ഹൃദയം കൊണ്ട് ഹൃദയമിടിപ്പറിയുന്നവര്‍ - ലിഷാ യോഹന്നാൻ

Rod Long, Unsplash.com

അത്രേം കാലം ഞങ്ങളുടെ സീനിയറായിരുന്ന 8th batch ലെ ഡാൻസ് കളിക്കണ ചേച്ചി പെട്ടെന്നൊരു ദിവസമാണ് Forensic medicine tutor ആയി ഞങ്ങടെ ക്ലാസിലേക്ക് പഠിപ്പിക്കാൻ കേറിവരുന്നത്. Abortion & MTP! എനിക്കറിയാം.... എനിക്കോർമ്മയുണ്ട്... അങ്ങനെ ഓർത്തോർത്ത്.... 

"Lisha..."

മൈക്കിലൂടെ കേട്ട ശബ്ദം ഭൂമിയുടെ വേറേതോ കോണിൽ നിന്ന് എന്റെ മനസ്സിനെ ചെവിക്കുപിടിച്ച് കുണ്ടുകുളം ഹാളിൽത്തന്നെ കൊണ്ടുവന്നിരുത്തി. വെപ്രാളപ്പെട്ട് എണീറ്റു നില്ക്കുമ്പോൾ അടുത്തിരിക്കുന്ന പെണ്ണുങ്ങൾ ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.  Ma'am ചോദിച്ച ചോദ്യം ശരിക്കുകേട്ടില്ലെങ്കിലും കൂടെയിരുന്നവർ പറഞ്ഞുതന്ന ഉത്തരം വ്യക്തമായി കേട്ടതുകൊണ്ട് വേഗം ഉത്തരം പറഞ്ഞ് ഇരിക്കാൻ പറ്റി. 

"എന്തു സ്വപ്നം കണ്ടോണ്ടിരിക്കുവായിരുന്നു..?!"

അടുത്തിരുന്നവൾ ചോദിച്ചപ്പോ വെറുതേയൊന്നു ചിരിക്കുക മാത്രം ചെയ്തു. സ്വപ്നം കാണുവല്ലായിരുന്നെന്നേ.... ഞാൻ ഓർക്കുകയായിരുന്നു. Septic abortion നെപ്പറ്റി കേട്ടതു മുതൽക്ക്, കയ്യിൽ അറ്റം കൂർത്തൊരു കമ്പും ഒരു ചിരട്ടയിൽ പച്ചമരുന്നുമായി സീതയുടെ മുറിയിലേക്കു കേറിപ്പോയ സിന്ധുത്തായിയെ, കാര്യമെന്തെന്നു മനസ്സിലാകാതെ നോക്കിനോക്കി നിന്ന രുഗ്മിണിയെ ഓർത്തു... രണ്ടു ദിവസത്തിനകം ചോരവാർന്നു മരിച്ച സീതയുടെ വിളറിയ ശരീരമോർത്തു... മാധവിക്കുട്ടിയുടെ രുഗ്മിണിക്കൊരു പാവക്കുട്ടി. Septic Abortion ഇതിൽക്കൂടുതൽ ആരാണു പഠിപ്പിക്കേണ്ടത്...

Gynecology Class-ൽ Intrauterine Death പഠിപ്പിക്കുമ്പോൾ ഗർഭിണിയുടെ വയറ്റത്തു കൈചേർത്തുവെച്ചുനോക്കി കുഞ്ഞിന്റെ അനക്കം കുറയുന്നുണ്ടോയെന്നു സംശയിച്ച 'ആലാഹയുടെ പെണ്മക്കളിലെ' കുഞ്ഞിലയെയോർത്തു. Labour Room-ൽ കയറുമ്പോഴെല്ലാം, സ്വന്തം അമ്മയുടെ പ്രസവമെടുത്തുകൊണ്ടു വയറ്റാട്ടിയായിത്തീര്‍ന്ന കുഞ്ഞിലയെ എനിക്കെങ്ങനെയാണ് ഓർക്കാതിരിക്കാനാവുക!

