ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

അവർ പറയുന്നത്, രാമൻ ജനിച്ചത് അയോദ്ധ്യയിലാണെന്നാണ്. അവിടെ കളിച്ചുവളർന്നു, കൗമാരത്തിൽ അവിടെയൊക്കെ ചുറ്റിനടന്നു, അവിടെത്തന്നെ പ്രായപൂർത്തിയെത്തിയ യുവാവായി, അവിടെനിന്ന് കാട്ടിലേക്ക് നിഷ്കാസിതനായി, തിരിച്ചെത്തി, അവിടെത്തന്നെ നാട് ഭരിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ഓർമ്മിക്കാനുള്ള എത്രയോ മന്ദിരങ്ങൾ അയോദ്ധ്യയിലുണ്ട്. കളിച്ചുവളർന്ന സ്ഥലമാണ് ഗുലേയ്‌ലാ മന്ദിർ. പഠിച്ചത് വസിഷ്ഠ മന്ദിറിൽ. നാട് വാണരുളിയ സ്ഥലത്തും ഒരു മന്ദിരമുണ്ട്. ഭക്ഷണം കഴിച്ചിരുന്നത്, സീത രസോയിയിൽ. ഭരതൻ താമസിച്ചിരുന്നിടത്തും കാണാം ഒരു മന്ദിരം. കോപ ഭവൻ എന്ന പേരിൽ ഹനുമാൻ മന്ദിരമുണ്ട്. സുമിത്ര മന്ദിരവും ദശരഥ് ഭവനുമുണ്ട്. അത്തരം ധാരാളം ക്ഷേത്രങ്ങളുണ്ട്. എല്ലാം 400-ഉം 500-ഉം വർഷം പഴക്കമുള്ളവ. അതായത്, ഈ ക്ഷേത്രങ്ങളെല്ലാം നിർമിക്കപ്പെട്ടത്, മുഗളന്മാരുടെ കാലത്താണ് എന്നർത്ഥം. മുസ്ലിമുകളുടെ കാലത്ത്.

വിചിത്രമായിരിക്കുന്നു! ക്ഷേത്രങ്ങൾ ഈ വിധത്തിൽ നിർമ്മിക്കാൻ മുസ്ലിം ഭരണാധികാരികൾ എങ്ങിനെ സമ്മതിച്ചു. മന്ദിരങ്ങൾ നശിപ്പിച്ചതിന്റെ ഖ്യാതിയല്ലേ അവർക്കുള്ളത്? അവരുടെ മൂക്കിനുതാഴെ ഒരു നഗരം മുഴുവൻ ക്ഷേത്രങ്ങൾ ഉയർന്നുവന്നിട്ടും അവർ അനങ്ങിയില്ലെന്നാണോ? ക്ഷേത്രങ്ങൾക്ക് ഈ വിധം സ്ഥലം നൽകിക്കൊണ്ടിരുന്ന അവർ എന്തുതരം അധിനിവേശക്കാരാണെന്നാണ് പറയുന്നത്? ഗുലേല മന്ദിരിനുള്ള സ്ഥലം കൊടുത്തത് മുസ്ലിം ഭരണാധികാരികളാണെന്ന് അവകാശപ്പെടുന്നവർ നുണയന്മാരായിരിക്കണം. ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതായി മുസ്ലിം ഭരണാധികാരികൾ 500 ബിഗ സ്ഥലം പ്രത്യേകമായി നൽകിയെന്ന് സൂചിപ്പിക്കുന്ന ദിഗംബർ അഖാരയിലെ രേഖകൾ അപ്പോൾ വ്യാജമായിരിക്കണം. നിർമോഹി അഖാര നിലകൊള്ളുന്ന സ്ഥലം നവാബ് സിറാജ് ഉദ്-ദൌള നൽകിയതാണെന്നത് ശരിയാവാനിടയില്ല. ഇല്ല, ബാബറും ബാബറി മസ്ജിദും മാത്രമായിരിക്കണം സത്യം!

