സോദരത്വേനയുള്ള ചിന്ത- സി.ജെ.ജോർജ്ജ്

കഴിഞ്ഞ ദിവസം കോഴിക്കോട് സര്‍വ്വകലാശാല കാമ്പസില്‍ റിലീസ് ചെയ്യപ്പെട്ട രണ്ടു പുസ്തകങ്ങളെ കുറിച്ച് പറയാനാണ് ഈ കുറിപ്പ്. രണ്ടും തത്വചിന്താപരമായ ചില ഒരുമ്പെടലുകളുടെ, അഥവാ  പ്രാക്സിസിന്റെ ഭാഗമാണ്. തത്വചിന്തയെന്നത് സാഹിത്യനിരൂപണത്തിന്റെ പര്യായമായി മനസ്സിലാക്കപ്പെടുന്ന ഒരു ഭാഷയാണ് മലയാളം. അതുകൊണ്ടുതന്നെ അപരിചിതമായ ചിലതുകാണുന്നതിന്റെയും കേൾക്കുന്നതിന്റെയും ഭാവഹാവാദികളോടെ മാത്രമേ നമ്മുടെ വായാനാസമൂഹത്തിന് ഒരു പക്ഷെ ഇവയെ എതിരേൽക്കാൻ കഴിയൂ.

ഞാനും ഇപ്പറഞ്ഞ വായനാസമൂഹത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇപ്പറഞ്ഞ അപരിചിതത്വം എന്നെയും ഭരിക്കുന്നുണ്ട്. പക്ഷേ, അതിനെ സ്വാഗതാർഹമായ ഒരു തലത്തിൽ കാണാൻ എനിക്കു കഴിയുന്നുണ്ട്, അഥവാ ഞാൻ ശ്രമിക്കുന്നുണ്ട്. ആ നിലയിൽ, മലയാളമെന്ന കുഞ്ഞുഭാഷ ഏതോ കാലത്ത് മറന്നുവെച്ച ചില പ്രയോഗങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായിട്ട് ഈ പുസ്തകങ്ങളെ കാണുന്നു. ചിന്ത ഇറക്കുമതി ചെയ്യാനുള്ളതാണ്, തിയറി ഇറക്കുമതി ചെയ്യാനുള്ളതാണ്, അതൊക്കെ വേവിക്കുന്ന അടുപ്പുകൾ മറ്റെവിടെയോ ആണെന്ന് പൊതുവെ കരുതപ്പെടുന്നു. അതാരുടെയും കുറ്റമല്ല. 

നമ്മുടെ ഭാഷയുടെ ചരിത്രത്തിലെ പരാധീനതകൾ നമ്മുടെ പരാധീനതകളാകുന്നതിന്റെ ഫലമാണിതെന്നു പറയാം. അതിനെ മറികടക്കുകയും അതേസമയം മറ്റുഭാഷകളിലുണ്ടാകുന്ന ചിന്തകളോട് സോദരത്വേന സംവാദത്തിലാവുകയും ചെയ്യുന്ന രണ്ടു തത്വശാസ്ത്രപഠിതാക്കളുടെ യത്നങ്ങളാണ് ഈ പുസ്തകങ്ങൾ.

കലയുടെ ഉണ്മ

'കലയുടെ ഉണ്മ'യാണ് ഒരു പുസ്തകം. ഭാഷയുടെ ഏറ്റവും ഉദാത്തമായ തലം വികസിക്കുന്നത്, അത് ചിന്തകളുടെ ഉരുത്തിരിയലിനു വിഭവമാകുമ്പോഴാണ്. ഇവിടെ നിസാർ അഹമ്മദ് കലയെ സംബന്ധിച്ച് ചിന്തിക്കുന്നു. കലയുടെ ഉണ്മയെ സംബന്ധിച്ച്, അത് ഞാൻ മനസ്സിലാക്കുന്ന രീതിയിൽ മനുഷ്യന്റെ ഉണ്മയെ സംബന്ധിച്ച വിചാരത്തിലേർപ്പെടലാണ്. കലയുടെ രഹസ്യങ്ങളെ തേടുകയല്ല. മറിച്ച് കല അതായിത്തീരുകയും അതായിത്തീരുന്നതിനെ സ്വയം നിർവ്വചിക്കുകയും ചെയ്യുന്നതിനെ വെളിപ്പെടുത്തിക്കാണിക്കാനുള്ള, അങ്ങനെയല്ല പറയേണ്ടത് –അറിയാനുള്ള ശ്രമമാണ് നടത്തുന്നത്. കലയെക്കുറിച്ചുള്ള ലളിതമായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഒരു ബഹിർഭാഗസ്ഥന്റെ കാഴ്ചപ്പാടിലാണ് ആരംഭിക്കുന്നതെങ്കിലും കലയുടെ കുമ്പസാരം കേൾക്കുന്ന മട്ടിലാണ് ഈ എഴുത്ത് വളരുന്നത്.

