ആഗ്ര: കുളിപ്പിക്കുന്നതിനെ ശ്രീകൃഷ്ണ വിഗ്രഹത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികില്‍സിക്കാന്‍ ആശുപത്രിയിലെത്തിച്ച് ക്ഷേത്രപൂജാരി! ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ജില്ലാ ആശുപത്രിയിലാണ് ശ്രീ കൃഷ്ണ വിഗ്രഹവുമായി പൂജാരി എത്തിയത്. വിഗ്രഹം വൃത്തിയാക്കുന്നതിനിടെയാണ് കേടുപാടുണ്ടായത്. തുടര്‍ന്ന് ഡോക്ടര്‍ വിഗ്രഹത്തിന്റെ കൈയില്‍ ബാന്റേജിട്ടു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വിഗ്രഹവുമായി ആശുപത്രിയില്‍ എത്തിയ പൂജാരി ലേഖ് സിങ് വിഗ്രഹത്തെ ചികിത്സിക്കാന്‍ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. രാവിലെ പ്രാര്‍ത്ഥനയോടെ വിഗ്രഹത്തെ കുളിപ്പിക്കുമ്പോള്‍ കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണാണ് വിഗ്രഹത്തിന് പരിക്കേറ്റതെന്ന് അദ്ദേഹം പറഞ്ഞു. സങ്കടം സഹിക്കവയ്യാതെയാണ് എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. 30 വര്‍ഷമായി അര്ജുന് നഗറിലെ ഖേരി മോഡിലെ പത്വാരി ക്ഷേത്രത്തിലെ പൂജാരിയാണ് ലേഖ് സിങ്. ഇത്രയും കാലം ഒരു ദിവസംപോലും മുടങ്ങാതെ ശ്രീകൃഷ്ണ വിഗ്രഹത്തെ പൂജിക്കുന്നതിലും പരിചരിക്കുന്നതിലും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആശുപത്രിയില്‍ എത്തിയ ഉടന്‍തന്നെ വിഗ്രഹത്തിന് പ്രാഥമിക ചികിത്സ നല്കാന് ലേഖ് സിങ് ഡോക്ടര്‍മാരോട് ആവശ്യപ്പെടുകയായിരുന്നു. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കുകയും ഉടന്‍ മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പൂജാരി പൊട്ടിക്കരഞ്ഞ് ഡോക്ടര്‍മാരുടെ കാലില്‍ വീണ് കേണപേക്ഷിക്കാന്‍ തുടങ്ങി. അതോടെ ഡോക്ടര്‍മാര്‍ വഴങ്ങുകയായിരുന്നു. പൂജാരിയുടെ വികാരത്തെ മാനിച്ചുകൊണ്ട് രജിസ്റ്ററില്‍ ശ്രീ കൃഷ്ണനെന്ന് രേഖപ്പെടുത്തിയാണ് ചികിത്സ നല്‍കിയതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അശോക് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.