മാമ ആഫ്രിക്ക അഥവാ കറുത്തവരുടെ പ്രണയം - മൃദുലാ ഹേമലത

കറുത്തവനും വെളുത്തവനും, ആണും പെണ്ണും, പ്രണയവും കാമവും, അധികാരവും വിധേയത്വവും, ഇന്ത്യയും ആഫ്രിക്കയും... മാമ ആഫ്രിക്ക. ഭാവനയും മിത്തും ചരിത്രവും കൂട്ടിക്കുഴച്ച് അതീതയാഥാര്‍ത്ഥ്യത്തെ സൃഷ്ടിക്കുകയും താൻ എഴുതിയതാണ് ചരിത്രമെന്ന് വായനക്കാരെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന ടി ഡി രാമകൃഷ്ണന്റെ കരവിരുത് അരക്കിട്ടുറപ്പിക്കുകയാണ് 'മാമ ആഫ്രിക്ക' എന്ന നോവല്‍.

താരാ വിശ്വനാഥും മാമയും 

താരാ വിശ്വനാഥ് എന്ന ഇന്‍ഡോ-ആഫ്രിക്കൻ എഴുത്തുകാരിയുടെ ആത്മകഥയാണ് മാമാ ആഫ്രിക്ക. 'മാമ' താരയുടെ പ്രിയപ്പെട്ട വിശ്വാസവും ദൈവവുമാകുന്നു. ഇന്ത്യയിൽ നിന്ന് റെയിൽവേ നിർമാണത്തിനായി ആഫ്രിക്കയിൽ എത്തിയതാണ് താരയുടെ മുത്തശ്ശൻ. താരയാകട്ടെ ആഫ്രിക്കയിൽ ജനിച്ചവളെങ്കിലും കേരളവും കേരളത്തിന്റെ സംസ്കാരവും ഏറെ ഇഷ്ടപ്പെട്ടിരുന്ന, മലയാളിയായ ആഫ്രിക്കൻ എഴുത്തുകാരിയായി അറിയപ്പെടാൻ ആഗ്രഹിച്ച ഒരാളാണ്. ഏറെക്കുറെ സ്വച്ഛന്ദമായ അവരുടെ ജീവിതത്തിൽ വലിയൊരു മാറ്റമുണ്ടാവുന്നത് ഉഗാണ്ട എന്ന കുഞ്ഞു രാജ്യത്തെ കയ്യിലിട്ട് അമ്മാനമാടിയ 'ഈദി അമീൻ' എന്ന സ്വേച്ഛാധിപതി ജീവിതത്തിലേക്ക് കടന്നുവരുന്നത്തോട് കൂടിയാണ്. അച്ഛന്റെ മരണം, അത് കുടുംബത്തിനേൽപ്പിക്കുന്ന ക്ഷതം, തുടങ്ങി ഒന്നിലും അടിപതറാതെ അവൾ ലോകം കണ്ട ഏറ്റവും ക്രൂരന്‍മാരായ ഭരണാധികാരികളിലൊരാളായ ഈദി അമീന്‍റെ ഭാര്യയാവൻ തയാറായി.. മാമ കൂടെയുണ്ട് എന്ന വിശ്വാസത്തിൽ അവൾ മുന്നോട്ട് പോവുകയാണ്.

ഈദി അമീന്‍റെ അഥവാ കറുത്തവന്റെ പ്രണയം 

ഈദി അമീൻ തന്റെ ശരീരത്തിലെ ഓരോ അണുവിലും താരയെക്കൊണ്ട് ഉമ്മ വയ്പ്പിക്കുന്നുണ്ട്. അവളെ സ്നേഹിക്കുന്നുണ്ട്, പ്രണയിക്കുന്നുണ്ട്. കറുത്ത വർഗ്ഗക്കാരനായ തന്നെ ഏഷ്യക്കാരി സ്വമനസാലെ സ്നേഹിക്കുകയും കാമിക്കുകയും വേണമെന്ന് ആ സ്വേച്ഛാധിപതി ആഗ്രഹിക്കുകയാണ്. അവിടെ നമുക്ക് നരഭോജിയായി മാധ്യമങ്ങളിലൂടെ നാം കേട്ടറിഞ്ഞ ഈദി അമീനെ കാണാൻ കഴിയുന്നില്ല. പകരം ഇന്നും ലോകത്ത് ഒരു മാറ്റവുമില്ലാതെ നിലനിന്ന് പോരുന്ന വർണവെറി, തിരസ്കൃതരായ  ഒരു ജനതയില്‍ ഉണ്ടാക്കിയ വേദനകളെ അനുഭവിക്കും.