കല, ഉടൽ, ഉണ്മ, ചിന്ത എന്നിങ്ങനെ സങ്കല്പനങ്ങളെ ചുറ്റിയുള്ള പര്യാലോചനകളിലൂടെ കടന്നുപോവുകയും, മനുഷ്യജീവിതത്തെ സഫലമാക്കുന്ന കലയെയും ചിന്തയെയും സംബന്ധിച്ച നിരീക്ഷണങ്ങളായി രൂപപ്പെടുകയും ചെയ്യുന്നു. (ചില വാക്യങ്ങൾ പകർത്തുകയാണ്): “തത്വചിന്തയിൽനിന്നു നമുക്കു കിട്ടാവുന്നത് കലാസൃഷ്ടികളെ എങ്ങനെ വ്യാഖ്യാനിക്കാമെന്നോ മൂല്യനിർണ്ണയം ചെയ്യാമെന്നോ നമ്മോടു പറയുന്ന ഒരു പഠനസഹായി അല്ല, മറിച്ച് കല നമുക്ക് എന്താണ് എന്നോ കലാത്മകമാകുമ്പോൾ നാം എങ്ങനെ ആയിരിക്കുന്നുവെന്നോ നമ്മെ ഓർമ്മപ്പെടുത്തുന്ന ആംഗ്യമാണ്.” (പുറം 32.)

“കല മനുഷ്യോണ്മയുടെ ആവിഷ്കാരമാണ്. മനുഷ്യരുടെ ഉണ്മ, ഉണ്മയുടെതന്നെ വിശിഷ്ടമായ തുറവായതിനാൽ കലയിൽ ഉണ്മതന്നെയാണ് ഉന്മീലിതമാകുന്നത്” (പുറം80)

“ഏറ്റവും പൌരാണികമായ .... ചിന്താരൂപമാണ് അല്ല, ചിന്തയുടെ ആവിഷ്കാരരൂപമാണ് സാഹിത്യം, എപ്പോഴും ഉണ്ടായിരുന്നതും ഏറ്റവും പുരാതനവും ഏറ്റവും വൈവിദ്ധ്യമാർന്നതും ആയ ചിന്താരൂപം കലയാണ്” (പുറം 85)

“ഒരു കൃതി പൂർണ്ണമാവുന്നതോടുകൂടി മാത്രമാണ് അതു വിഭാവനം ചെയ്യപ്പട്ടത്. അതായത്, സൃഷ്ടികർത്താവിന്ന് ഇവിടെ കാരകത്വം ഇല്ല. ആ ആൾ സൃഷ്ടിപ്രക്രിയയുടെ ഉപാധിയായി കൂടെനിന്നു. വിഭാവനത്തിന്റെ നീക്കം ഇപ്രകാരം അനാദിയായ ഒരു പ്രസ്ഥാനത്തിന്റെ തുടർച്ചയായി കാണാം. ആവിഷ്കരണത്തിന്റെ ദ്വിതീയക്രമം പ്രഥമക്രമത്തിന്റെ തുടർച്ചതന്നെ. ഇതിന്നർത്ഥം ഒരു ചിത്രകാരി, ഒരു കവി,സംഗീതക, ശില്പി, ഒരു കൃതിയുടെ രചനയിൽ ആ ആളുടെ അദ്ധ്വാനം ചെലവഴിക്കുന്നില്ല എന്നല്ല. അതിലെ സങ്കേതങ്ങൾ അയാൾ അഭ്യസിക്കുകയും നൈപുണ്യം നേടുകയും ഒക്കെയാവാം. ഒരു കൃതി ഉണ്ടായി വരുന്നതിൽ ഇവെയാക്കെ നിർണ്ണായകമാവാം. എന്നിട്ടും അയാൾ സർഗ്ഗാത്മകമായി ഇടെപടുന്ന ഓരോ മുഹൂർത്തവും അയാൾക്ക് കിട്ടുന്ന ദാനമാണ്. എന്തെന്നാൽ ആ ആൾതന്നെ, അനാദിയായ ഒരു പ്രസ്ഥാനത്തിന്റെ ആവിഷ്കരണരൂപമായ ഒരു ദാനമാണ്. ” (പുറം 91)

