കൽക്കട്ട മദ്രസ്സയിൽ നിന്ന്‌ ദേശിയ വിദ്യാഭ്യാസ നയം വരെ - ആഷിഫ് കെ. പി.

വിദ്യഭ്യാസ വൈജ്ഞാനിക ലോകത്ത് കോമണ്‍സെൻസ് 'ഇ-സെൻസ്' ആകുമ്പോൾ 

ഭാഗം: 2

All organizations are organic and perishable. They are created by people and they need to be constantly re-created if they are to survive. (എല്ലാ പ്രസ്ഥാനങ്ങളും ജൈവവും നശ്വരവുമാണ്. അവയെല്ലാം മനുഷ്യരാൽ സൃഷ്ടിക്കപ്പെട്ടവയാണ്, നിലനിൽക്കണമെങ്കിൽ അവ നിരന്തരം പുനർനിർമ്മിക്കേണ്ടതുണ്ട്) Out of Our Minds by Ken Robinson

ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യ കമ്പനി 1781-ൽ വാറൻ ഹേസ്റ്റിങ്സിന്‍റെ നേതൃത്വത്തിൽ തുടങ്ങിയ കൽക്കട്ട മദ്രസയിൽ നിന്നും,1791 ൽ ജോനാഥൻ ഡങ്കൻ തുടങ്ങിയ സംസ്കൃത കോളേജിൽ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ദേശിയ വിദ്യാഭ്യാസ നയത്തിൽ (National Education Policy 2020) എത്തിനിൽക്കുകയാണ് ഇന്ത്യയുടെ ഇരുനൂറ്റിനാല്പത് വർഷത്തെ സാമ്പ്രദായിക വിദ്യാഭ്യാസ ചരിത്രം. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ഭാവി സാധ്യതകളും പരിമിതികളും അസമത്വവും  വിശകലനം ചെയ്യുമ്പോൾ അതിബൃഹത്തും വൈവിധ്യപൂര്‍ണ്ണവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്നത് എന്ന വ്യക്തത അനിവാര്യമാണ്. 1.5 ദശലക്ഷത്തിലധികം വിദ്യാലയങ്ങളും 260 ദശലക്ഷം വിദ്യാർത്ഥികളുമുള്ള ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസ സംവിധാനം ചൈനക്കുശേഷം ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്‌കൂൾ വിദ്യാഭ്യാസ സംവിധാനമാണ്.  37.4 ദശലക്ഷത്തിലധികം കുട്ടികളും നാല്പതിനായിരത്തോളം കോളേജുകളും ഉൾകൊളുന്ന ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടി ഇതിൽ ഉൾപെടുത്തുമ്പോൾ ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന ശീർഷകം മുപ്പത് കോടി വരുന്ന വിദ്യാർത്ഥി സമൂഹവുമായി ബന്ധപ്പെടുന്നു എന്ന് മനസ്സിലാക്കാം. 

കൊവിഡ് കാലത്തെ ഓൺലൈൻ പഠനം ഇന്ത്യയിലെ ഡിജിറ്റൽ വിഭജനം (Digital divide) എന്ന വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയും ഓൺലൈൻ മേഖലയിലെ ഇന്ത്യയുടെ പരിമിതികളെയും സാധ്യതകളെയും ആഴത്തിൽ വിശകലനം ചെയ്യുന്നതിന് കാരണമാവുകയും ചെയ്തു. എല്ലാവർക്കും അവസര സമത്വം എന്ന ഭരണഘടനയുടെ അടിസ്ഥാന തത്വത്തിൽ നിന്നുകൊണ്ടും ഡിജിറ്റൽ വിഭജനം എന്ന വിഷയം ചർച്ച ചെയ്യപ്പെട്ടു. അനന്തമായ സാധ്യത നിലനിൽക്കുന്ന ഓൺലൈൻ വിദ്യാഭ്യാസത്തിൽ അവസര സമത്വം എന്ന ഭരണഘടനയുടെ അടിസ്ഥാന തത്വം പ്രാവർത്തികമാകണമെങ്കിൽ ഡിജിറ്റൽ വിഭജനം എന്ന പ്രതിസന്ധിയെ ഇന്ത്യ ദീർഘവീക്ഷണത്തോടെ മറികടക്കേണ്ടതുണ്ട്. 

