മുംബൈ: ലോകത്തിലെ ഏറ്റവും വലിയ പിടിച്ചുപറി റാക്കറ്റാണ് നരേന്ദ്രമോദിയുടെ ഇലക്ടറല്‍ ബോണ്ടുകളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആദായനികുതി വകുപ്പ്, സി ബി ഐ, ഇഡി എന്നീ ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തി ബിജെപി കമ്പനികളില്‍ നിന്ന് പണം കൈക്കലാക്കുകയാണെന്നും രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്താനും പ്രതിപക്ഷ സര്‍ക്കാരുകളെ താഴെയിറക്കാനുമാണ് ഇതുവഴി ലഭിക്കുന്ന പണം ബിജെപി ഉപയോഗിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ മുംബൈയിലെ താനെയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'ലോകത്തെ ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ടുകള്‍. ബിജെപി സര്‍ക്കാര്‍ ഒരു ദിവസം അധികാരത്തില്‍ നിന്ന് താഴെയിറങ്ങുമെന്ന് ബോണ്ടുകള്‍ നല്കുന്നവര് ആലോചിക്കണം. അന്ന് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തും. ഇത് എന്റെ ഗ്യാരന്റിയാണ്. കോര്‍പ്പറേറ്റുകള്‍ ഭീതിയിലും സമ്മര്‍ദ്ദത്തിലുമാണ്. വലിയ കരാറുകള്‍ നേടുന്നവരില്‍ നിന്ന് പണം കവരാനും കോര്‍പ്പറേറ്റുകളെ ഭയപ്പെടുത്തി സംഭാവന നേടാനുമുളള മാര്‍ഗമാണ് ബോണ്ടുകള്‍'- രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇലക്ടറല്‍ ബോണ്ട് പദ്ധതിയെക്കുറിച്ച് പ്രത്യേകം അന്വേഷിക്കണമെന്നും അത് പൂര്‍ത്തിയാകുന്നതുവരെ ബിജെപിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.