലച്ചതോ? - പ്രിയങ്കാ ഗാന്ധി ചോദിച്ചു.
ഇന്ത്യയില്‍ ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലുളള മത്സരമാണ് നടക്കുന്നതെന്നാണ് ജയ്പൂരിലെ മെഗാറാലിയില്‍ വെച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന, ആരെയും ഭയപ്പെടാത്തവരാണ് യഥാര്‍ത്ഥ ഹിന്ദുക്കള്‍. അധികാരത്തിലിരിക്കുന്നവര്‍ വ്യാജ ഹിന്ദുക്കളാണെന്നും ഇന്ത്യ അനുഭവിക്കുന്നത് ഹിന്ദു രാജ് അല്ല ഹിന്ദുത്വ രാജ് ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.