ഇരുപതാം നൂറ്റാണ്ടിലെ രക്ഷിതാവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മക്കളും - ആഷിഫ് കെ. പി.

വൈജ്ഞാനിക ലോകത്ത് കോമൻസെൻസ് 'ഇ -സെൻസ്' ആകുമ്പോൾ - 3-ാം ഭാഗം 

മലയാളിക്ക് ഏറ്റവും കൂടുതല്‍ അടുപ്പമുള്ള പദങ്ങളിൽ ഒന്നാണ് 'പാരന്‍റിംങ്ങ്'. രക്ഷാകർതൃത്വം എന്ന പച്ച മലയാളം തര്‍ജ്ജമയേക്കാള്‍ ഒരര്‍ഥത്തില്‍ മലയാളിക്ക് പഥ്യവും പരിചയവും 'പാരന്‍റിംങ്ങ്' എന്ന ഇംഗ്ലീഷ് വാക്കിനോടാണ് എന്നുപറയാം. 'ഇ' (e) കാലത്തെ പുതിയ തലമുറയെ മനസ്സിലാക്കുന്നതിനും അവരുടെ വളര്‍ച്ചയുടെ ദിശ നിര്‍ണ്ണയിക്കുന്നതിനും 'പാരന്‍റിംങ്ങിന്‍റെ പുതിയ ചിന്തകൾ ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണ്. ഓഫ്‌ലൈനിൽ നിന്ന് ഓൺലൈനിലേക്ക് വഴിമാറിയ മലയാളിസമൂഹം ഇക്കാര്യത്തില്‍ സവിശേഷ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

വ്യത്യസ്ത ചിന്തകളും അഭിലാഷങ്ങളുമായി വളരുന്ന പുതിയ തലമുറയെ കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന നല്ല മനുഷ്യനാക്കുക എന്ന ഉത്തരവാദിത്തമാണ് പാരന്‍റിംങ്ങിന്‍റെ ആത്യന്തിക ലക്ഷ്യം. മൊബൈൽ ഫോണിലും നവമാധ്യമങ്ങളിലും ഗെയിമുകളിലുമെല്ലാം ജീവിത സായൂജ്യം കണ്ടെത്തുന്ന യുവതലമുറയെ ജീവിതംകൊണ്ടും ചിന്തകൾകൊണ്ടും മാതൃകപരമായി സ്വാധീനിക്കാൻ മാതാപിതാക്കൾക്ക് സാധിക്കുമ്പോഴാണ് പാരന്‍റിംങ്ങ് അഥവാ രക്ഷാകർതൃത്വം അർത്ഥവത്താകുന്നത്.

ഇരുപതാം നൂറ്റാണ്ടിലെ രക്ഷിതാവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മക്കളും  

ഇന്റർനെറ്റിന്റെ ശാസ്ത്ര സാങ്കേതികതയിലും അതിന്റെ സാധ്യതകളെ എളുപ്പത്തില്‍ എത്തിപ്പിടിക്കാന്‍ ശേഷി നല്‍കുന്ന വ്യതസ്ത ഉപകരണങ്ങളിലും (മൊബൈൽ ഫോൺ, കമ്പ്യൂട്ടർ) വന്യമായ അഭിരുചിയോടെ ജീവിക്കുന്ന പുതിയ തലമുറയും അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് സദാ വേവലാതിപ്പെടുന്ന പഴയ തലമുറയും ഒരു പക്ഷെ നമ്മുടെ കാലത്തിന്റെ മാത്രം സവിശേഷതയാണ്. ശാസ്ത്ര സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടക്കുന്നതിന് മുന്‍പ് തലമുറകള്‍ തമ്മിലുള്ള അന്തരം ഇത്ര വലുതായിരുന്നില്ല എന്ന് കാണാന്‍ കഴിയും.  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജനിച്ചു വളരുന്ന പുതിയ തലമുറയെ ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച പഴയ തലമുറ വളർത്തിക്കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന പലവിധ സങ്കീര്‍ണ്ണതകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഈ വിടവ് തന്നെയാണ്. 

