ഈ സംവിധായകനിലേക്ക് ലോകം പ്രതീക്ഷയോടെ നോക്കും; കാതല്‍ റിവ്യു | ആസാദ് മലയാറ്റില്‍

കാതൽ നല്ല സിനിമയാണ്. പുതിയ ലോകത്തെയും പുതിയ കാലത്തെയും അഭിസംബോധന ചെയ്യുകയാണ് ജിയോ ബേബിയും സംഘവും ഈ സിനിമയിൽ. അത്  ശീലങ്ങളെയും വഴക്കങ്ങളെയും വിചാരണ ചെയ്യുന്നു. ഐക്യപ്പെട്ടു പോകുന്ന കുടുംബങ്ങളിൽ എരിഞ്ഞു കിടക്കുന്ന കനലുകളെ ഇളക്കിയിടുന്നു. പൊടുന്നനെയുള്ള ഒരാളൽ നമ്മെ പൊള്ളിക്കുന്നു. പൊട്ടിത്തെറിക്കാൻ പാകത്തിലുള്ള എത്ര നിശ്ശബ്ദ നേരങ്ങളെയാണ് നാം സമർത്ഥമായി ചാടിക്കടക്കുന്നതെന്ന് ഓർമ്മിപ്പിക്കുന്നു.

മമ്മുട്ടി വേഷമിടുന്ന നായക കഥാപാത്രം (മാത്യു) സ്വവർഗാഭിമുഖ്യം പുലർത്തുന്നവരുടെ പ്രതിനിധിയാണ്. അത് അയാളുടെ പെരുമാറ്റത്തിൽനിന്ന് പൊതുസമൂഹം മനസ്സിലാക്കിയതല്ല. ഭാര്യ നൽകിയ വിവാഹമോചന പരാതിയാണ് വിഷയം പുറത്താക്കിയത്. അഥവാ അത് ആദ്യം ഭാര്യയുടെ ബോദ്ധ്യമാണ്. ഇരുപതു വർഷത്തെ ദാമ്പത്യത്തിൽ വെറും നാലു തവണ മാത്രമുള്ള ശാരീരിക ബന്ധവും ഒരു സുഹൃത്തിനോടുള്ള ഭർത്താവിന്റെ അമിത സൗഹൃദവുമാണ് അവരെ സംശയാലുവാക്കുന്നത്. തന്നെയും തന്റെ ഭർത്താവിനെയും തങ്ങൾ അകപ്പെട്ട കുരുക്കിൽനിന്ന് മോചിപ്പിക്കാനാണ് വിവാഹമോചനം എന്ന ആശയം അവർ കണ്ടെത്തുന്നത്.

ഭിന്ന ലൈംഗികചോദനകളോടും ആഭിമുഖ്യങ്ങളോടുള്ള നമ്മുടെ (പ്രേക്ഷകരുടെയും പൊതുസമൂഹത്തിന്റെയും) സമീപനം ഇപ്പോഴും പക്വമല്ല. വഴക്കവും പാരമ്പര്യവും പൊതുബോധത്തിൽ ശക്തമാണ്. ആചാരസംരക്ഷണത്തിന് അമിതപ്രാധാന്യം നൽകുന്ന സമൂഹമാണല്ലോ നമ്മുടേത്. ഇവയ്ക്കൊപ്പമാണ് പുതിയ മത്സര മുതലാളിത്തത്തിന്റെ ലിബറൽ ആശയ നിർമ്മിതികളും സംഘർഷ ഭാവനകളും കടന്നുവരുന്നത്. നാം അറിയാതെ അതിൽ ചിതറുന്നുണ്ട്.  വൈവിദ്ധ്യങ്ങളിൽ മുറിഞ്ഞു പോകാനും ഓരങ്ങളിൽ മറഞ്ഞു തീരാനും ജീവിതം എടുത്തെറിയപ്പെടുന്നു. പൊതുവായ ഇടങ്ങൾ കുറയുകയും പൊതു അധികാരകേന്ദ്രം ശക്തമാകുകയും ചെയ്യുന്നതിലെ ക്രൂരമായ വൈരുദ്ധ്യം നാം വേണ്ടവിധം ശ്രദ്ധിക്കുന്നില്ല.

താൽക്കാലികത്തെ സ്ഥിരമെന്നും ഭ്രമത്തെ സ്വഭാവമെന്നും ആഭിമുഖ്യത്തെ ശീലമെന്നും പ്രണയത്തെ ദാമ്പത്യമെന്നും കൂട്ടിവായിക്കാനുള്ള ഒരു പ്രേരണ നമ്മെ കീഴടക്കിയിട്ടുണ്ട്. മുറിഞ്ഞുപോകലിന്റെ അഥവാ മുറിച്ചുമാറ്റലിന്റെ തത്വചിന്തയുണ്ടാക്കുന്ന മതിഭ്രമമാണത്. അത് വംശ വർണ ലിംഗ വർഗ ലോകങ്ങളെ പലതായി പിളർക്കുന്നു. അവയുടെ സംഘർഷങ്ങളിൽ വിപണിയുടെ രാഷ്ട്രീയാധികാരം കൂർത്തുയരുന്നു.