Vesicular Mole-നെപ്പറ്റി ആദ്യമായി കേൾക്കുമ്പോൾ എന്റെ മുഖത്തൊരത്ഭുതമുണ്ടായിരുന്നിരിക്കണം... എന്നെയത് ആദ്യം പഠിപ്പിച്ചത് Teena ma'am അല്ല, ഡോക്ടർ തനൂജയാണ്. പുനത്തിലിന്റെ 'മരുന്നി'ലെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റ്, ഡോക്ടർ തനൂജ. നീണ്ട കാത്തിരിപ്പിനൊടുവിൽ ഗർഭിണിയായ ബിഷപ്പിന്റെ സഹോദരി മാസം തികയാതെ പുറന്തള്ളിയത് പാമ്പിൻമുട്ടകളുടെ ഒരു കൂട്ടമായിരുന്നു എന്നു വായിച്ചതിന്റെ വിശദീകരണമായിരുന്നു എനിക്കാ ക്ലാസ്. ആദ്യമായി സിസേറിയൻ കണ്ട ദിവസം വയറിന്റെ പേശികൾ തുന്നിക്കെട്ടുമ്പോൾ, "ഇത്രയും നേരം ഞാൻ ചെയ്തതൊക്കെ നിന്റെ കുഞ്ഞിനുവേണ്ടിയായിരുന്നു ഇപ്പോൾ ചെയ്യുന്നത് നിന്റെ ഭർത്താവിനു വേണ്ടിയും. നീ കേൾക്കുന്നുണ്ടോ പെണ്ണേ" എന്ന് ഞാൻ അറിയാതെ മനസ്സിൽ പറഞ്ഞു. 

"Causes of Red Eye" എന്ന് Ophthalmology ക്ലാസിൽ ചോദിച്ചപ്പോൾ മുരിക്കിൻപൂവ് കുറേനേരം നോക്കിനിന്നാൽ ചെങ്കണ്ണു വരുമെന്ന് ആമിയോടു പറഞ്ഞത് ആരാണെന്നാലോചിക്കുകയായിരുന്നു ഞാൻ! 

DOTS ക്ലാസിൽ ക്ഷയരോഗത്തെപ്പറ്റി പഠിപ്പിക്കുമ്പോൾ എന്റെ മനസ്സിന്റെയൊരുപാതി ആലാഹയിലെ കുട്ടിപ്പാപ്പനെ ഓർത്തുകൊണ്ടിരിക്കുന്നതും ഇടയ്ക്കിടെ ഇന്ത്യ ചീന ഭായിഭായി എന്നു കളിക്കുന്നതും ഞാനറിഞ്ഞു. Dermatology ക്ലാസിൽ വട്ടച്ചൊറിയെപ്പറ്റി പഠിപ്പിക്കുമ്പോൾ ഞാനോർത്തത് ബേപ്പൂർ സുൽത്താന്റെ സുബർക്കമാണ്.

Forensic Medicine-ന്റെ ഏറ്റവും രസകരമായ ക്ലാസുകളിലൊന്നിൽ Hanging നെപ്പറ്റി കേൾക്കുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു, കഴുത്തിലെ മൂന്നും നാലും കശേരുക്കൾക്കിടയിൽ കുരുക്കുവീഴണം. ഒരു മുത്തുച്ചിപ്പി പിളരുംപോലെ മനോഹരമായി കഴുത്തൊടിയണം! അല്ലെങ്കിലും ഫണീഭൂഷൺ ഗൃഥാമല്ലിക്കിനെക്കാൾ നന്നായി തൂക്കിക്കൊലയെപ്പറ്റി പഠിപ്പിക്കാൻ ഏതു ഫോറൻസിക് സർജനാണു കഴിയുക!

ഈ റോബിൻസും ബെയ്‌ലിയും ഹാരിസണുമെല്ലാം രോഗങ്ങളെപ്പറ്റി മാത്രമാണു പഠിപ്പിക്കുന്നത്. രോഗികളെപ്പറ്റി പഠിപ്പിച്ചതത്രയും ഈ പുസ്തകങ്ങളാണ്. കേസുകളല്ല, മനുഷ്യരാണ് മുന്നിൽ നിൽക്കുന്നതെന്നു തിരിച്ചറിയാൻ മനസ്സിലിത്തിരി നനവ് ബാക്കിവേണം. ആ ഈർപ്പം നിലനിർത്തുകയാണ് പുസ്തകങ്ങൾ. ഒരേ ഡിഗ്രിയുള്ള രണ്ടു ഡോക്ടർമാരിൽ ഒരാളെ തിരഞ്ഞെടുക്കേണ്ടിവന്നാൽ ഷേക്സ്പിയറെ വായിച്ചിട്ടുള്ള ഡോക്ടറെ തിരഞ്ഞെടുക്കുമെന്ന് വി ജി തമ്പി മാഷ് പറഞ്ഞതുപോലെ.

ജൂബിലിയിൽ എല്ലാരും ചേർന്നു സംഭാവന ചെയ്ത പുസ്തകങ്ങൾ ചേർത്തുവച്ച് ഒരു കുഞ്ഞു ലൈബ്രറിയുണ്ട്. മനസ്സിലെ ഈർപ്പം നിലനിർത്തുന്ന, വായിക്കുന്ന കുറച്ചു ഡോക്ടർമാരുണ്ടാകട്ടെ ഇനിയും. ബുദ്ധികൊണ്ടല്ല, ഹൃദയംകൊണ്ടു ചികിത്സിക്കുന്ന കുറച്ചുപേർ... 

Contact the author

Recent Posts

Dr. Azad 2 weeks ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 2 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More