ഈ വിടവ് അല്ലെങ്കില്‍ തലമുറകള്‍ തമ്മിലുള്ള അന്തരം രക്ഷകർത്താവും മക്കളും തമ്മിൽ മാനസികവും ശാരീരികവുമായ സഘർഷങ്ങളിലേക്ക് വഴിവെക്കുന്നു. ഈ സംഘർഷത്തെ  'ജനറേഷൻ ഗ്യാപ്' എന്ന ഓമനപ്പേരിട്ട് നിസാരവത്കരിക്കുമ്പോൾ സമൂഹത്തിനും അതുവഴി വരും തലമുറക്കും സംഭവിക്കുന്ന വ്യക്തിഗതവും സാമൂഹികവുമായ തകർച്ചകളെയാണ് നാം കാണാതെ പോകുന്നത്. രണ്ട് തലമുറകള്‍ തമ്മില്‍ ഉണ്ടാകാവുന്ന ആശയപരമായ വ്യത്യസ്തതകളെ ജനറേഷൻ ഗ്യാപ് എന്ന നിലയില്‍ വിശകലനം ചെയ്യാം, എന്നാൽ ദിശാബോധവും ലക്ഷ്യബോധവും മനുഷ്യത്വവും നഷ്ടപ്പെടുന്ന യുവതലമുറയുടെ ജീവിത സമീപനങ്ങളെ ജനറേഷൻ ഗ്യാപ് എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. വിദ്യാഭ്യാസം സിദ്ധിച്ചവരും അത് നേടാന്‍ കഴിയാത്തവരും (സാമ്പത്തികവും സാമൂഹികവുമായ പരാധീനതകളാൽ) എന്നിങ്ങനെ സമൂഹത്തിൽ രണ്ട് വിഭാഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടതുപോലെ നല്ല പാരന്‍റിംങ്ങ് ലഭിച്ച കുട്ടികളും അല്ലാത്തവരും എന്ന രണ്ട് വിഭാഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെങ്കില്‍ പാരന്‍റിംങ്ങ് തികച്ചും മാതാപിതാക്കളിൽ മാത്രം നിക്ഷിപ്തമായ കടമയാണ്. വിദ്യാഭ്യാസവും പാരന്‍റിംങ്ങും തമ്മിലുള്ള ഈ വ്യത്യാസം മാതാപിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്.

സാമ്പത്തീകമായ ഉയര്‍ച്ചതാഴ്ച്ചകളൊന്നും ബാധകമല്ലാത്ത, ജീവിതത്തിന്റെ ഏതു തട്ടിലുള്ള മാതാപിതാക്കൾക്കും ആസ്വദിച്ചുകൊണ്ട്‌ നിറവേറ്റാവുന്ന കർത്തവ്യമാണ് പാരന്‍റിംങ്ങ്. യുവതലമുറക്ക് സ്വജീവിതംകൊണ്ട് മാതൃകയാവുക എന്നതാണ് രക്ഷിതാക്കൾക്ക് വേണ്ട അടിസ്ഥാന യോഗ്യത. മക്കൾക്ക് നൽകുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസം പാരന്‍റിംങ്ങിനെ സുഗമമാക്കും എന്നത് യാഥാർഥ്യമാണ്. എന്നാൽ മെച്ചപ്പെട്ട വിദ്യാഭ്യസം പാരന്‍റിംങ്ങിന് പകരമാവുന്നില്ല. വിദ്യാലയങ്ങളിൽ നിന്നുള്ള ബുദ്ധിവികാസവും മാതാപിതാക്കളില്‍ നിന്നുള്ള മൂല്യവിചാരങ്ങളും ഒരുപോലെ ഒരു കുട്ടിക്ക് ലഭിക്കുമ്പോള്‍ മാത്രമേ വ്യക്തിത്വമുള്ള ഒരു മകൾ അല്ലെങ്കിൽ മകൻ സൃഷ്ടിക്കപ്പെടുകയുള്ളൂ. അദ്ധ്യാപകർക്ക് രക്ഷിതാക്കളാകാൻ കഴിയില്ല. അദ്ധ്യാപകർ രക്ഷിതാക്കളാകാൻ  ശ്രമിച്ചാൽ, അദ്ധ്യാപനത്തില്‍ അവർക്ക് പൂർണത കൈവരിക്കാന്‍ കഴിയാതെ വരും. മാതാപിതാക്കൾ അവരിൽ അർപ്പിതമായ പാരന്‍റിംങ്ങ് എന്ന കർത്തവ്യത്തെ ഗൗരവപൂർവം തിരിച്ചറിഞ്ഞ് നിർവഹിക്കുക എന്നത് ഈ (e) കാലഘട്ടത്തിന്റെ "ഇ സെൻസ്" ആണ്. മാനുഷികവും സാമൂഹികവുമായ വ്യക്തിവികാസം സംഭവിക്കാതെ വൈജ്ഞാനികമായ ബുദ്ധിവികാസം മാത്രം സംഭവിച്ചാൽ ക്ലവർ ഡെവിള്‍സ് (Clever devils / കൗശലക്കാരായ പിശാചുകൾ) എന്ന തരത്തില്‍ സമൂഹവിരുദ്ധരായ ഒരു തലമുറ സൃഷ്ടിക്കപ്പെടും.

