മഹാരാഷ്ട്ര പൊലീസ് സേനയിൽ കൊവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 190 പൊലീസ്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പൊലീസ് സേനയിലെ കൊവിഡ് ബാധിതരുടെ എണ്ണം 23,879 ആയി.
കഴിഞ്ഞ ദിവസം 15,591 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 14 ലക്ഷം കവിഞ്ഞു. 37,480 പേർ കൊവിഡ് കാരണം മരണപ്പെട്ടു. ഇന്ത്യയിലെ മൊത്തം കൊവിഡ് കണക്കുകളിൽ മൂന്നിലൊന്ന് ശതമാനവും മഹാരാഷ്ട്രയിലാണ്.
ഇതോടെ, ഒക്ടോബർ 5 മുതൽ തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ച ഹോട്ടലുകൾക്ക് മേൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു. വ്യത്യസ്ത എൻട്രി-എക്സിറ് പോയിന്റുകൾ, മാസ്ക് ധാരണം എന്നിവ പ്രത്യേകം ശ്രദ്ധിക്കും.
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 79,476 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 64 ലക്ഷം കടന്നു.