സ്വര്‍ണവില വീണ്ടും റെക്കോഡ് കുറിച്ച് 41,000 രൂപയ്ക്കടുത്തെത്തി. രാജ്യാന്തര വിപണിയിൽ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാൻ കാരണം. ബുധനാഴ്ച 520 രൂപയാണ് കൂടിയത്. ഇതോടെ പവന് 40,800 രൂപയായി.
കൊവിഡ് വ്യാപനത്തിനിടയിലും ആഗോള വിപണിയിൽ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. 10 ഗ്രാമിന്റെ വില 54,797 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ ഇതാദ്യമായി സ്വര്‍ണവില ഔണ്‍സിന് 2000ഡോളര്‍ കടന്നു. 0.2ശതമാനം വര്‍ധിച്ച് 2,033.42 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
വിവിധ രാജ്യങ്ങളിൽ കൊവിഡിന്‍റെ രണ്ടാം വരവിന്‍റെ സൂചനകൾ കണ്ടതും ഓഹരി വിപണിയിലെ ചാഞ്ചാട്ടവുമാണ് സ്വർണത്തിലേക്ക് നിക്ഷേപ താത്പര്യമെത്തിച്ചത്. കൂടാതെ, ഡോളറിന്‍റെ വിലയിടിവും അമേരിക്ക ചൈന വ്യാപാര യുദ്ധവും സ്വര്‍ണത്തിലേക്ക് നിക്ഷപ താത്പര്യം മാറുന്നതിന് കാരണമായി. ഓൺലൈൻ വിപണിയിൽ സ്വര്‍ണത്തിന് ആവശ്യക്കാർ ഏറെയാണ്. എന്നാല്‍, ആഭരണ ശാലകളിൽ തിരക്കില്ല.