ഹെലികോപ്റ്റർ പാരന്‍റിംങ്ങ് (Helicopter Parenting)

'പാരന്‍റിംങ്ങിൽ മാതാവിനും പിതാവിനും തുല്യ ഉത്തരവാദിത്തമാണ്. 1970 കളിലെയും 80 കളിലെയും ഗൃഹാതുരത്വം നിറഞ്ഞ ചിന്തകളുമായി ജീവിക്കുന്ന 20-ാം നൂറ്റാണ്ടിലെ മാതാപിതാക്കൾ, 21-ാം നൂറ്റാണ്ടിലെ ഉത്തരാധുനിക തലമുറയെ വളർത്തുമ്പോൾ 'ഹെലികോപ്റ്റർ പാരന്‍റിംങ്ങ്' എന്ന അബദ്ധം സംഭവിക്കാറുണ്ട്. ചിന്തയിലും കാഴ്ചപ്പാടിലും വ്യത്യസ്തത നിലനിർത്തിക്കൊണ്ട് കുട്ടികളെ ഒരു ഹെലികോപ്റ്ററിൽ നിന്ന് നിരീക്ഷിക്കുന്നതുപോലെ അവരുടെ ജീവിതത്തെ പുറത്തുനിന്ന് സംശയബുദ്ധിയോടെ നിരീക്ഷിക്കുക എന്നതാണ് ഇതിലെ കാതലായ അബദ്ധം. തന്റെ മകളേയൊ മകനേയൊ വിശ്വാസത്തിലെടുക്കാതെ അവരുമായി ബന്ധപെട്ടവരിൽ നിന്ന് വിവരശേഖരണം നടത്തി, അതിന്റെ മാത്രം അടിസ്ഥാനത്തിൽ  അവരുമായി ഇടപഴകുക എന്നത് ഹെലികോപ്റ്റർ പാരന്‍റിംങ്ങ് സൃഷ്ടിക്കുന്ന തെറ്റായ പ്രവണതയാണ്. മക്കളെ വിശ്വാസത്തിലെടുത്ത് അവരോട് ഇടപഴകാനും തുറന്ന് സംസാരിക്കാനും സമയം കണ്ടെത്തേണ്ടത് തന്റെ കടമയാണ് എന്ന തിരിച്ചറിവ്  ഹെലികോപ്റ്റർ പാരന്‍റിംങ്ങ് എന്ന തെറ്റായ രീതി പിന്തുടരുന്ന എല്ലാ രക്ഷിതാക്കളും തിരിച്ചറിയേണ്ടതുണ്ട്. വിശ്വാസനഷ്ടം സംഭവിക്കാതെ ബന്ധങ്ങളെ നിലനിർത്തുക എന്നതാണ് വ്യക്തിത്വ വികാസത്തിന്റെ അടിസ്ഥാന അവശ്യകതകളിലൊന്ന്. തന്നെ വിശ്വാസത്തിലെടുക്കുന്നില്ല എന്ന തോന്നലാണ് കുട്ടികളുടെ മാനസികമായ അകൽച്ചയുടെ പ്രധാന കാരണം. ഇത്തരം മാനസിക അകൽച്ചയാണ് അനാവശ്യ ബന്ധങ്ങളിലേക്കും ചൂഷണങ്ങളിലേക്കും വഴിതെന്നിപ്പോകുന്നത്. 

