കൊച്ചി: പത്മജാ വേണുഗോപാലിനും അനില്‍ കെ ആന്റണിക്കും തന്നെപ്പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങിവരേണ്ടി വരുമെന്ന് ചെറിയാന് ഫിലിപ്പ്. കോണ്‍ഗ്രസ് കുടുംബത്തിലുളള സ്നേഹവും ആദരവും പരിഗണനയും മറ്റൊരു പാര്‍ട്ടിയിലും ലഭിക്കില്ലെന്നും ബിജെപിയില്‍ ചേര്‍ന്ന കേരളത്തിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആര് ശങ്കറിന്റെ മകന് മോഹന്‍ ശങ്കറിനുണ്ടായ തിക്താനുഭവം കരുണാകരന്റെയും ആന്റണിയുടെയും മക്കള്ക്കുണ്ടാകുമെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ബിജെപിയിലേക്ക് വരുന്നവരുടെ കൂടെ നിഴല്‍ പോലുമില്ലെന്ന് മുതിര്‍ന്ന നേതാവ് സികെ പത്മനാഭന് പരിഹസിച്ചത് അവരുടെ പൊതുവികാരമാണ്. താല്‍ക്കാലികമായി സ്ഥാനമാനങ്ങള്‍ നല്‍കുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും. കുറേ നാള് പ്രദര്‍ശന വസ്തുവായി കൊണ്ടുനടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയും. മികച്ച കാലാവസ്ഥയില്‍ വളക്കൂറുളള മണ്ണില്‍ വളരുന്ന ചെടി വേരോടെ പിഴുത് മറ്റൊരിടത്ത് നട്ടാല്‍ കരിഞ്ഞുപോകുമെന്നതാണ് കോണ്‍ഗ്രസ് വിട്ടുപോകുന്നവര്ക്കുളള ഗുണപാഠം'- ചെറിയാന് ഫിലിപ്പ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വികാരവിക്ഷോഭത്തില്‍ കോണ്‍ഗ്രസ് വിട്ട തനിക്ക് രാഷ്ട്രീയ ജീവിതം തന്നെ ഹോമിക്കേണ്ടി വന്നെന്നും തിരിച്ചുവന്നപ്പോള്‍ കോണ്‍ഗ്രസിന്റെ എല്ലാ തലങ്ങളില്‍ നിന്നും ലഭിക്കുന്ന സ്നേഹവും വിശ്വാസവും പിന്തുണയും അത്ഭുതകരമാണെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു. പഴയ ത്യാഗവും അധ്വാനവും പാരമ്പര്യവും കോണ്‍ഗ്രസില്‍ ഇപ്പോഴും തന്റെ മൂലധനമായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.