ദോഹ: മുസ്ലീം ലീഗിനെയും സമസ്തയെയും തമ്മില്‍ തെറ്റിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയും ലീഗും തമ്മില്‍ അഭേദ്യമായ ബന്ധമാണുളളതെന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞതുകൊണ്ടൊന്നും ആ ബന്ധം തകരില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ലീഗും സമസ്തയും തമ്മിലുളള ബന്ധം വഷളാവുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്കൊപ്പം ഒരു വേദിയിലിരുന്നാണ് ജിഫ്രി തങ്ങള്‍ ഇക്കാര്യം പറഞ്ഞത്. ദോഹയില്‍ ശനിയാഴ്ച്ച രാത്രി നടന്ന ഖത്തര്‍ ഇസ്ലാമിക് സെന്റര്‍ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'സമസ്തയെയും ലീഗിനെയും തെറ്റിക്കാന്‍ ആര്‍ക്കും കഴിയില്ല. സമസ്തയും പാണക്കാട് തങ്ങള്‍മാരും തമ്മിലുളള ദൃഢബന്ധം ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തകരുന്നതല്ല. അക്കാര്യം പലതവണ പറഞ്ഞിട്ടുളളതാണ്. ചില ആളുകള്‍ അവരുടെ മസ്തിഷ്കത്തില്‍ തോന്നുന്നത് പറയുന്നു. അതുകൊണ്ട് സമുദായത്തെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. പണ്ഡിതന്മാരെയും തങ്ങള്മാരെയും ചിലര്‍ അധിക്ഷേപിക്കുന്നു. അവര്‍ക്ക് മറുപടി പറയാന്‍ മാന്യത അനുവദിക്കുന്നില്ല'- ജിഫ്രി തങ്ങള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സമസ്തയുമായുളള ബന്ധത്തില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോകാന്‍ ലീഗിനാകില്ലെന്ന് പാണക്കാട് സാദിഖലി തങ്ങളും പറഞ്ഞു. ലീഗിന് സമസ്ത എന്നും വിശേഷപ്പെട്ടതാണെന്നും എപ്പോഴും ഒരു പടി മുകളിലാണ് സമസ്തയുടെ സ്ഥാനമെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. ലീഗിനെയും സമസ്തയെയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് സമുദായത്തിന്റെ ശത്രുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.