1528-നോടടുപ്പിച്ച് ജീവിച്ചിരുന്ന തുളസീദാസിനുപോലും തെറ്റുപറ്റിയെന്നുവേണം കരുതാൻ.  ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 1511-ൽ ജനിച്ച ആളാണ് തുളസീദാസൻ. രാമൻ ജനിച്ച അതേ സ്ഥലത്തെ രാം മന്ദിർ തകർത്ത്, അവിടെ ബാബറി മസ്ജിദ് സ്ഥാപിച്ചത് 1528-ലായിരുന്നില്ലേ? തീർച്ചയായും, തുളസീദാസന് അതേക്കുറിച്ച് അറിയാതിരിക്കില്ല. രാമന്റെ ജന്മസ്ഥാനം തകർത്ത് ബാബർ (അദ്ദേഹത്തിന്റെ പടനായകൻ) ബാബറി മസ്ജിദ് നിർമ്മിക്കുമ്പോൾ “ഭിക്ഷയെടുത്ത് ഞാൻ ജീവിക്കുന്നു, മസ്ജിദിനകത്ത് ഉറങ്ങുന്നു” എന്ന വരികൾ എഴുതുകയായിരുന്നിരിക്കണം തുളസീദാസൻ. പിന്നീട് അദ്ദേഹം രാമചരിതമാനസം എഴുതി. രാം മന്ദിറിന്റെ തകർച്ചയിലും, അതിന്റെ അവശിഷ്ടങ്ങൾക്കുമുകളിലുള്ള ബാബറി മസ്ജിദിന്റെ നിർമ്മാണത്തിലും അദ്ദേഹത്തിന് സങ്കടം അനുഭവപ്പെടാതിരുന്നത് എന്തുകൊണ്ടായിരിക്കും? തീർച്ചയായും അദ്ദേഹം എവിടെയെങ്കിലും അത് രേഖപ്പെടുത്തിയിട്ടുണ്ടാവില്ലേ?

അഞ്ച് തലമുറകളായി മുസ്ലിങ്ങൾ അവിടെ, ആ അയോദ്ധ്യയിൽ, പൂക്കൾ നട്ടുവളർത്തിയിരുന്നു. അവിടുത്തെ ക്ഷേത്രങ്ങളിലെ രാമ വിഗ്രഹങ്ങളിൽ നിത്യേനയെന്നോണം പൂജിക്കപ്പെട്ടിരുന്നത് ആ പൂക്കളായിരുന്നു. 

മുസ്ലിങ്ങൾ അയോദ്ധ്യയിൽ മരത്തിന്റെ ചെരിപ്പുകൾ നിർമ്മിക്കാൻ തുടങ്ങിയിട്ട് എത്ര വർഷങ്ങളായെന്ന് ആർക്കുമറിയില്ല. ആ പാദരക്ഷകളണിഞ്ഞാണ് സന്ന്യാസിമാരും, ഋഷിമാരും, രാമഭക്തരുമെല്ലാം പ്രദക്ഷിണവഴികളിലൂടെ നടന്നിരുന്നത്.

നാല് പതിറ്റാണ്ടായി സുന്ദർ ഭവൻ മന്ദിർ നോക്കി നടത്തിയിരുന്നത് ഒരേയൊരു മുസ്ലിം കുടുംബമായിരുന്നു. 1949-ലാണ് മുന്നു മിയാൻ അത് ഏറ്റെടുത്തത്. 1992 ഡിസംബർ 23 വരെ അദ്ദേഹം അതിന്റെ മാനേജരായി ജോലി നോക്കി. ചില സമയങ്ങളിൽ, ഭക്തർ അധികമില്ലാത്ത നേരത്ത് മുന്നു മിയാൻ‌ തന്നെ ഇലത്താളം കൊട്ടി ഭജനമാലപിച്ചിരുന്നു. അങ്ങിനെ പാടുന്ന സമയത്ത്, അയോദ്ധ്യയുടെ സത്യമെന്താണ്, നുണയെന്താണ് എന്നോർത്ത് അദ്ദേഹം അത്ഭുതപ്പെട്ടിട്ടുണ്ടാവുമോ?

