കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. വിവിധ വകുപ്പുകളിലായി അഞ്ച് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. ജീവിതാവസാനം വരെയാണ് തടവെന്ന് ജഡ്ജി കെ സോമന് പറഞ്ഞു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി വിലയിരുത്തി. കേരളത്തെ ഞെട്ടിച്ച അതിക്രൂരമായ കൊലപാതകം നടന്ന് 110-ാം ദിവസമാണ് ശിക്ഷാവിധി.
പ്രതി അസ്ഫാഖ് ആലം കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ചുമത്തിയ പതിനാറ് കുറ്റങ്ങളും പ്രോസിക്ക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു. അസ്ഫാഖിനെതിരെ ചുമത്തിയ 16 കുറ്റങ്ങളില്‍ നാലെണ്ണവും വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോയുളള പീഡനം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2023 ജൂലൈ 28-നാണ് കേരളത്തെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസുകാരിയെ ശീതളപാനീയം വാങ്ങിത്തരാമെന്ന് വാഗ്ദാനം നല്കി അസ്ഫാഖ് ആലം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ആലുവ മാര്‍ക്കറ്റിലെത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് 34-ാം ദിവസം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ച്ചയായി 26 ദിവസം നീണ്ടുനിന്ന വിചാരണയാണ് കേസില്‍ നടന്നത്. പെണ്‍കുട്ടിയുടെ ചെരിപ്പും വസ്ത്രവുമുള്‍പ്പെടെ 10 തൊണ്ടിമുതലും സിസിടിവി ദൃശ്യങ്ങളുമാണ് തെളിവായി പ്രോസിക്ക്യൂഷന് കോടതിയില്‍ ഹാജരാക്കിയത്.