പുതിയ വിദ്യഭ്യാസനയം: രാജ്യം ആയിരം വര്‍ഷം പിന്നിലേക്ക് പോയേക്കും- പ്രൊഫ. പി.കെ. പോക്കര്‍

കേന്ദ്ര സര്‍ക്കാര്‍ പുതുതായി അംഗീകരിച്ച വിദ്യാഭ്യാസ നയം പ്രത്യക്ഷത്തില്‍ നൂതനവും ഉള്ളടക്കത്തില്‍ ഭീകരവുമാകുന്നത് എന്തുകൊണ്ടാണ്?  പരിമിതിക്കകത്ത് ഇന്ത്യ നിലനിര്‍ത്തിയ ബഹുസ്വരതയും ജനാധിപത്യവും ശാസ്ത്ര പുരോഗതിയും ചോദ്യം ചെയ്യുന്ന ഈ നയ സമീപനം തിരിച്ചറിയേണ്ടത് ഭാവിക്കുമാത്രമല്ല വര്‍ത്തമാന ജീവിതത്തിനുതന്നെ അനിവാര്യമാണ്. നോട്ടു നിരോധനത്തെക്കാളൊക്കെ അപ്പുറം രാജ്യാത്തെ സ്തംഭിപ്പിക്കുന്ന സമീപനങ്ങളാണ് ഇതിന്റെ ഉള്ളടക്കത്തിലുള്ളത്. എത്ര വര്‍ഷം, ഏതെല്ലാം ക്രമീകരണം  എന്നതല്ല. കാലോചിതമായ പഠന പ്രകൃയക്ക് ആക്കം കൂട്ടാന്‍ ഈ വിദ്യാഭ്യാസ നയം കൊണ്ട് കഴിയുമൊ എന്നതാണ് വിശകലന വിധേയമാക്കേണ്ടത്.

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ വരുന്ന നാലഞ്ച് വർഷങ്ങൾ കൊണ്ട് രാജ്യം പ്രാകൃതമായ പിന്നോക്കാവസ്ഥയിലേക്കു പോയേക്കും. പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാർ അംഗീകരിച്ചതുപോലെ നടപ്പിലാവുകയാണെങ്കിൽ നമ്മുടെ രാജ്യം ഇതുവരെ നേടിയതും, നിലനില്കുന്നതുമായ എല്ലാ പുരോഗതികളും ഇല്ലാതാകും. പുതിയ ബില്ലിൽ ഊന്നൽ കൊടുത്തു പറയുന്ന ഒരു കാര്യം പാരമ്പര്യത്തെകുറിച്ചാണ്.

അഗ്രഹാര കേന്ദ്രിത വ്യവസ്ഥയിലേക്കു വീണ്ടും... 

ഏതു ദേശത്തിനും ചില അഥവാ പല പാരമ്പര്യങ്ങൾ ഉണ്ടാകും. അവ മ്യൂസിയം കാഴ്ചകളായൊ, ഹെറിറ്റേജ് സംരക്ഷണമായൊ കൊണ്ടുനടക്കുന്നതും, താല്പര്യമുള്ളവർ പഠിക്കുന്നതും നല്ലതാണ്. അതിനപ്പുറം ആ കടന്നുപോയ കാഴ്ചകളാണ് നമ്മുടെ ഭാവി എന്ന് കരുതുന്നത് അപകടകരമായ ഗൃഹാതുരതയിൽ കവിഞ്ഞ് ഒന്നും ഉണ്ടാക്കുകയില്ല. യോഗ ചെയ്താൽ ശരീര വടിവ് ( (posture) ഉണ്ടാക്കാമെന്നല്ലാതെ, വൈറസിനെയൊ, ബാക്റ്റീരിയയെയൊ ചെറുക്കാനും ഇല്ലാതാക്കാനും  കഴിയില്ലെന്ന പാഠം ഇപ്പോൾ നരേന്ദ്ര മോദി  പോലും മനസ്സിലാക്കിക്കാണും. 