ഡൽഹി, ഹിമാചൽ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ മാത്രമാണ് നഗര-ഗ്രാമീണ കുടുംബങ്ങൾക്ക് 50 ശതമാനത്തിലധികം ഇന്റർനെറ്റ് ലഭ്യമാകുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ 40 ശതമാനത്തിലധികം ഇന്റർനെറ്റ് ലഭ്യതയുണ്ട്. വലിയ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ ഇതിൽ താഴെയാണ് ഇന്റർനെറ്റ് ലഭ്യത. ഇന്ത്യയിലെ ഡിജിറ്റൽ വിഭജനത്തിലെ വ്യതിയാനം ഓൺലൈൻ പഠനത്തിന്റെ സാധ്യത പ്രാദേശികമായി വ്യത്യസ്തപ്പെടുത്തുന്നു. ഡിജിറ്റൽ വിഭജനം (Digital divide) സൃഷ്ടിക്കുന്ന അസമത്വം ശാസ്ത്രസാങ്കേതിക പുരോഗതയിലൂടെ കാലം മറികടക്കും എന്ന പ്രത്യാശ നിലനിർത്താം. 

ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ അവസരനിഷേധവും അസമത്വവും പരിമിതികളായി ഉൾകൊള്ളുമ്പോൾ തന്നെ ഇന്ത്യയിലെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതപഠനം ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഓൺലൈൻ വിദ്യാഭ്യാസ വിപണി 2018 ൽ 39 ബില്യൺ രൂപയായിരുന്നു, 2024 ഓടെ ഇത് 360.3 ബില്യൺ രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കപെടുന്നത്. നൂതന പഠന സാമഗ്രികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് (എംഎൽ), ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ബ്ലോക്ക്‌ചെയിൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളെല്ലാമാണ് ഈ പ്രതീക്ഷകളുടെ അടിസ്ഥാനം.

ഓൺലൈൻ എന്നത് ന്യൂ നോർമൽ ആയി മാറുമ്പോൾ ഇ- സെൻസ് എന്ന ഏഴാം ഇന്ദ്രിയത്തെ പുരോഗമനപരമായി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് 37.4 ദശലക്ഷം വിദ്യാർഥികളുള്ള ഇന്ത്യയെ ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് അമേരിക്ക കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ വിപണിയായാണ് കണക്കാക്കുന്നത്. നഗര-ഗ്രാമീണ മേഖലകളിൽ 50 ശതമാനത്തിലധികം ഇന്റർനെറ്റ് ലഭ്യമാകുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾ ഈ സാധ്യതയെ തിരിച്ചറിയാതെ പോകരുത്‌. ജീവിതത്തിന്റെ സമസ്ത മേഖലകളിലും പരിധിയില്ലാത്ത സാധ്യതകളുള്ള 5-G യുടെ കടന്നുവരവ് തിരിച്ചറിഞ്ഞുകൊണ്ടുള്ള തയാറെടുപ്പുകൾ എല്ലാ മേഖലയിലും എന്ന പോലെ വിദ്യാഭ്യാസ വൈജ്ഞാനിക രംഗത്തും അനിവാര്യമാണ്. വരും നാളുകളിൽ 5-G സാങ്കേതികത ജീവിത പരിവർത്തനത്തിന്‌ വഴി തെളിക്കും എന്ന് മനസിലാക്കി തയാറെടുപ്പിനുള്ള കാലമായി കോവിഡ് കാലത്തെ മാറ്റാവുന്നതാണ്. 