ഭിന്ന ലൈംഗിക ചോദനകളും അവയുടെ സാമൂഹികാസ്തിത്വം ഉറപ്പിക്കാനുള്ള പോരാട്ടങ്ങളും ഇന്ന് സജീവമാണ്. അത് പൊതുവേ തിരിച്ചറിയപ്പെടുന്നുണ്ട്. പൊതുജീവിതത്തിന്റെ എല്ലാ തലങ്ങളിലും അതിന് അംഗീകാരം ലഭിക്കുമെന്നായിട്ടുമുണ്ട്. (ജീവിത പങ്കാളിയായി ആരെയും തെരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം കേവലം ലൈംഗികതയുടെ വിഷയമല്ലല്ലോ. ദാമ്പത്യത്തിൽ ലൈംഗികതയ്ക്കു പ്രാധാന്യം വന്നത് സന്തതി പരമ്പരകളും സ്വകാര്യസ്വത്തും തമ്മിൽ നിലവിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽകൂടിയാണ്. ഏതുതരം ജീവിതപങ്കാളിത്തവും ദാമ്പത്യമാവണം എന്ന തോന്നലും സ്വത്തുടമസ്ഥതയുടെ വിഷയമാണ്.) സ്വവർഗാഭിമുഖ്യം പോലുള്ള ഭിന്ന ജൈവികചോദനകളെ സാമൂഹികാസ്തിത്വവുമായുള്ള നിരന്തര സംഘർഷത്തിന് വിട്ടുകൊടുത്തു മാത്രമേ മുന്നോട്ടു പോകാനാവൂ. ആ സംഘർഷത്തെ ലളിതസൂത്രങ്ങളിൽ തളയ്ക്കാൻ കഴിയില്ല. താൽക്കാലിക പരിഹാരവും സാദ്ധ്യമാവില്ല. കാതൽ എന്ന സിനിമ ആ സംഘർഷത്തിലേക്ക് വഴിതുറക്കുന്നു. എന്നാൽ സിനിമയിൽ പരിഹാരം കണ്ടെത്തുന്നത് എളുപ്പത്തിലായിപ്പോയി. അവിടെയാണ് പ്രമേയത്തിലും ആഖ്യാനത്തിലുമുള്ള എന്റെ ആശങ്കകൾ കുമിയുന്നത്. അതിവിടെ കൂടുതൽ ചർച്ച ചെയ്യുന്നില്ല.

തീരെ ലളിതമല്ലാത്ത ഒരകവേവിന്റെ വേരുകൾ കണ്ടെത്തി അവ അത്യധികം സൂക്ഷ്മമായി ആവിഷ്കരിക്കാനുള്ള ശ്രമം ആദരിക്കപ്പെടണം. മമ്മൂട്ടിയും ജ്യോതികയും സുധിയും ആർ എസ് പണിക്കരും അവതരിപ്പിച്ച വേഷങ്ങൾ അസാമാന്യ പ്രകടനങ്ങളാകുന്നു. ഇത്ര സൗമ്യമായ ചലനങ്ങളിൽ, മൃദുവായ മൊഴികളിൽ കൊടുങ്കാറ്റുകളെ ഒതുക്കിവെക്കാനുള്ള വൈഭവം ശ്ലാഘിക്കപ്പെടണം. ജിയോ ബേബി ധീരമായ ഒരന്വേഷണത്തിനാണ് ഇറങ്ങിത്തിരിച്ചത്. അഭിവാദ്യം.

കാതൽ പ്രമേയത്തിൽ പുറത്തിടുന്ന കനൽ ചലച്ചിത്രാഖ്യാനത്തിന്റെ ഭാഷയിലോ പാറ്റേണുകളിലോ വലിയ ഭാവുകത്വ മാറ്റങ്ങൾക്ക് ഇടയാക്കിയില്ല എന്നത് വിനീതമായ വിമർശനം. അതിനു ശേഷിയുള്ള സംവിധായകനാണ് ജിയോ ബേബി എന്ന് ഈ ചലച്ചിത്രം പക്ഷേ, വിളിച്ചു പറയുന്നുണ്ട്. അതിനാൽ ഈ സംവിധായകനിലേക്ക് ലോകം പ്രതീക്ഷയോടെ നോക്കും. നോക്കിക്കൊണ്ടിരിക്കും. കാതൽസംഘത്തിന് അഭിവാദ്യം.

Contact the author

Web Desk

Recent Posts

Dr. Azad 1 year ago
Reviews

വീണ്ടും ചെങ്കൊടിയില്‍ ചോരയിരമ്പി തിരയിളക്കുന്നതുപോലെ: തുറമുഖം റിവ്യൂ- ആസാദ് മലയാറ്റില്‍

More
More
Reviews

പക്വമായ പ്രകടനംകൊണ്ട് അമ്പരപ്പിക്കുന്ന ഭാവന; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' റിവ്യൂ

More
More
Reviews

പേടിപ്പിച്ച് ചിരിപ്പിക്കുന്ന 'രോമാഞ്ചം'- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Reviews

'പുഴു' വെറുമൊരു മുഖ്യധാരാ പടമല്ല- കെ കെ ബാബുരാജ്

More
More
Dr. Azad 2 years ago
Reviews

പട ഒരു പടപ്പുറപ്പാടാണ്, അതിമനോഹരമായ സിനിമയാണ്- ഡോ. ആസാദ്

More
More
Web Desk 2 years ago
Reviews

‘തിങ്കളാഴ്ച നിശ്ചയം‘ ഹൃദ്യമായ ഒരു ചലച്ചിത്രാനുഭവം- രേണു രാമനാഥ്

More
More