ഡല്‍ഹി: ഡോ. കഫീല്‍ ഖാനെതിരേ അന്യായമായി ചുമത്തിയ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) റദ്ദാക്കിയതിനെതിരേ യുപി സര്‍ക്കാര്‍ നല്കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി. എന്‍എസ്എ റദ്ദാക്കിക്കൊണ്ട് അലഹബാദ് കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്കിയ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്.
കുറ്റകൃത്യത്തിലേര്‍പ്പെട്ട ചരിത്രമാണ് കഫീല്ഖാന് ഉള്ളത്. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ അച്ചടക്കനടപടിയിലേക്ക് കടന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തതെന്നും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുക മാത്രമാണ് ഖഫീല് ഖാന് ചെയ്തതെന്നും അതെങ്ങനെ രാജ്യദ്രോഹ കുറ്റമാകുമെന്നും അലഹബാദ് കോടതി ചോദിച്ചിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് കഫീല്‍ ഖാന് വിവാദ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് യുപി പോലിസ് കേസെടുത്തത്. ജനുവരിയില്‍ മുംബൈയിലെത്തിയ യുപി പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങാനിരിക്കെ ഫെബ്രുവരിയില്‍ എന്‍എസ്എ ചുമത്തുകയും പിന്നീട് തടവ് സര്‍ക്കാര്‍ തുടര്‍ച്ചയായി നീട്ടുകയായിരുന്നു. ഒടുവില്‍ എട്ടുമാസത്തെ ജയില്‍ വാസത്തിനു ശേഷം ഇക്കഴിഞ്ഞ സപ്തംബര്‍ രണ്ടിനാണു മോചിതനായത്.