പരിമിതികളുടെ പുറത്തുകയറി പ്രതീക്ഷകളില്ലാതെ ആധുനിക വിദ്യാഭ്യാസത്തിന്റെ അനിവാര്യതകളെ ചർച്ച ചെയ്താൽ ഇന്ത്യയിൽ നമുക്ക് പരിമിതികൾ മാത്രമേ കാണാനാകൂ. 2017-18 ഗ്രാമവികസന മന്ത്രാലയത്തിന്റെ സർവേയിൽ  ഇന്ത്യയിലെ 36 ശതമാനം വിദ്യാലയങ്ങളും വൈദ്യുതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും 47 ശതമാനം ഇന്ത്യൻ കുടുംബങ്ങൾക്ക്  മാത്രമേ 12 മണിക്കൂറിലധികം വൈദ്യുതി ലഭിക്കുന്നുള്ളൂ എന്ന പരിമിതികളെല്ലാം കാലത്തിന്‌ മാറ്റാൻ കഴിയുന്നവയാണ് എന്ന ശുഭാപ്തി വിശ്വാസം വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് കൊണ്ടുപോകാനുള്ള അനിവാര്യതയാണ്. 1948 ലെ രാധകൃഷ്ണൻ കമ്മീഷനും 1964 ലെ കൊത്താരി വിദ്യാഭാസ കമ്മീഷനുമെല്ലാം ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിലെ രൂക്ഷമായ അടിസ്ഥാന സൗകര്യ പരിമിതികളെയും സാമ്പത്തിക പരാധീനതകളെയും വിശാലവും സൂക്ഷ്മവുമായ വിദ്യാഭ്യാസ നയങ്ങൾ കൊണ്ടാണ് അതിജീവിച്ചത്. 

ആധുനിക വിദ്യാഭാസത്തിന്റെ ആവശ്യകതകളെ ഓൺലൈൻ ഓഫ്‌ലൈൻ എന്ന വിഷയത്തിന്റെ ചർച്ചയായി ചുരുക്കാതെ വളരുന്ന തലമുറക്ക് വിദ്യാഭ്യാസത്തിലൂടെ നൽകേണ്ടതും അവർ ലക്ഷ്യം വെച്ചിരിക്കേണ്ടതുമായ മേഖലകൾ എന്ന വിശാല ചിന്തയിലേക്ക്‌ കൊണ്ടുവരേണ്ടതുണ്ട്. വിദ്യാർഥികളുടെ ജനസംഖ്യാ അനുപാതവും ഓൺലൈൻ ഓഫ്‌ലൈൻ പരിമിതികളും സാധ്യതകളുമെല്ലാം ആധുനിക വിദ്യാഭ്യാസ ലക്ഷ്യങ്ങൾ എന്ന സുപ്രധാന വിഷയത്തിന്റെ പശ്ചാത്തലങ്ങൾ മാത്രമാണ്. കൽക്കട്ട മദ്രസ്സയിൽ നിന്ന്‌  ദേശിയ വിദ്യാഭ്യാസ നയത്തിൽ എത്തിനിൽക്കുന്ന ഇന്ത്യൻ സമൂഹം ആധുനിക ലോകത്ത് വിദ്യാഭ്യാസത്തിന്റെ ദർശനവും ദൗത്യവും (vision and mission) എന്ന വിഷയത്തിനാണ്  ഊന്നൽ നൽകേണ്ടത്. 

"Children are natural learners with instinct learning capacity. But capacity  absolutely vary from one to another. So standardized test should not be the dominant culture of education. It Should be diagnostic and understanding not memorizing." കുട്ടികൾ‌ സ്വതസിദ്ധമായ പഠന ശേഷിയുള്ള സ്വാഭാവിക പഠിതാക്കളാണ്. എന്നാൽ അവരുടെ കഴിവുകൾ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സ്റ്റാൻ‌ഡേർ‌ഡൈസ്ഡ് ടെസ്റ്റ് വിദ്യാഭ്യാസത്തിൻറെ പ്രധാന സംസ്കാരമായിരിക്കരുത്. വിദ്യാഭ്യാസം  മികവിനെ കണ്ടെത്തുന്നതും തിരിച്ചറിവ് നൽകുന്നതും മനപാഠത്തിന് അതീതവുമാകണം എന്ന ആധുനിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള വീക്ഷണം ചിന്തനീയമാണ്. മികവിനെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന, മന:പാഠത്തിന്‌ അതീതമായി നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന് ഓൺലൈൻ ഓഫ്‌ലൈൻ എന്ന പരിമിതികളില്ല. നിലവാരം എന്ന മാനദണ്ഡം മാത്രം. 

