ജറുസലേം: ഇസ്രായേല്‍- ഹമാസ് യുദ്ധം തുടരുന്നതിനിടെ ഗാസയിലേക്ക് സഹായഹസ്തവുമായെത്തിയ ട്രക്കുകള്‍ കടത്തിവിടാന്‍ സമ്മതിച്ച് ഈജിപ്റ്റ്. ഈജിപ്റ്റിലെ റഫാ അതിര്‍ത്തി തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു. ജോ ബൈഡനും ഈജിപ്റ്റ് പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍ സിസിയും തമ്മില്‍ നടന്ന ചര്ച്ചയ്ക്കുപിന്നാലെയാണ് റഫാ അതിര്‍ത്തി തുറക്കാന്‍ തീരുമാനമായത്. ഗാസയിലെ ആളുകളെ റഫാ അതിര്‍ത്തി വഴി ഈജിപ്റ്റിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് അബ്ദേല്‍ ഫത്താഹ് അല്‍ സിസി വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ സിനായി ഉപദ്വീപില്‍ നിന്ന് സഹായങ്ങളുമായി 20 ട്രക്കുകള്‍ ഗാസയിലെത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. റഫാ അതിര്‍ത്തിയിലൂടെ ഗാസയിലേക്കെത്തുന്ന സഹായം തടയില്ലെന്ന് ഇസ്രായേലും അറിയിച്ചിട്ടുണ്ട്. ഇസ്രായേല്‍ സന്ദര്ശത്തിനുപിന്നാലെ ജോ ബൈഡന് ഈജിപ്റ്റ് സന്ദര്‍ശിച്ചിരുന്നു. അതിനുപിന്നാലെയാണ് റഫാ അതിര്‍ത്തി തുറക്കാന്‍ തീരുമാനമായത്. ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും 10 കോടി ഡോളര്‍ സഹായവും അമേരിക്ക പ്രഖ്യാപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഫലസ്തീനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 3478 പേരാണ് കൊല്ലപ്പെട്ടത്. 600 കുട്ടികളടക്കം 1300 പേരെ കാണാതായി. ഇവര്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കാമെന്നാണ് നിഗമനം.