ഇതൊക്കെ വായിക്കുമ്പോൾ എന്നെപ്പോലുള്ള സാഹിത്യ- കലാവിദ്യാർത്ഥികൾക്ക് ഉളവാകുന്ന ഉന്മേഷം വലുതാണ്. അപ്പോൾ അതിലേക്കുവന്ന മാർഗ്ഗത്തിലെ ചിന്താക്ലേശം സന്തോഷത്തിനു വഴിമാറുന്നു.

'വചനവും മാംസവും

രണ്ടാമത്തേത്, മധുവിന്റെ 'വചനവും മാംസവും' എന്ന പുസ്തകം. ഇതു പലപ്പോഴായി എഴുതപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ്. തത്വവിചാരപരമാണ് ഈ പുസ്തകവും. തത്വവിചാരപരമാകുന്നത് ചില ചിന്തകരുടെ പേരുകൾ ഉണ്ടെന്നതുകൊണ്ടല്ല. ഭാഷയെ ചിന്തയാകാൻ അനുവദിക്കുന്നതിലൂടെയാണ്. പല ചിന്തകരുമായും സംവദിച്ചുകൊണ്ട് മൂർത്തമായ സന്ദർഭങ്ങളിലേക്കു പകരുന്ന നോട്ടങ്ങളിലൂടെ തന്റെ ചുറ്റുവട്ടത്ത് ധൈഷണികമായി ജീവിക്കുന്നതിന്റെ തെളിവുകളാണ് ഈ പുസ്തകത്തിലെ ലേഖനങ്ങൾ.

പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ മാംസബദ്ധമായി വാക്കുകളെ പിന്തുടരുകയാണ് മധു. പതിനൊന്നു ലേഖനങ്ങളുണ്ട്. അദ്ദേഹം മുഖക്കുറിപ്പിൽ പറയുന്നതുപോലെ അകലം, അടുപ്പം, സ്പർശം, ആൾക്കൂട്ടം ആരോഗ്യം, സുരക്ഷ, അധികാരം, സമുദായം, ശരീരം, അറിവ് എന്നിങ്ങനെയുള്ള ആശയങ്ങളെ എഴുത്തുകാരൻ പരിചരിക്കുന്നു. അവ എത്രമേൽ വിശദമായ വിവക്ഷകളുള്ളതാണെന്നു പരിശോധിക്കുന്നു. ശരീരത്തിന്റെ വംശാവലി തേടുന്നതിലൊക്കെ ഇതു കാണാം. അവിടെ തത്വചിന്താചരിത്രത്തിലൂടെ സഞ്ചരിക്കുന്നു.

വൈദ്യശാസ്ത്ര ചരിത്രത്തിലെ പടവുകളിൽ മൃതശരീരം, ജീവൽശരീരം, വൈദ്യം, സ്റ്റെതസ്കോപ്പ് എന്നിവ അടയാളങ്ങളായി വർത്തിക്കുന്നതിനെ പരിശോധിക്കുന്നുണ്ട് ഒരു ലേഖനത്തിൽ. ഈ മേഖലയിൽ ആമുഖപഠനംപോലെ വായിക്കാവുന്ന ഒന്നാണത്. ദലിത് എന്ന പദത്തിന്റെ ആവിർഭാവത്തെയും പ്രയോഗത്തെയും മുൻനിറുത്തിയുള്ള ലേഖനം ആ പ്രയോഗത്തിന്റെ രാഷ്ട്രീയമായ ധ്വനികളിലേക്ക് നമ്മെ കൊണ്ടുപോകും. നമ്മുടെ നെറികെട്ട അറിവിന്റെ വ്യവസ്ഥയിൽനിന്ന് സ്വയം പറിച്ചുമാറ്റുന്ന ഒരു പ്രക്രിയ ആ പദപരിപാലയില്‍ മറിഞ്ഞുകിടപ്പുണ്ടെന്ന് മധു കാണുന്നു. ഇത്തരം ഇടപെടലുകളിലൂടെ, അറിവുപ്രയോഗവും രാഷ്ട്രീയവിവേകവുമായി മാറുന്ന അറിയൽ എന്ന പ്രക്രിയയിൽ ഏർപ്പെടുകയാണ് മധു മറ്റു ലേഖനങ്ങളിലും ചെയ്യുന്നത്. ഇപ്പറഞ്ഞ അറിയൽപ്രക്രിയ ഈ രണ്ടു പുസ്തകങ്ങളെയും ചേർത്തുനിർത്തുന്ന ഒരു കാര്യവുമാണ്. മധുവിന്റെ എഴുത്തിനുള്ള വ്യക്തതയും വെടിപ്പും ഡി. സി. ബുക്സ് പരമ്പരയിൽവന്ന പുസ്തകം തുടങ്ങിയേ നമ്മൾ കാണുന്നതാണ്. ഈ പുസ്തകവും അതിന്റെ തുടർച്ച കാണിക്കുന്നു.

