തിരുവനന്തപുരം: സ്വകാര്യ ബസ്സുകളിലെ മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാര്‍ജ്ജ് പത്തുരൂപയായി ഉയര്‍ത്താനാണ് ആലോചന. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് ചാര്‍ജ്ജ് ആറു രൂപയാക്കണമെന്ന നിര്‍ദ്ദേശവും ബസ്സുടമകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം ഈ മാസം ഈ മാസം പതിനെട്ടിനകം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ് ധാരണ.
സ്വകാര്യ ബസ്സുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജു അനുകൂല നിലപാടെടുത്തതോടെ സ്വകാര്യ ബസ്സുകള്‍ ഇന്ന് തുടങ്ങാനിരുന്ന അനിശ്ചിത ബസ് സമരം പിന്‍വലിച്ചിരുന്നു. ഇന്ധന വില ദിനംപ്രതി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണം, മിനിമം ചാര്‍ജ്ജ് 8 രൂപില്‍ നിന്ന് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് 90 പൈസ എന്നത് മാറ്റി ഒരുരൂപയാക്കണം, കൊവിഡ് കഴിയുന്നതുവരെ ബസുകളുടെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കണം തുടങ്ങിയവയാണ് ബസ്സുടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ അറുപത് ശതമാനം ബസ്സുകള്‍ മാത്രമേ നിരത്തില്‍ ഇറക്കിയിട്ടുളളുവെന്നും ആളുകളുടെ എണ്ണം കുറവായതിനാല്‍ പ്രതിസന്ധിയിലാണെന്നുമാണ് ബസ്സുടമകള്‍ പറയുന്നത്. 2018-ലാണ് ഇതിനുമുന്‍പ് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. ഡീസല്‍ വില 62 രൂപയായിരുന്നപ്പോള്‍ മിനിമം ചാര്‍ജ്ജ് 8 രൂപയാക്കി ഉയര്‍ത്തുകയായിരുന്നു.