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഇനം ഏഴിൽ പറയുന്ന പാരമ്പര്യപഠനത്തിലാണ് പൊതുവില്‍ ആ നയം ആകെത്തന്നെ കേന്ദ്രീകരിച്ചിരിക്കുന്നത്. അവയെല്ലാം കൂടി ഒരു അനുബന്ധ പഠനത്തിലപ്പുറം വിദ്യാർത്ഥികൾക്കൊ, ഭാവിക്കൊ ആവശ്യമുള്ളതല്ല. 

അതിനേക്കാളുപരി സംസ്കൃതത്തിനു ഊന്നൽ കൊടുക്കുമെന്ന നിലപാട് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വീട്ടുഭാഷയായി ബ്രാഹ്മണർ സംസ്കൃതം ഉപയോഗിച്ച കാലത്ത് അതിനോട് കലഹിച്ചാണ് വി ടി ഭട്ടതിരിപ്പാടും മറ്റും പുറത്തുവന്നത്. 'കർമ്മ വിപാക'മൊന്നെടുത്തു വായിച്ചാൽ ആ കാലഘട്ടത്തിൽ ബ്രാഹ്മണർ പോലും പ്രത്യേകിച്ച്, കുട്ടികളും, സ്ത്രീകളും അഭിമുഖീകരിച്ച ക്ലേശങ്ങൾ മനസ്സിലാകും. പാലി ഭാഷയെയും ഉർദുവിനെയും അമർച്ച ചെയ്തതുപോലെ ഇന്ത്യയിലെ നൂറുകണക്കിന് പ്രാദേശിക ഭാഷകളും, സംസ്കൃതികളും, കൂട്ടായ്മകളും ഇല്ലാതാക്കി രാജ്യത്തെ ഒരു അഗ്രഹാര കേന്ദ്രിത വ്യവസ്ഥയിലേക്കു വെട്ടിച്ചുരുക്കുന്ന സർവതല സ്പര്‍ശിയായ പ്രവർത്തന പദ്ധതിയുടെ ഭാഗം മാത്രമാണ് ഈ വിദ്യാഭ്യാസ പരിഷ്‌കാരം. 

കമ്പ്യൂട്ടർ  ശൃംഖലകളുടെ വികാസ സന്ദർഭത്തിൽ ഫ്രഞ്ച് ഗവണ്‍മെന്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് ഫ്രാൻസ്വ ല്യോതാര്‍  ( Jean François Lyotard ) ഒരു റിപ്പോർട്ട് നൽകിയത്. അത് പിന്നീട് വലിയ സംവാദങ്ങൾക്ക് വഴിവെച്ച ആധുനികോത്തര ചിന്തയായി. അതിൽ ഉയർത്തുന്ന വലിയ ഒരു വിമർശം സാങ്കേതിക മുതലാളിത്തത്തോടൊപ്പം ഉന്നത വിദ്യാഭ്യാസം കേന്ദ്രീകൃതമായും, മൂലധനത്തെ ആശ്രയിച്ചും ആവുമെന്നതായിരുന്നു. വാസ്തവത്തിൽ ലോകത്തെയാകെ സാമ്പത്തിക മാന്ദ്യം (global recession) പിടിച്ചുലച്ചപ്പോൾ നമ്മുടെ രാജ്യം പിടിച്ചുനിന്നത് ഭാഗികമായെങ്കിലും പൊതു വിദ്യാഭ്യാസവും, പൊതു വിതരണവുമുള്ളത് കൊണ്ടുമാത്രമായിരുന്നു. അതെല്ലാം തകർത്തു. സമ്പൂർണ സ്വകാര്യവൽക്കരണവും സർഗ്ഗാത്മക ന്യൂനപക്ഷമെന്ന ( creative minority) ആർഎസ്എസ് ആശയത്തിന്റെ പ്രയോഗവൽക്കരണവും ആയിരിക്കും ഇവിടെ നടക്കുക. 