ചില പ്രത്യേക വിഷയങ്ങളെ മാത്രം മാനദണ്ഡമാക്കി വിദ്യാർത്ഥികളുടെ കഴിവിനെ വിലയിരുത്തുന്ന നമ്മുടെ വിദ്യാഭ്യാസത്തിലെ ചിരപുരാതനമായ സംസ്കാരത്തിന് അനിവാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെ ങ്കിൽ സാമ്പ്രദായിക വിദ്യാഭ്യാസത്തിന് ആധുനിക ഓൺലൈൻ വിദ്യാഭ്യാസത്തിന് മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. മറിച്ച് സാമ്പ്രദായിക വിദ്യാഭ്യാസം എണ്ണി ചിട്ടപ്പെടുത്തിയ ചില വിഷയങ്ങളിലെ മാർക്ക് എന്ന മാനദണ്ഡത്തിനപ്പുറം വിദ്യാർത്ഥികളുടെ മികവിനെ തിരിച്ചറിഞ്ഞ് (diagnostic method) പരിപോഷിപ്പിക്കുന്ന നിലവരത്തിലേക്കുയർന്നാൽ സമ്പ്രദായിക വിദ്യാഭ്യാസിത്തിന്റെ സാധ്യത അനന്തമാണ്. വിദ്യാഭ്യാസം ശാസനയും നിയന്ത്രണവുമല്ല പകരം കാലികമായ സർഗ്ഗാത്മകതയാണ് എന്ന വിശാല വീക്ഷണത്തിലേക്ക് ആധുനിക വിദ്യാഭ്യാസ ചിന്തകൾ ഉയരേണ്ടതുണ്ട്. സ്റ്റാൻ‌ഡേർ‌ഡൈസ്ഡ് ടെസ്റ്റ് എന്ന ചരടിൽ മാത്രം കറങ്ങുന്ന വിദ്യാഭ്യാസ സംവിധാനത്തിന്‌ മാറ്റങ്ങൾ സംഭവിച്ചാൽ മാത്രമേ പഠനത്തെ കാലികമായ സർഗ്ഗാത്മകതയിലേക്ക് ഉയർത്തുക എന്ന അധ്യാപനത്തിന്റെ പങ്ക് പൂർത്തീകരിക്കാൻ അധ്യാപകർക്ക്‌ കഴിയൂ. വിദ്യാഭ്യാസ ലോകത്ത് മാർഗ്ഗനിർദ്ദേശങ്ങൾ മഴ പോലെയാണ്, അതിന് തയാറെടുത്തവർ പൂങ്കാവനം സൃഷ്ടിയ്ക്കും.

