തിരുവന്തപുരം: നിശ്ചിത തുക (ഫിക്സഡ് കോസ്റ്റ്) പ്രതിമാസം നല്‍കാം എന്ന കരാറില്‍ 2025 - വരെ കെഎസ്ഇബി-ക്ക് വൈദ്യുതി നല്കി കൊള്ളാം എന്നാണ് എന്‍ടിപിസി - കെഎസ്ഇബി കരാര്‍. വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും ഈ കരാര്‍ പ്രകാരമുള്ള തുക പ്രതിമാസം കിട്ടിയിരിക്കണമെന്നാണ് എന്‍ടിപിസി (നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന്) നിലപാട്. എന്നാല്‍ 2017-മുതല്‍ വൈദ്യുതി വാങ്ങുന്നില്ലെന്നും വാങ്ങാത്ത വൈദ്യുതിക്ക് പണം നല്‍കാനാവില്ലെന്നുമാണ് കെഎസ്ഇബി നിലപാട്. രണ്ടു കൂട്ടരും നിലപാടില്‍ ഉറച്ചു നിന്നതോടെ തര്‍ക്കം റെഗുലേറ്ററി കമ്മീഷനു മുന്നിലെത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.
പ്രതിമാസം 27-കോടി രൂപാ വെച്ച് വര്‍ഷത്തേക്ക് 324 കോടി രൂപയാണ് കരാറനുസരിച്ച് കെഎസ്ഇബി, എന്‍ടിപിസിക്ക് നല്‍കേണ്ടത്. എന്നാല്‍ 2017- മുതല്‍ കെഎസ്ഇബി വൈദ്യുതി വാങ്ങുന്നില്ല. അതൊന്നും തങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ലെന്ന നിലപാടോടെ, എന്‍ടിപിസി-യുടെ കായംകുളം നിലയത്തില്‍ നിന്നാണ് കെഎസ്ഇബി ആസ്ഥാനത്തേക്ക് പ്രതിമാസം ബില്ലുകള്‍ വന്നുകൊണ്ടിരിക്കുന്നത്.
തര്‍ക്കം രൂക്ഷമായതോടെ ഇരുകൂട്ടരും കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമീഷനെ സമീപിച്ചു. ഉപയോഗിക്കാത്ത വൈദ്യുതിയുടെ പേരില്‍ കെഎസ്ഇബി അടയ്ക്കേണ്ട തുകയില്‍ കുറവ് വരുത്താന്‍ ധാരണയായി. എന്നാല്‍ ഇത് സംബന്ധിച്ച തെളിവെടുപ്പിന് പിന്നീട് എന്‍ടിപിസി തയാറായില്ല. ഇതോടെ പ്രശ്നം പരിഹൃതമാകാതെ തുടര്‍ന്നു. അതുകൊണ്ടുതന്നെ കരാര്‍ പ്രകാരമുള്ള വൈദ്യുതി ബില്ല് പ്രതിമാസം എന്‍ടിപിസി, കെഎസ്ഇബി-ക്ക് അയച്ചു കൊണ്ടിരിക്കുന്നു. കെഎസ്ഇബി-യാവട്ടെ ഇത് കണ്ട ഭാവം നടിക്കുന്നുമില്ല.
വൈദ്യതി വാങ്ങുന്നുണ്ടോ എന്നത് പ്രശ്നമല്ല; നല്കാന് തങ്ങള്‍ തയാറാണ്. അതുകൊണ്ട് കരാര്‍ പ്രകാരമുള്ള കാശ് പ്രതിമാസം കെഎസ്ഇബി അടച്ചിരിക്കണമെന്ന പഴയ (പിന്നെയും ചങ്കരന് തെങ്ങേല് തന്നെ) നിലപാട് എന്‍ടിപിസി ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ പ്രശ്നമിപ്പോള്‍ സര്‍ക്കാരിന് മുന്നിലെത്തിയിരിക്കുകയാണ്.