ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ നായകന് സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസുകാരനായ അദ്ദേഹം കഴിഞ്ഞ നാല്പതു ദിവസങ്ങളിലേറേയായി കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ബംഗാളി സിനിമയുടെ മുഖഛായ മാറ്റിയ പ്രതിഭയാണ് സൗമിത്ര ചാറ്റര്‍ജി. അഭിനേതാവ് കവി എഴുത്തുകാരന് തുടങ്ങി ഒട്ടേറേ മേഖലകളില്‍ തന്റെ വ്യക്തിമുത്ര പതിപ്പിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ആദ്യമൊക്കെ ആരോഗ്യനില തൃപ്തികരമായിരുന്നു. ദിവസങ്ങള്‍ കഴിയുംതോറും ആരോഗ്യനില വഷളായി. പ്രോസ്റ്റേറ്റ് കാന്‍സറിനെ അതിജീവിച്ച അദ്ദേഹം വൈറസിനെ പ്രതിരോധിക്കാനായി പ്ലാസ്മ തെറാപ്പിക്കും വിധേയനായിരുന്നു.
സത്യജിത് റേയുമായി ചേര്‍ന്നുളള അദ്ദേഹത്തിന്റ സിനിമകളെല്ലാം വളരെ വലിയ വിജയങ്ങളായിരുന്നു. സത്യജിത് റേയുടെ 1959ല്‍ ഇറങ്ങിയ അപൂര് സന്‍സാര്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. അപു ട്രയോളജിയുടെ ഭാഗമായിരുന്നു ഇത്, ചാരുലത, ദേവി, ടീന്‍ കന്യ, ഘരെ ബയ്റെ, ഗണശത്രു തുടങ്ങിയ സത്യജിത് റേ ചിത്രങ്ങളിലും സൗമിത്ര ചാറ്റര്‍ജി വേഷമിട്ടിട്ടുണ്ട്.സത്യജിത് റേ സൃഷ്ടിച്ച ഡിക്ടക്ടീവ് ഫെലൂഡയുടെ വേഷം ആദ്യമായി ചെയ്തത് അദ്ദേഹമാണ്. റേ, ജോയ് ബാബ എന്നിവര്‍ സംവിധാനം ചെയത രണ്ടു സിനിമകളിലും ഫെലിഡയായി അഭിനയിച്ചത് സൗമിത്ര ചാറ്റര്‍ജിയാണ്. മ്രിനാള് സെന്‍, ആകാഷ് കുസും എന്നിവരുടെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2019ല്‍ സഞ്ജബതി എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
വിപുലമായ അവര്‍ഡുകളുടെ പട്ടികയില്‍ പത്മഭൂഷണും സംഗീത് നാടക് അക്കാദമി ടാഗോര്‍ രത്നയും ഉള്‍പ്പെടുന്നു. 2012ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ചലചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു. അന്തര്ധന് ദേഖ, പടോഖേപ്പ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മൂന്ന് തവണ ദേശീയ അവാര്‍ഡും നേടി. 2018ല്‍ ഫ്രാന്‍സിലെ മികച്ച സിവിലിയന്‍ അവാര്‍ഡായ ലെജിയന്‍ ഓഫ് ഓണര്‍ ലഭിച്ചു.