ഡല്‍ഹി: ഇസ്രായേല്‍ ചാര സോഫ്റ്റ്വേറായ പെഗാസസ് ഉപയോഗിച്ച് നടത്തിയ ഫോണ്‍ ചോര്‍ത്തലില്‍ പുതിയ വെളിപ്പെടുത്തലുകള്‍. വ്യവസായി അനില്‍ അംബാനിയടക്കമുളളവരുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അനില്‍ അംബാനിയെക്കൂടാതെ മുന്‍ സിബി ഐ ഡയറക്ടര്‍ അലോക് വര്‍മ്മ, സിബി ഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്ഥാന, മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എ. കെ ശര്‍മ്മ എന്നിവരുടെ ഫോണുകളും പെഗാസസ് ചോര്‍ത്തിയെന്നാണ് ദി വയറിന്റെ പുതിയ വെളിപ്പെടുത്തല്‍.
അനില്‍ അംബാനിയുടെ ജോലിക്കാരന് ടോണി ജെസുനാന്, ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ട് ഏവിയേഷന്റെ ഇന്ത്യന്‍ പ്രതിനിധി വെങ്കട്ട റാവു പോസിന, അലോക് വര്‍മ്മയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരും പെഗാഗസ് ചോര്‍ത്തിയവരുടെ പട്ടികയിലുള്‍പ്പെടുന്നു.
നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, രാഷ്ട്രിയ നയതന്ത്രജ്ഞന് പ്രശാന്ത് കിഷോര്‍ എന്നിവരുടെ ഫോണുകളും പെഗാസസ് ചോര്‍ത്തിയതായി ദി വയര്‍ വെളിപ്പെടുത്തിയിരുന്നു. മമതാ ബാനര്‍ജിയുടെ സഹോദരീപുത്രന് അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ളാദ് പട്ടേല്‍ എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങളും പെഗാസസ് ചോര്‍ത്തിയിട്ടുണ്ട്.
പെഗാസസ് ചോര്‍ത്തിയ 300 നമ്പറുകളില്‍ മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കളും, രണ്ട് കേന്ദ്രമന്ത്രിമാരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാവുന്നത്. 2019-ലെ തെരഞ്ഞെടുപ്പിനുമുന്നോടിയായി 2018-19 വര്‍ഷത്തിലാണ് പട്ടികയിലുളള മിക്കവരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതെന്നായിരുന്നു വയറിന്റെ വെളിപ്പെടുത്തല്‍.