ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും സദാ... - പ്രെഫ ജി ബാലചന്ദ്രൻ

ഒരു തുള്ളിപോലും രക്തം വീഴാതെ കേരളനവോത്ഥാനത്തിന്റെ ദീപശിഖ തെളിയിച്ച മഹാമനീഷിയാണ് ശ്രീനാരായണ ഗുരു. ജാതീയമായ അടിമത്തത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരായ ഒരു ജനതക്ക് അറിവിന്റെയും സ്വാഭിമാനത്തിന്റെയും വിവേകത്തിന്റെയും ജീവവായുവേകിയത് ഗുരുവാണ്.

ജീവിക്കാൻ മാത്രമല്ല, വഴിനടക്കാനും ആരാധിക്കാനും അവസരമില്ലാതിരുന്ന പാർശ്വവൽകൃത പിന്നോക്ക വിഭാഗത്തിന് രക്ഷകനായാണ് ശ്രീ നാരായണ ഗുരു സ്വാമികൾ അവതരിച്ചത്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിൻ്റെ ജന്മാവകാശമാണ് ക്ഷേത്രാരാധനയും വിഗ്രഹ പ്രതിഷ്ഠയും എന്ന മൂഢവിശ്വാസത്തെ ശ്രീ നാരായണൻ ഉടച്ചുവാർത്തു. അരുവിപ്പുറം മുതൽ മംഗലാപുരം വരെയുള്ള വിഗ്രഹ പ്രതിഷ്ഠകൾക്ക് പുതുമുദ്രയുണ്ടാക്കി. ദൈവങ്ങൾക്ക് ജാതിഭേദമില്ലെന്നും മാടനും മറുതയും യക്ഷിയും മാത്രമല്ല ശിവനും കൃഷ്ണനും സരസ്വതിയുമെല്ലാം എല്ലാവരുടേതുമാണെന്ന ഗുരുവിൻ്റെ പുതു നവോത്ഥാന പ്രഖ്യാപനം വിപ്ലവകരമായിരുന്നു. 'വിദ്യകൊണ്ട് പ്രബുദ്ധരാകുക,സംഘടനകൊണ്ട് ശക്തരാകുക',  'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' തുടങ്ങിയ മഹത് വചനങ്ങളാൽ ഗുരു കേരളീയ മനസ്സിന് പുതിയ ദിശാബോധം നൽകി. സാർവ്വജനീനമായ ആദർശങ്ങളുടെ പ്രകാശഗോപുരമായിരുന്നു ഗുരു. എന്നും ലളിതമായ ഭാഷയിലാണ് ഗുരു സംസാരിച്ചത്. കവിത്വത്തിൽ ശ്രേഷ്ഠനായ അദ്ദേഹത്തിന്റെ കൃതികൾക്ക് ആഴമേറിയ ഗഹനതയുണ്ട്. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി"യെന്ന അദ്ദേഹത്തിന്റെ മൊഴി മാനവ സമത്വത്തിന്റെ ആധാരശിലയാണ്. കാലദേശങ്ങൾക്കതീതമായി മനുഷ്യരാശിക്ക് ആചന്ദ്രതാരം വെള്ളിവെളിച്ചം നൽകുന്നവയാണ് ഗുരുദേവദർശനങ്ങൾ. അന്ധവിശ്വാസത്തേയും അനാചാരങ്ങളേയും പുണർന്നുകിടന്നിരുന്ന മണ്ണിനെ ഗുരു നവീകരിച്ചു. മലയാളത്തിലും സംസ്കൃതത്തിലും അപാര പണ്ഡിത്യം നേടിയ ഗുരുദേവൻ മാനവ സ്നേഹത്തിലൂന്നിയ ഒട്ടനവധി മഹത്ഗ്രന്ഥങ്ങൾ രചിച്ചു.

സ്വാമി വിവേകാനന്ദൻ പോലും ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച മലയാളത്തിൻ്റെ ജാതിമത ബോധത്തെ മനുഷ്യബോധമാക്കി മാറ്റുന്നതിൽ നേതൃത്വപരമായ പങ്ക് ഗുരുദേവൻ വഹിച്ചു. അതുകൊണ്ടുതന്നെയാണ് മഹാകവി രവീന്ദ്രനാഥ ടാഗോറും, മഹാത്മജിയുമെല്ലാം ഗുരുസന്നിധിയിലെത്തിയത്. കുമാരനാശാൻ, സി.വി. കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ, ടി കെ മാധവൻ, നടരാജ ഗുരു തുടങ്ങിയ മാഹാരഥൻമാർ അദ്ദേഹത്തിന്റെ ശിഷ്യൻമാരായിരുന്നു. ചിമിഴിൽ അടച്ചതുപോലെയുള്ള ഗുരുദേവാദർശങ്ങളുടെ മൊഴിമുത്തുകൾ കൊച്ചു കുട്ടികൾക്കു പോലും മന:പാഠമാണ്.

'ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും സദാകരുണാകര'

എന്ന അദ്ദേഹത്തിൻ്റെ ഹൃദയമന്ത്രം ദേശാതിർത്തികൾ കടന്ന് വിശ്വം മുഴുക്കെ വ്യാപിച്ചു. ചെമ്പഴന്തിയിൽ സാധാരണ കുടുംബത്തിൽ ജനിച്ച് ശിവഗിരിയിൽ സമാധിയായ ഗുരുദേവൻ സ്ഥാപിച്ച എസ് എൻ ഡി പി യോഗം ഇന്ന് ഒരു വൻവടവൃക്ഷയായി പടർന്ന് പന്തലിച്ചിട്ടുണ്ട്. ധാരാളം സാധ്യതകളും പ്രവർത്തന മേഖലയുമുള്ള എസ് എൻ ഡി പിക്ക് ഗുരുദേവന്റെ ആദർശങ്ങൾ നടപ്പിലാക്കാൻ കഴിയുന്നുണ്ടോ എന്ന് ഒരാത്മ പരിശോധന നടത്തേണ്ട സമയമാണിത്. ശ്രീനാരായണ ആദർശങ്ങളിൽ നിന്ന് വഴിമാറിപ്പോകുന്ന നയവും നടപടികളും സംഘടനക്ക് അഭികാമ്യമല്ല. ഇന്നിതെഴുതുമ്പോള്‍ മലയാളത്തിൻ്റെ മണ്ണിലും വിണ്ണിലും വിദ്വേഷത്തിൻ്റെ കനലെരിയുന്നുണ്ട്.

പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവന, വിരലിലെണ്ണാവുന്നവർ മാത്രം പുലർത്തുന്ന താലിബാൻ അനുകൂല നിലപാടുകൾ, മലബാർ കലാപ ചർച്ചകൾ എന്നിവയൊന്നും കേരളത്തിൻ്റെ സമൂഹമന:സാക്ഷിക്ക് മുറിവേൽപ്പിച്ചു കൂടാ. അവിടെയാണ് സ്നേഹമില്ലാതെ സാഹോദര്യവും സാഹോദര്യമില്ലാതെ സ്നേഹവും സാധ്യമല്ല എന്ന ഗുരുദേവൻ്റെ വിശ്വമാനവദർശനത്തിൻ്റെ പ്രസക്തി. അപരന് വേണ്ടിയാകണം നമ്മുടെ ഹൃദയം തുടിക്കേണ്ടത് എന്നും അന്യവൽക്കരിക്കപ്പെട്ടവന് വേണ്ടിയാണ് കണ്ണീരൊഴുക്കേണ്ടത് എന്നുമുള്ള, ജാതിമത ചിന്തകൾക്കതീതമായ ഗുരുദർശനാദര്‍ശങ്ങൾ മനുഷ്യരിലേക്ക് പകരാൻ എസ് എൻ ഡി പിക്ക് കഴിയണം. അനൈക്യത്തിന്റെ കരിമരുന്ന് ശാലയ്ക്ക് തീ കൊളുത്തുന്നവരെ ഒറ്റപ്പെടുത്തി സർവ്വമത സഹോദര്യം സംസ്ഥാപിക്കാൻ എസ് എൻ ഡി പി യോഗം ഉൾപ്പെടെയുള്ള സംഘടനകൾ മുൻകയ്യെടുക്കണം. ശ്രീനാരായണീയ ദർശനങ്ങൾ ലോകത്തോട് പറയാൻ ശ്രീ നാരായണ സർവ്വകലാശാല യാഥാർത്ഥ്യമാവണം. മനുഷ്യരുടെ ദൈനംദിന പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാതെ, അവര്‍ക്കിടയില്‍ ഐക്യത്തിന്റെ കര്‍മ്മമണ്ഡലം തുറക്കാന്‍ സമാധിദിന ചിന്തകള്‍ പ്രചോദനമാകണം. 

Contact the author

Prof. G. Balachandran

Recent Posts

Sufad Subaida 2 days ago
Views

വധശിക്ഷ നീതി നടപ്പിലാക്കുമോ?- സുഫാദ് സുബൈദ

More
More
Views

പ്രവാചകൻ്റേത് സ്‌നേഹത്തിൻ്റെ ദർശനം -കെ ടി കുഞ്ഞിക്കണ്ണൻ

More
More
Views

നബി തിരുമേനി കാരുണ്യത്തിൻ്റെ പ്രവാചകൻ - പ്രൊഫ ജി ബാലചന്ദ്രൻ

More
More
Views

ചെ ഗുവേര: വിപ്ലവ ചരിത്രത്തിലെ ഇതിഹാസം - കെ ടി കുഞ്ഞിക്കണ്ണൻ

More
More
Nadeem Noushad 2 weeks ago
Views

അപ്പോള്‍ ബാബുക്കയുടെ കണ്ണുകൾ നിറഞ്ഞിരുന്നു! നജ്മലിന്‍റെ ബാബുക്ക- നദീം നൌഷാദ്

More
More
Views

ലഖിംപൂര്‍: ബിജെപി കടുത്ത ആശയക്കുഴപ്പത്തില്‍; അജയ് മിശ്രയെ രാജിവെപ്പിക്കാന്‍ ആലോചന - നികേഷ് ശ്രീധരന്‍

More
More