നെഗ്ലെക്റ്റിംഗ് പാരന്‍റിംങ്ങ് (Neglecting Parenting)

''ജീവിതത്തിൽ വിജയിക്കാൻ വേണ്ടതെല്ലാം നിനക്ക്‌ ഞാൻ ഒരുക്കിതന്നിട്ടുണ്ട്''- എന്നുപറഞ്ഞ് വഴിമാറി നിൽക്കുന്ന നെഗ്ലെക്റ്റിംഗ് (neglecting / അവഗണന) പാരന്‍റിംങ്ങ് രക്ഷിതാക്കളുടെ മറ്റൊരു തെറ്റായ പ്രവണതയാണ്. "വേണ്ടതെല്ലാം ഒരുക്കിക്കൊടുത്തിട്ടുണ്ട്, ഇനി അവൾ/അവൻ തീരുമാനിക്കട്ടെ" മക്കളുടെ കൂടെ കഴിയാന്‍ സമയം കണ്ടെത്താൻ  കഴിയാത്ത രക്ഷിതാക്കൾ പറയുന്ന ഒരു സ്ഥിരം പ്രസ്താവനയാണിത്. അവശ്യമുള്ളതെല്ലാം ഒരുക്കിക്കൊടുക്കുന്നതോടൊപ്പം മക്കളെ കൂടെ നിർത്തി, അനിവാര്യമായ ഉപദേശങ്ങളിലൂടെ അവരെ ഉയർത്തികൊണ്ടുവരാനുള്ള വിവേകം ആധുനിക കാലത്തിന്റെ അനിവാര്യതയാണ്. പരസ്പരം ഉൾകൊള്ളാൻ കഴിയാതെ മാതാപിതാക്കളും മക്കളും മാനസികമായി വ്യത്യസ്ത ധ്രുവങ്ങളിൽ ജീവിക്കുക എന്ന ദുരവസ്ഥ നെഗ്ലെക്റ്റിംഗ് (neglecting ) പാരന്റിങ്ങിന്റെ അനന്തര ഫലമാണ്. അത്തരം സാഹചര്യത്തിലേക്ക് വഴിമാറാതെ ജീവിതാനുഭവങ്ങളുടെ വലിയ പാഠങ്ങൾ മക്കൾക്ക് പകരുന്ന മിത്രങ്ങളാകാൻ മാതാപിതാക്കൾക്ക് കഴിയണം. 

പെർമിസ്സിവ് പാരന്‍റ്സ് (Permissive Parents)

മക്കളോടുള്ള അമിത വാത്സല്യം കാരണം അവരെ പൂർണ വിശ്വാസത്തിലെടുക്കുന്ന ഒരു കൂട്ടം രക്ഷിതാക്കളുടെ കാലം കൂടിയാണിത്. തങ്ങളുടെ മക്കള്‍ തെറ്റ് ചെയ്യില്ല എന്ന മാതാപിതാക്കളുടെ അന്ധമായ വിശ്വാസം അവരെ പെർമിസ്സിവ് (Permissive / അനുവദീനമായ ) പാരന്‍റ്സ് ആക്കുന്നു."എന്റെ മകൻ/മകൾ, അവൻ അത് ചെയ്യില്ല" എന്ന വാക്കുകൾ പെർമിസ്സിവ് പാരന്‍റിംങ്ങിൽ എപ്പോഴും കേൾക്കാവുന്ന വാചകങ്ങളാണ്. പെർമിസ്സിവ് മാതാപിതാക്കളുടെ അന്ധമായ വിശ്വാസവും അമിതമായ വാത്സല്യവും പുതിയ കാലത്ത് അവരെ ഇന്‍റർനെറ്റിന്‍റെയും മൊബൈൽ ഫോണിന്‍റെയും മുഴുവൻ ദുരന്തവും പേറുന്ന അടിമകളാക്കി മാറ്റും. 

