കത്വ ഫണ്ട് തട്ടിപ്പ് പരാതിയില്‍ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്കിയ പരാതിയില്‍ കുന്നമംഗലം പൊലീസാണ് കേസ് എടുത്തത്. കത്വ ഉന്നാവോ ഇരകള്‍ക്കായി പിരിച്ച പണം നേതൃത്വം തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് ദേശീയ സമിതി മുൻ അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം. ഒരു കോടിയോളം രൂപ കൈക്കലാക്കിയെന്നാണ് ആരോപണം. കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം വാങ്ങിയെന്നും യൂസഫ് പടനിലം ആരോപിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, സി. കെ. സുബൈര്‍ എന്നിവര്‍ക്കെതിരെയാണ് യൂസഫ് പടനിലത്തിന്റെ ആരോപണം. എന്നാല്‍, ഇങ്ങിനെ ഒരു ആരോപണം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ടാണ് മുൻപേ ഉന്നയിക്കാതിരുന്നതെന്ന് പികെ ഫിറോസ് ചോദിക്കുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും ഒരു രൂപയുടെ പോലും തട്ടിപ്പ് നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ യുഡിഎഫിനെതിരെ മത്സരിച്ച ആളാണ് യൂസഫ് പടനിലം. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിൽ നിന്ന് എന്തെങ്കിലും സഹായം കിട്ടുമോയെന്ന് നോക്കുകയാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.