മുംബൈ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് (ഇവിഎം) ഇല്ലെങ്കില്‍ മോദി തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജാവിന്റെ ആത്മാവ് ഇവിഎമ്മിലാണെന്നും അദ്ദേഹത്തിന്റെ ഗ്യാരന്റി സമ്പന്നര്ക്കുവേണ്ടിയുളളതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായാണ് ന്യായ് യാത്ര നടത്തിയതെന്നും എല്ലാവരും നരേന്ദ്രമോദിയെന്ന വ്യക്തിക്കെതിരെയോ ഒരു പാര്‍ട്ടിക്കെതിരെയോ അല്ല ഒരു ശക്തിക്കെതിരെയാണ് പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'ഭാരത് ജോഡോ യാത്രയ്ക്കിടെ കണ്ടറിഞ്ഞ കാര്യങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്. തൊഴിലില്ലായ്മയും വിദ്വേഷവും വിലക്കയറ്റവുമുള്പ്പെടെയുളള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനാണ് യാത്ര നടത്തിയത്. രാജ്യത്തെ മാധ്യമങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ടാണ് ആദ്യം കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും ഇപ്പോള്‍ മണിപ്പൂര്‍ മുതല്‍ മുംബൈ വരെയും എനിക്ക് യാത്ര നടത്തേണ്ടി വന്നത്. ഈ രാജ്യത്തിന്റെ ശബ്ദമാണ് ഇന്ത്യാ മുന്നണിയുടെ നേതാക്കളിലൂടെ നിങ്ങള്‍ കേള്‍ക്കുന്നത്'- രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടനമായി ഭാരത് ജോഡോ യാത്രയുടെ സമാപന വേദി. എംകെ സ്റ്റാലിന്, ഫാറുഖ് അബ്ദുളള, മെഹബൂബ മുഫ്തി, ഉദ്ധവ് താക്കറെ, ചംപയ് സോറന്, തേജസ്വി യാദവ്, പ്രകാശ് അംബേദ്കര്‍, പ്രിയങ്കാ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഡികെ ശിവകുമാര്‍, സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.