പെർമിസ്സിവ് പാരന്‍റിംങ്ങിന്‍റെ മുഖ്യലക്ഷണമായ അമിത വാത്സല്യം കുട്ടിയെ ചെറിയ പരാജയങ്ങളെപ്പോലും ഉൾകൊള്ളാൻ കഴിയാത്തവരാക്കി മാറ്റും. ഏറ്റവും മോശം സന്ദര്‍ഭത്തില്‍ പോലും രക്ഷിതാക്കളുടെ "ഇല്ല / പറ്റില്ല (No)" എന്നീ മറുപടികള്‍ താങ്ങാന്‍ കെല്‍പ്പില്ലാത്തവരായി അവര്‍ മാറും. ശാസനകൾക്കും തിരുത്തലുകൾക്കും മാനസികമായി വഴങ്ങുന്നവരായി മക്കളെ മാറ്റിയെടുക്കാൻ മാതാപിതാക്കൾ ആവശ്യാനുസരണം "ഇല്ല / പറ്റില്ല " എന്ന് പറയാൻ പഠിക്കണം. ആവശ്യവും അത്യാവശ്യവും അനാവശ്യവും തമ്മിൽ തിരിച്ചറിയാൻ ഇത്തരം മറുപടികൾ കുട്ടികളെ സഹായിക്കും. ഈ തിരിച്ചറിവ് കുട്ടികൾക്ക് നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ലോകവും കാലവും മുന്നോട്ടുവെയ്ക്കുന്ന ആർഭാടങ്ങളെല്ലാം തങ്ങള്‍ക്ക് സ്വന്തമാകണമെന്ന് പിടിവാശിയുള്ള ലക്ഷ്യബോധമില്ലാത്ത മസ്തിഷ്കത്തിനുടമകളായി അവര്‍ മാറും.

അതോറിറ്റേറിയൻ പാരന്‍റിംങ്ങ് (Authoritarian Parenting)

ഒരു അധികാരിയുടെ നിഷ്കകർഷത കൂടിയേ തീരൂ എന്ന തെറ്റിദ്ധാരണയോടെ മക്കളെ വളർത്തുന്ന അതോറിറ്റേറിയൻ (Authoritarian / സ്വേച്ഛാധിപതി) പാരന്‍റിംങ്ങ് ഇന്നും നിലനിൽക്കുന്നു. താൻ ജീവിച്ച സഹചര്യങ്ങളിലെ ചിട്ടകളും കാഴ്ചപ്പാടുകളും മാത്രമാണ് ശരി എന്ന് കരുതുന്ന ഇവർ, പുതിയ കാലത്തിന്റെ രീതികളെ പൂർണമായി തിരസ്കരിച്ച് ഒരു തുറന്ന സംസാരത്തിനുള്ള അവസരം പോലും മക്കൾക്ക് നിഷേധിക്കും. പുതിയ കാലം തിന്മയുടെയും പഴയ കാലം നന്മയുടേതുമാണെന്ന് വിശ്വസിക്കുന്ന ഇത്തരം മാതാപിതാക്കൾ ആധുനികതയെ പരിപൂർണമായി പുച്ഛിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യും. വിവിധ തരത്തിലുള്ള വളർച്ചക്ക് അനിവാര്യമായി ലഭിക്കേണ്ട സ്വാതന്ത്ര്യം അതോറിറ്റേറിയൻ പാരന്‍റിംങ്ങിലൂടെ നിഷേധിക്കപ്പെടുമ്പോൾ ഓരോ വ്യക്തിക്കും തന്നില്‍ ഉള്ളടങ്ങിയിട്ടുള്ള കഴിവുകളെ തിരിച്ചറിയാനുള്ള സാധ്യതകളാണ് നിഷേധിക്കപ്പെടുന്നത്. താൻ മാത്രമാണ് ശരി എന്ന് കരുതുന്ന അതോറിറ്റേറിയൻ ചിന്താഗതി ബന്ധങ്ങളെയും ജീവിത പുരോഗതിയെയും നാശത്തിലേക്ക് നയിക്കും. സ്വേച്ഛാധിപത്യത്തിന്റെ സ്വരത്തിൽ നിന്ന്  ജനാധിപത്യത്തിന്റെ സ്വരത്തിലേക്ക് ബന്ധങ്ങളെ ഉയർത്താൻ കഴിഞ്ഞാൽ മക്കളെ അറിഞ്ഞ്, ആസ്വദിച്ച് വളർത്താൻ മാതാപിതാക്കൾക്ക് കഴിയും.

