മുംബൈ: ബിഹാറില്‍ നടത്തിയതിന് സമാനമായി മഹാരാഷ്ട്രയിലും ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും മുന്നാക്ക വിഭാഗങ്ങളുടെയും ജനസംഖ്യയുടെ കൃത്യമായ വിവരം നല്‍കാന്‍ ഇത് സഹായിക്കുമെന്നും അജിത് പവാര്‍ പറഞ്ഞു. സോലാപൂരില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഇവിടെ ജാതി അടിസ്ഥാനമാക്കിയുളള സെന്‍സസ് നടപ്പിലാക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബിഹാര്‍ സര്‍ക്കാര്‍ അവിടെ ജാതി സെന്‍സസ് നടപ്പാക്കി. ജനസംഖ്യാനുപാതികമായാണ് നാം ആനുകൂല്യങ്ങള്‍ നല്‍കുന്നത്. അതിനാല്‍ ജാതി സെന്‍സസ് നടത്തിയാല്‍ ഒബിസി, എസ് സി, എസ് ടി, ന്യൂനപക്ഷങ്ങള്‍, മുന്നാക്ക വിഭാഗം എന്നിങ്ങനെ ജനസംഖ്യയുടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കും'- അജിത് പവാര്‍ പറഞ്ഞു. ബിഹാറിലെ ജാതി സര്‍വ്വേയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ താനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെയും പ്രധാന ആവശ്യങ്ങളിലൊന്നാണ് ജാതി സെന്‍സസ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജാതി സെന്‍സസിനെതിരായ നിലപാടാണ് നരേന്ദ്രമോദി സര്‍ക്കാരിനും ബിജെപിക്കുമുളളത്. ജാതി സെന്‍സസ് രാജ്യത്തെ വിഭജിക്കുമെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. അതിനിടെയാണ് മഹാരാഷ്ട്രയില്‍ ബിജെപിയുമായി സഖ്യത്തിലുളള അജിത് പവാര്‍ ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.