അഗർവാൾ കുടുംബം പണിഞ്ഞ ഒരു ക്ഷേത്രത്തിന്റെ ഓരോ ഇഷ്ടികയിലും 786 എന്ന അക്കം കൊത്തിയിരുന്നു. ഈ ക്ഷേത്രം നിർമ്മിക്കാനുള്ള ഇഷ്ടികകൾ മുഴുവനും നൽകിയത് രാജാ ഹുസ്സൈൻ അലി ഖാനായിരുന്നു. അതിന്റെ സത്യമെന്താണ്? അത് നിർമ്മിച്ച അഗർവാളുകൾക്ക് ബുദ്ധിഭ്രമമുണ്ടായിരുന്നോ? ഒരമ്പലത്തിനുള്ള ഇഷ്ടികകൾ കൊടുക്കാൻ മാത്രം ഭ്രാന്തുണ്ടായിരുന്നുവോ ഹുസ്സൈൻ അലി ഖാന്? പ്രാർത്ഥനാഭരിതമായി ഉയർന്ന കൈകളെ ഹിന്ദുവെന്നോ മുസൽ‌മാനെന്നോ വേർതിരിക്കാനാവില്ല. അവരെല്ലാം അവിടെ വന്നത് പ്രാർത്ഥിക്കാൻ മാത്രമായിരുന്നു. ആ 786 എന്ന അക്കം ആ ക്ഷേത്രത്തെ എല്ലാവരുടേതുമാക്കിത്തീർത്തു. 1992 ഡിസംബർ 6 മാത്രമാണോ ഒരേയൊരു യാഥാർത്ഥ്യം?   

1992 ഡിസംബർ 6-നുശേഷം സർക്കാർ ഒട്ടുമിക്ക ക്ഷേത്രങ്ങളും ഏറ്റെടുത്തു. അവയെല്ലാം പൂട്ടി മുദ്രവെച്ചു. ആരതികൾ അവസാനിച്ചു. ആളുകൾ അവിടേക്ക് പോകുന്നത് നിർത്തി. രാമന്റെ ദേഹത്ത് കൈവെക്കാൻ കൈതരിച്ച്, ആ താഴികക്കുടത്തിന്റെ മുകളിൽ കയറിക്കൂടിയവരെ, അടഞ്ഞ വാതിലുകൾക്ക് പിന്നിലുള്ള മൂർത്തികൾ ശപിച്ചിട്ടുണ്ടാവുമോ?

അയോദ്ധ്യയിലെ പുരാതനമായ ക്ഷേത്രങ്ങളിൽനിന്ന് രക്തത്തിന്റെ ദുർഗന്ധം ഉയരുന്നുണ്ടോ. രാമന്റെ പേരിൽ അയോദ്ധ്യയിലും ഭാരതത്തിലും ചിന്തിയ ചോരയുടെ മണം?

ഒരു പട്ടണത്തിനെ ഒരു വിവാദവിഷയമാക്കിയ കഥയുടെ പേരാണ് അയോദ്ധ്യ.

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ.

_

2010-ൽ വിവേക് കുമാർ ഹിന്ദിയിൽ എഴുതിയതാണ് ഈ ലേഖനം. നിവേദിത മേനോൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് കാഫിലയിൽ പുന:പ്രസിദ്ധീകരിച്ചത് 2024 ജനുവരി 2-ന്. 

(സമൂഹ മാധ്യമത്തില്‍ നിന്നും ലഭിച്ചത്. മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ആരെന്ന് അറിയില്ല. അറിയുന്നവര്‍ muzirizpost@gmail.com-ലൂടെ ഞങ്ങളെ അറിയിക്കാന്‍ അപേക്ഷ)

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Niveditha Menon

Recent Posts

Web Desk 3 hours ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 2 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 2 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 6 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More