അതോറിറ്റേറ്റിവ് പാരന്‍റിംങ്ങ് (Authoritative Parenting)

കാലം ആവശ്യപ്പെടുന്നത് അതോറിറ്റേറ്റിവ് (Authoritative /ആധികാരികം) പാരന്‍റിംങ്ങ് ആണ്. കുട്ടിക്ക് ചെറുപ്പം മുതൽ തന്നെ പരിപൂർണ വിശ്വാസത്തോടെ എല്ലാം തുറന്ന് സംസാരിക്കാൻ കഴിയുന്ന നിലവാരത്തിലേക്ക് മാതാപിതാക്കൾ ഉയരുക എന്നതാണ് അതോറിറ്റേറ്റിവ് പാരന്‍റിംങ്ങിന്‍റെ മുഖ്യലക്ഷണം. 'ജീവിതത്തിന്‍റെ എല്ലാ മേഖലയിലും എനിക്കൊപ്പം എന്റെ രക്ഷിതാവുണ്ട്'- എന്ന മകളുടെ / മകന്റെ വിശ്വാസം അവരെ തുറന്ന സംസാരത്തിന് സഹായിക്കും. ചെറുപ്പം മുതൽ തന്നെ തുറന്ന സംസാരത്തിനുള്ള അനൗദ്യോഗിക വേദികൾ (തീൻമേശ) വീട്ടിലുണ്ടായാൽ  തുറന്ന സംസാരങ്ങളാലും അഭിപ്രായ പ്രകടനങ്ങളാലും വീട് സജീവമാകും. വളരുന്ന കുട്ടികളുടെ വ്യക്തിത്വരൂപികരണത്തിൽ, ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്കുള്ള സാധ്യതകള്‍ വഴി അനുഭവിക്കുന്ന സ്വാതന്ത്ര്യം വഹിക്കുന്ന സ്വാധീനം ചെറുതല്ല. ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ മാതാപിതാക്കളോട് സംസാരിച്ച് പരിഹരിക്കാനുള്ള പക്വത മക്കളിൽ ഉണ്ടാകുമ്പോഴാണ് പാരന്‍റിംങ്ങ് പൂർണതയിലേക്ക് ഉയരുന്നത്. ലക്ഷ്യബോധവും സാമൂഹ്യബോധവുമുള്ള കുട്ടികളിൽ, വിശ്വാസത്തോടെ തുറന്ന് സംസാരിക്കാൻ കഴിയുന്ന മാതാപിതാക്കളുടെ സ്വാധീനം കണ്ടെത്താം. 