സാങ്കേതികവിദ്യയിലും ഡിജിറ്റൽ വികാസത്തിലും ലോകം നേടിയ നേട്ടങ്ങളിൽ നിന്നും ഇനി ഒരു തിരിച്ചുപോക്ക് ഒരിക്കലും ആരോഗ്യകരമാവില്ല. ഒരു കുട്ടിക്ക് അഞ്ചു ഭാഷകളെങ്കിലും പഠിക്കാനുള്ള കഴിവുണ്ട് എന്നതാണ് യാഥാർഥ്യം. അവ പരിപോഷിപ്പിക്കേണ്ട 'ഗ്ലോബൽ വില്ലജ്' രൂപപ്പെട്ട ഒരു കാലത്ത് കുട്ടികളെ നാട്ടാചാരങ്ങളിലേക്കു സങ്കോചിപ്പിക്കരുത്. കണക്കും മാതൃഭാഷയും പഠിപ്പിച്ചു സാധാരണക്കാരെ പത്തു വയസ്സിൽ പണിയിടങ്ങളിലേക്കു അയക്കാനുള്ള ഒരു 'ഗൂഢപദ്ധതി' ഇതിൽ ഉള്ളടങ്ങിയിട്ടുണ്ട്. മാത്രമല്ല അതിനിടയിൽ കപട ദേശീയതയുടെ ബ്രാഹ്മണ പാഠങ്ങൾ ഉരുവിട്ട് ജാതിബദ്ധ അകലവും അനുസരണവുമുള്ള  ഒരു അടിത്തട്ട് സമൂഹത്തെ വാർത്തെടുക്കാനും ലക്ഷ്യമിടുന്നതായി കാണാം. പുതിയ കാലം ഉല്പാദിപ്പിക്കാൻ തുടങ്ങിയ ചെറിയ ചെറിയ പ്രതിരോധങ്ങൾ പോലും ഇല്ലാത്ത പൊതു സമൂഹത്തെ ഇത് ലക്ഷ്യമിടുന്നു. 

ബഹുസ്വരവും, ശാസ്ത്രബദ്ധവും, സൗന്ദര്യാത്മകവും, ദാര്‍ശനികവുമായ ഒരു ബൃഹത് പദ്ധതിയാണ് ഇവിടെ വികസിപ്പിക്കേണ്ടത്. തത്വചിന്തക്കു പകരം മതമൊ, ശാസ്ത്രത്തിനു പകരം അന്ധവിശ്വാസമോ, ബഹുസംസ്കാരത്തിനു പകരം ഏക ശിലാ സംസ്കാരമോ അടിച്ചേൽപ്പിക്കുന്നത് അപകടകരമാണ്. ഭക്ഷണവും വസ്ത്രവും പാർപ്പിടവും മാത്രമല്ല മനുഷ്യർക്ക് സ്വതന്ത്രമായി ചിന്തിക്കാനും, ആവിഷ്കരിക്കാനും, ആസ്വദിക്കാനും കൂടി ഉള്ളതാണ് ഈ ലോകം. ജനാധിപത്യം വിസ്തൃതമാവുമ്പോൾ മാത്രമാണ് ഒരു ജനത സംതൃപ്തിയിലും സമാധാനത്തിലും സഹകരണത്തിലും ജീവിക്കുക. രാജ്യാതിര്‍ത്തികള്‍ മാഞ്ഞുപോകുന്ന, അതിരുകളില്ലാത്ത മാനവികതയുടെ ഭാവി ലോകത്ത് സൗന്ദര്യശാസ്ത്രപരവും, നൈതികവുമായ ശാസ്ത്ര പരികല്പനയാണ് വികസിപ്പിക്കേണ്ടത്. തിരിച്ചറിവിന്റെ ബഹുസ്വരതയാണ് അതിന്റെ അടിത്തറയാവേണ്ടത്. 

Contact the author

P. K. Pokker

Recent Posts

Ashif K P 3 years ago
Education Policy

ഇരുപതാം നൂറ്റാണ്ടിലെ രക്ഷിതാവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മക്കളും - ആഷിഫ് കെ. പി.

More
More
Ashif K P 3 years ago
Education Policy

കൽക്കട്ട മദ്രസ്സയിൽ നിന്ന്‌ ദേശിയ വിദ്യാഭ്യാസ നയം വരെ - ആഷിഫ് കെ. പി.

More
More
Dr K.S.Madhavan 3 years ago
Education Policy

ദേശിയ വിദ്യാഭ്യാസ നയം: പരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗം - ഡോ. കെ എസ് മാധവൻ

More
More