തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുമായി വലിയ ബന്ധമാണുളളതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തുവരികയാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ കൃഷ്ണന്‍കുട്ടി മന്ത്രിസഭയില്‍ തുടരുന്നത് ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ ശരിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഏഴ് വര്‍ഷമായി പിണറായി വിജയന്‍ നരേന്ദ്രമോദിയെന്നോ അമിത് ഷായെന്നോ മിണ്ടുന്നില്ല. ഇവര്‍ തമ്മിലുളള അന്തര്‍ധാര സജീവമാണ്. ദേവഗൗഡ പറഞ്ഞത് എത്രയോ ശരിയാണ്. എന്തുകൊണ്ടാണ് കൃഷ്ണന്‍കുട്ടി ഇപ്പോഴും മന്ത്രിയായി തുടരുന്നത്? എല്ലാം രാഷ്ട്രീയക്കച്ചവടത്തിന്റെ ഭാഗമാണ്. സിപിഎം- ബിജെപി ബന്ധം മറനീക്കി പുറത്തുവരികയാണ്.'- ചെന്നിത്തല പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ ബിജെപിയുടെ കുട്ടിയാണെന്ന് താന്‍ പറഞ്ഞപ്പോള്‍ പിണറായി വിജയന്‍ തന്നെ കളിയാക്കുകയായിരുന്നെന്നും സ്വര്‍ണക്കടത്തുക്കേസും ലാവ്‌ലിന്‍ കേസുമെല്ലാം അട്ടിമറിച്ചത് ഈ ബന്ധം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജെഡിഎസിന്റെ അഖിലേന്ത്യാ ഘടകം ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ തന്നെ കേരളാ ഘടകത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമായിരുന്നെന്നും അവര്‍ തമ്മിലുളള രഹസ്യധാരണയുടെ പുറത്താണ് മന്ത്രിയെ പുറത്താക്കാതിരിക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. 'ജെഡിഎസിന് ഒരു നയമില്ല. കേന്ദ്രത്തില്‍ ബിജെപിക്കൊപ്പവും കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പവുമാണ്. ഇത്തരത്തിലുളള ഒരു പാര്‍ട്ടിയെ എങ്ങനെയാണ് ഇടതുമുന്നണിക്കൊപ്പം നിലനിര്‍ത്താന്‍ സാധിക്കുക? എല്‍ഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണ് കൃഷ്ണന്‍കുട്ടി മന്ത്രിയായി തുടരുന്നത്. എച്ച് ഡി ദേവഗൗഡയുടെ പ്രസ്താവനയോടെ ഇക്കാര്യം ബലപ്പെട്ടു. ബിജെപിയെ സിപിഎം പരോക്ഷമായി പിന്തുണയ്ക്കുകയാണ്. സിപിഎം ബിജെപിയുടെ ബി ടീമാണ്'- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.