ഇ (e) ലോകത്ത് നിന്ന് വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ ഓരോ രക്ഷിതാവിനും കഴിയണം. സ്ക്രീനുകൾക്ക് അടിമയായ കുട്ടികളുടെ മസ്തിഷ്കത്തിന് പേജുകളോടും അതിലുള്ള അക്ഷരങ്ങളോടും ശക്തമായ വിരക്തിയുണ്ടാവും. ഡിജിറ്റൽ സ്ക്രീനുകളിലെ സ്വൈരവിഹാരത്തിന് കുട്ടികളെ അനുവദിക്കുമ്പോൾ ലോകം കണ്ടും കേട്ടും അറിയാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. അതിനെല്ലാമുപരിയായി ഡിജിറ്റൽ സ്ക്രീനിനോടുള്ള വന്യമായ അടിമത്തം കുടുംബങ്ങളിൽ ശാരീരികവും മാനസികവുമായ സംഘർഷങ്ങൾക്ക് കാരണമാവും. വായനയുടെ ലോകത്തെ ആസ്വദിക്കാനും അപഗ്രഥനശേഷി ഉയർത്താനും വീടുകളിൽ കൊച്ചു ലൈബ്രററിയും വായനാ ചർച്ചകളും ഉണ്ടാവണം. മസ്തിഷ്ക്കം ഡിജിറ്റൽ ലോകത്തിന് പണയം വെക്കാതെ മണ്ണിലിറങ്ങി കളിയ്ക്കാനും വായിച്ചുവളർന്ന് വിളയാനും നമ്മുടെ കുട്ടികൾക്ക് കഴിയണം. ഡിജിറ്റൽ അടിമകളാകാതെ സമൂഹത്തിൽ ആത്മാഭിമാനത്തോടെ  ജീവിക്കാനും സഹജീവികളോട് മാന്യമായി പെരുമാറാനുള്ള വിവേകവും മക്കളിൽ വളർത്തണം. ഇതിനായി 'കതിരിൽ വളം വെയ്ക്കലല്ല' പാരന്‍റിംങ്ങ് എന്ന തിരിച്ചറിവോടുകൂടി തന്നിലുള്ള പാരന്‍റിംങ്ങിനെ മാറ്റുരച്ചുനോക്കാനുള്ള കടമ ഓരോ രക്ഷിതാവിലും നിക്ഷിപ്തമാണ്. 

(ഫാറൂഖ് കോളേജ്, പിഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ സിവിൽ സർവീസ് എക്‌സാമിനേഷൻസ് അക്കാഡമിക് ഹെഡും, Learning Radius ചെയര്‍മാനുമാണ് ലേഖകന്‍)
Contact the author
Irfan Kavanur
8 months ago

Great Message sir❤️

0 Replies
najmudheen mt
8 months ago

സർ, ജനറേഷൻ ഗ്യാപ്പിനേക്കാൾ ഭീകരമാണ് കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്. പുതുതലമുറയിലെ കുട്ടികൾ രക്ഷിതാക്കളോട് പ്രത്യേകിച്ച് പിതാവിനോട് സംസാരിക്കാൻ ഇഷ്ട പെടുന്നില്ല. ഇത് വീട്ടിൽ പരിഹരിക്കാനുള്ള വഴി രക്ഷിതാക്കൾ കണ്ടെത്തണം

0 Replies
fathima silvi
8 months ago

Well said?

1 Replies
fathima silvi
8 months ago

Well said...

Shafeek Hassan
8 months ago

തികച്ചും കാലിക പ്രസക്തമായ ഒരു പോസ്റ്റ്, മാതാപിതാക്കളെ സംബന്ധിച്ച് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി....

0 Replies

Recent Posts

Ashif K P 1 year ago
Education Policy

കൽക്കട്ട മദ്രസ്സയിൽ നിന്ന്‌ ദേശിയ വിദ്യാഭ്യാസ നയം വരെ - ആഷിഫ് കെ. പി.

More
More
Education Policy

ദേശിയ വിദ്യാഭ്യാസ നയം: പരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗം - ഡോ. കെ എസ് മാധവൻ

More
More
P. K. Pokker 1 year ago
Education Policy

പുതിയ വിദ്യഭ്യാസനയം: രാജ്യം ആയിരം വര്‍ഷം പിന്നിലേക്ക് പോയേക്കും- പ്രൊഫ. പി.കെ. പോക്കര്‍

More
More