വിദ്യാഭ്യാസത്തിലൂടെ സർഗ്ഗശേഷിയുള്ള ഒരു തലമുറയെ രാജ്യത്ത് വാർത്തെടുക്കാൻ കഴിയുക എന്നത് കാലത്തിന്റെ വിഷയം എന്നതോടൊപ്പം നിലനിൽപ്പിന്റെ ആവശ്യവുമാണ്. ഒരോ രാജ്യത്തിന്റെയും ഡെമോഗ്രാഫിക് ഡിവിഡന്റ് (Demographic dividend) ആ രാജ്യത്തെ തൊഴിലെടുക്കാൻ കഴിയുന്ന 15 വയസ്സിനും 64 വയസ്സിനും ഇടയിൽ വരുന്ന  ജനസംഖ്യയെ സൂചിപ്പിക്കുന്നു. 135 കോടിയിലധികം വരുന്ന ഇന്ത്യയുടെ ജനസംഖ്യയിൽ 62 ശതമാനവും 15 വയസ്സിനും 64 വയസ്സിനും ഇടയിലാണ് എന്നതും ഇന്ത്യൻ ജനസംഖ്യയുടെ ശരാശരി വയസ്സ് 28 ആണ് എന്നതും രാജ്യപുരോഗതിക്കുള്ള വിവിധ തൊഴിൽ സാധ്യതകളാക്കി മാറ്റാൻ ആധുനിക വിദ്യാഭ്യാസത്തിന് കഴിയണം. അതിന് കഴിഞ്ഞിട്ടിലെങ്കിൽ ഏതൊരുരാജ്യവും ആഗ്രഹിക്കുന്ന പോസിറ്റീവ് ഡെമോഗ്രാഫിക് ഡിവിഡന്റ് (ജോലി ചെയ്യാൻ കഴിവുള്ള 15 വയസ്സിനും 64 വയസ്സിനും ഇടയിലുള്ളവർ കൂടുമ്പോൾ അത് രാജ്യത്തിന് നൽകുന്ന വികസനം) എന്ന സാധ്യത ഇന്ത്യയിൽ  അതിരൂക്ഷമായ തൊഴിലില്ലായ്‌മ സൃഷ്ഠിക്കുന്ന വിപരീത ഫലത്തിന് കാരണമാകും. പോസിറ്റീവ് ഡെമോഗ്രാഫിക് ഡിവിഡന്റ് എന്ന സാധ്യത ഉൾകൊള്ളാൻ വിദ്യാഭ്യാസത്തെ ദീർഘവീക്ഷണത്തോടെ ക്രമപ്പെടുത്തി തൊഴിലുകൾ സൃഷ്ടിച്ചിട്ടില്ലെങ്കിൽ ഡെമോഗ്രാഫിക് ഡിവിഡന്റ് എന്നത് ഡെമോഗ്രാഫിക് നൈറ്റ്മെയർ ( Nightmare - പേടി സ്വപ്നം) ആയി മാറും എന്ന വിശകലനം സന്ത്യസന്ധമായ യാഥാർഥ്യമാണ്. ആധുനിക വിദ്യാഭ്യാസത്തിന്റെ ദർശനവും ദൗത്യവും (vision and mission) എന്ന ചർച്ച ഈ യാഥാർഥ്യത്തെയാണ് അഭിമുഖീകരിക്കേണ്ടത്. 

ഓൺലൈൻ എന്നത് ന്യൂ നോർമൽ ആയി മാറുമ്പോൾ ഇ- സെൻസ് എന്ന ഏഴാം ഇന്ദ്രിയത്തെ പുരോഗമനപരമായി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഇന്ത്യയുടെ വിദ്യാഭ്യാസത്തെ പുൽകാൻ പോകുന്ന ദേശിയ വിദ്യാഭ്യാസ നയങ്ങൾക്ക് മുപ്പത് കോടി വരുന്ന ആധുനിക വിദ്യാർത്ഥി സമൂഹത്തിന്റെ ബഹുസ്വര വൈജ്ഞാനിക സർഗാത്മകത പരിപോഷിപ്പിക്കാനുള്ള കഴിവുണ്ടാവണം.

(ഫാറൂഖ് കോളേജ്, പിഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ സിവിൽ സർവീസ് എക്‌സാമിനേഷൻസ് അക്കാഡമിക് ഹെഡും, Learning Radius ചെയര്‍മാനുമാണ് ലേഖകന്‍)

Contact the author

Recent Posts

Ashif K P 3 years ago
Education Policy

ഇരുപതാം നൂറ്റാണ്ടിലെ രക്ഷിതാവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മക്കളും - ആഷിഫ് കെ. പി.

More
More
Dr K.S.Madhavan 3 years ago
Education Policy

ദേശിയ വിദ്യാഭ്യാസ നയം: പരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗം - ഡോ. കെ എസ് മാധവൻ

More
More
P. K. Pokker 3 years ago
Education Policy

പുതിയ വിദ്യഭ്യാസനയം: രാജ്യം ആയിരം വര്‍ഷം പിന്നിലേക്ക് പോയേക്കും- പ്രൊഫ. പി.കെ. പോക്കര്‍

More
More