ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസ്സിയോ? ആരാണ് കേമന്‍ എന്ന ലോകോത്തര ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് ഫുട്ബോള്‍ ഇതിഹാസം പെലെ. മെസ്സിയേക്കാൾ കേമൻ റൊണാൾഡോ തന്നെ! എന്നാണ് പെലെയുടെ ഉത്തരം. ക്രിസ്റ്റ്യാനോയുടെ സ്ഥിരതയാണ് അദ്ദേഹത്തെ ഇത്തരമൊരു അനുമാനത്തില്‍ എത്തിച്ചത്. അതേസമയം, എക്കാലത്തെയും മികച്ച താരം താൻ തന്നെയാണെന്ന് പ്രഖ്യാപിക്കാനും പെലെ മറന്നില്ല!. ഇപ്പോഴത്തെ താരങ്ങളിൽ ഏറ്റവും മികച്ചയാൾ തീർച്ചയായും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. മെസ്സിയും മികച്ച കളിക്കാരന് തന്നെയാണ്, പക്ഷെ, അദ്ദേഹം സ്ട്രൈക്കറല്ലല്ലോ’ – പെലെ പറഞ്ഞു.
35 കാരനായ റൊണാൾഡോ തന്റെ കരിയറിലെ തിളക്കമാർന്ന 1000 കളികളിൽ നിന്ന് 725 ഗോളുകൾ നേടിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തേക്കാള്‍ മൂന്നുവര്‍ഷം ജൂനിയറായ മെസ്സിയും 856 കളികളിൽ നിന്ന് 697 ഗോളുകൾ നേടിയിട്ടുണ്ട്. ഇരുവരും കേമന്മാര് തന്നെയാണ്. പക്ഷെ, ഒരുപടി മുന്നില്‍ നില്‍ക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് മാത്രം. ഇവരേക്കാൾ മികച്ച ഒരുപിടി താരങ്ങൾ ഫുട്ബോൾ ചരിത്രത്തിലുണ്ടെന്നും പെലെ അഭിപ്രായപ്പെട്ടു.