കൊച്ചി: തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവിനെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തളളിയതിനു പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് എം സ്വരാജ്. കെ ബാബുവിന്റെ വിജയം ശരിവെച്ചുളള ഹൈക്കോടതി വിധി വിചിത്രമാണെന്ന് എം സ്വരാജ് പറഞ്ഞു. ഹൈക്കോടതി വിധി ചോദ്യം ചെയ്യപ്പെടേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും പാര്‍ട്ടിയുമായും അഭിഭാഷകരുമായും ആലോചിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും എം സ്വരാജ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'വിധിയുടെ വിശദാംശങ്ങള്‍ എനിക്ക് ലഭിച്ചിട്ടില്ല. എങ്കിലും പറയാം, ഞാന്‍ കോടതി മുന്‍പാകെ ഉയര്‍ത്തിയത് ജനാധിപത്യ നിയമത്തിന്റെ ലംഘനം സംബന്ധിച്ച ഗുരുതരമായ പ്രശ്നമാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ മാത്രം ഒരു പരാതിയുമായി ചെന്നതല്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുന്ന ഘട്ടത്തിലുടനീളം ഈ പ്രശ്നം ഉണ്ടായിരുന്നു. അന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. അന്ന് പരാതിക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയ കമ്മീഷന് യുഡിഎഫിന്റെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന പ്രചാരണങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയിലാണ് ഹൈക്കോടതിയെ സമീപിച്ചത്. പക്ഷെ വിചിത്രമായ വിധിയാണ് വന്നിരിക്കുന്നത്. ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന വിധിയാണ്. തെറ്റായ സന്ദേശം നല്കുന്ന ഈ വിധി ചോദ്യംചെയ്യപ്പെടേണ്ടതാണ്'- എം സ്വരാജ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
ഇന്നലെയാണ് കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തളളിയത്. ബാബുവിന് എംഎല്‍എയായി തുടരാമെന്ന് ജസ്റ്റിസ് പി ജി അജിത് കുമാര്‍ പറഞ്ഞു. കെ ബാബു വോട്ടര്‍മാര്‍ക്ക് നല്കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വരാജ് കോടതിയെ സമീപിച്ചത്. 992 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ ബാബു വിജയിച്ചത്.