ഈദി അമീനിൽ നിന്ന് രക്ഷപ്പെടുന്ന താര തന്റെ അച്ഛൻ പ്രവർത്തിച്ച ഉറുഹു എന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തകരെ കാണുന്നു. അതിനിടയിൽ പലരും അവളെ  പ്രണയിക്കുന്നുണ്ട്, ഉപദ്രവിക്കുന്നുണ്ട്. താര തന്‍റെ വിശ്വാസമൂര്‍ത്തിയായ മാമയെ മറന്ന് ജീവിതത്തെ സ്വയം നിര്‍ണ്ണയിക്കാന്‍ ശേഷിയാര്‍ജ്ജിച്ച ശക്തയായ സ്ത്രീയായി മാറുന്നു. ഉഗാണ്ടയിലെ സ്വർണഖനികൾക്കായുള്ള തിരച്ചിലാണ് താരയുടെ ജീവിതം മാറ്റിമറിച്ചത്. ഈദി അമീനും മറ്റു പലരും വന്നത് അതിനുവേണ്ടിയായിരുന്നു. നോവല്‍ അന്ത്യത്തോടടുക്കുമ്പോള്‍ അവസാനം തന്റെ ആത്മകഥ പൂർത്തിയാക്കാതെ എയ്ഡ്‌സ് ബാധിച്ചു മരണപ്പെടുകയാണ് താര. താര എന്ന യുവതി പുരുഷ മേധാവിത്വത്തിനോടും അധികാരത്തോടും അടിയറവു പറയാത്ത, എന്തിനും തന്റേതായ അഭിപ്രായവും തീരുമാനങ്ങളുമുള്ളയാളാണ്. അതുകൊണ്ട് തന്നെ മാമ ആഫ്രിക്കയും ടി ഡി യും മനസ്സിൽ നിന്ന് മാഞ്ഞുപോയാലും താരാ വിശ്വനാഥ് എന്ന എഴുത്തുകാരിയെ അത്ര പെട്ടന്ന് ആർക്കും മറക്കാനാവില്ല..

താരയുടെ തൂലിക സുഹൃത്തായ രാമു, ഒരുപക്ഷെ നോവലിസ്റ്റ് തന്നെയാവാം. അദ്ദേഹമാണ് താരയുടെ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്. 440 പേജുകളുള്ള മാമ ആഫ്രിക്ക, ആഫ്രിക്കയെ കുറിച്ച് ഒന്നുമറിയാത്ത ഒരാൾക്ക് തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും നൽകുക. ടി ഡി രാമകൃഷ്ണൻ കാലങ്ങളായി ആഫ്രിക്കയിൽ ജീവിച്ചയാളാണെന്ന് തോന്നിപ്പോകും. ആഫ്രിക്കയും അവിടുത്തെ ജനങ്ങളും സംസ്കാരങ്ങളും ഭാഷയും ഭരണവും ചേര്‍ന്ന് രൂപംകൊള്ളുന്ന കഥാപരിസരം വായനക്കാര്‍ക്ക് വ്യത്യസ്തമായ ഒരനുഭവം സമ്മാനിക്കുമെന്ന കാര്യത്തിൽ തർക്കമില്ല

Contact the author

Mridula Hemalatha

Recent Posts

C J George 1 year ago
Books

സോദരത്വേനയുള്ള ചിന്ത- സി.ജെ.ജോർജ്ജ്

More
More
National Desk 1 year ago
Books

ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്ക്കാരം

More
More
Books

പിഗ്മെൻ്റ് -ചിതറി ഒന്നാകുന്ന പലതുകൾ - ദീപക് നാരായണന്‍

More
More
Web Desk 3 years ago
Books

സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന് ഈ വര്‍ഷത്തെ ബുക്കർ പ്രൈസ്

More
More
Dr. Jayakrishnan 3 years ago
Books

ജോസ് ചിറമ്മല്‍: മലയാള നാടക ചരിത്രത്തിലെ വഴിവിളക്ക് - ഡോ. ടി. ജയകൃഷ്ണൻ

More
More
Fasil 3 years ago
Books

ബഷീർ: തെരുവിലെ അഴുക്കു മൂലകളിലേക്ക് കാതോര്‍ത്ത മനുഷ്യ കഥാകാരന്‍

More
More