ഈ പുസ്തകങ്ങളെ മുൻനിറുത്തിയുള്ള പ്രത്യാശ 

മലയാളഭാഷയുടെ പുരോയാനത്തിൽ കൌതുകമുള്ള ഒരാൾ എന്ന നിലയിൽ ഈ ഭാഷയിൽ ചിന്താഭാഷാഭേദങ്ങളും ശാസ്ത്രഭാഷാഭേദങ്ങളും ഉളവായിവരുമെന്ന പ്രത്യാശയാണ് ഈ പുസ്തകങ്ങളെ മുൻനിറുത്തി, എനിയ്ക്കു പങ്കുവെയ്ക്കാനുള്ളത്. ആദ്യകാല വിവർത്തനങ്ങളെപ്പോലെ വിഭ്രമിപ്പിച്ചാലും ഇതുപോലുള്ള തുടക്കങ്ങൾ ഈ ഭാഷയിലുണ്ടാക്കുന്ന ചലനം അതിന്റെ പരാധീനതകളിൽനിന്നുള്ള വിമുക്തിയ്ക്കു കാരണമാകും എന്നു പ്രതീക്ഷിക്കാം. ആ നിലയിൽ ഈ ഭാഷയുടെ സാംസ്കാരികമായ എഞ്ചിനിയറിങ്ങിന്റെ ചുവടുകളായി ഈ പുസ്തകങ്ങളെ കാണാൻ ഞാൻ താല്പര്യപ്പെടുന്നു.വിവിധ വിജ്ഞാനശാഖകളിൽ പ്രവർത്തിക്കുന്ന പണ്ഡിതർ അതതു മേഖലകളിൽ ഇത്തരം തുടക്കങ്ങൾക്ക് ഒരുമ്പെടേണ്ടതുണ്ട് എന്നു സൂചിപ്പിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുന്നു.

ഈ കാമ്പസ്സിന്റെ ധൈഷണികചരിത്രത്തിൽ തിളങ്ങിയ മനുഷ്യനാണ് ഡോ. ടി. കെ. രാമചന്ദ്രൻ. അദ്ദേഹത്തെ സ്മരിക്കുന്ന ഒരു പരിപാടിയിൽവെച്ച് ഈ പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു എന്നത് ഉചിതമായി.

ഉപസംഹരിക്കുന്നു. വായിക്കാത്ത പുസ്തകം ഇല്ലാത്ത പുസ്തകത്തിനു സമാനമാണ്. അതിനാൽ നിങ്ങൾ പുസ്തകം വാങ്ങി വായിക്കുവിൻ. ആദ്യം മധു, എന്നിട്ട് നിസ്സാർ എന്ന ക്രമത്തിൽ.

Contact the author

C J George

Recent Posts

National Desk 1 year ago
Books

ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്ക്കാരം

More
More
Books

മാമ ആഫ്രിക്ക അഥവാ കറുത്തവരുടെ പ്രണയം - മൃദുലാ ഹേമലത

More
More
Books

പിഗ്മെൻ്റ് -ചിതറി ഒന്നാകുന്ന പലതുകൾ - ദീപക് നാരായണന്‍

More
More
Web Desk 3 years ago
Books

സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന് ഈ വര്‍ഷത്തെ ബുക്കർ പ്രൈസ്

More
More
Dr. Jayakrishnan 3 years ago
Books

ജോസ് ചിറമ്മല്‍: മലയാള നാടക ചരിത്രത്തിലെ വഴിവിളക്ക് - ഡോ. ടി. ജയകൃഷ്ണൻ

More
More
Fasil 3 years ago
Books

ബഷീർ: തെരുവിലെ അഴുക്കു മൂലകളിലേക്ക് കാതോര്‍ത്ത മനുഷ്യ കഥാകാരന്‍

More
More