ഡല്‍ഹി: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈം മാഗസിന് തയാറാക്കിയ 'ദി നെക്സ്റ്റ് ജനറേഷന് ലീഡേഴ്സ്' പട്ടികയില്‍ ഇടംനേടി ഇന്ത്യന്‍ യൂട്യൂബര്‍ ധ്രുവ് റാഠി. വിവിധ രാജ്യങ്ങളില്‍ നിന്നുളള ഇരുപത് യുവാക്കളുടെ പട്ടികയിലാണ് വിദ്യാഭ്യാസ സംബന്ധമായ വീഡിയോകളിലൂടെയും ഫാക്ട് ചെക്ക് വീഡിയോകളിലൂടെയും പ്രശസ്തനായ ധ്രുവ് ഇടംനേടിയത്. കേരളത്തിനെതിരെ വിദ്വേഷം വളര്‍ത്തുകയെന്ന സംഘപരിവാര്‍ അജണ്ടയുമായെത്തിയ ചിത്രം ദി കേരളാ സ്റ്റോറിയുടെ ഫാക്ട് ചെക്ക് ചെയ്തുളള ധ്രുവിന്റെ വീഡിയോ രാജ്യമൊട്ടാകെ ചര്‍ച്ചയായിരുന്നു.
കടുത്ത മോദി വിമര്‍ശകനായ ധ്രുവ് തന്റെ വീഡിയോകളിലൂടെ സംഘപരിവാറിന്റെ പല അജണ്ടകളെയും വസ്തുതകള്‍ നിരത്തി വിശകലനം ചെയ്യാറുണ്ട്. ബിജെപി എക്സ്പോസ്ഡ്, ഇന്ത്യാ V/S ഭാരത്, വനിതാ സംവരണം, പ്രധാനമന്ത്രി മോദിക്ക് മണിപ്പൂരിലുളള റോള്‍, ഗുസ്തി താരങ്ങളുടെ സമരം തുടങ്ങി നിരവധി വീഡിയോകള്‍ ധ്രുവ് തന്റെ യൂട്യൂബ് ചാനലില്‍ അപ്പ്ലോഡ് ചെയ്തിട്ടുണ്ട്. സംഘപരിവാറിന്റെ കണ്ണിലെ കരടായതോടെ ഫേസ്ബുക്ക് ധ്രുവിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. സംഭവം വിവാദമായതോടെയാണ് ബ്ലോക്ക് നീക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഹരിയാന സ്വദേശിയായ ഇരുപത്തിയെട്ടുകാരന് ധ്രുവ് റാഠി 2014-ലാണ് യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. സാമൂഹ്യ-രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങളിലെ തന്റെ നിലപാടാണ് ധ്രുവ് വീഡിയോകളിലൂടെ പറയുന്നത്. നിലവില്‍ 17 മില്ല്യണ്‍ സബ്സ്ക്രൈബേഴ്സും അഞ്ഞൂറിലധികം വീഡിയോകളും ധ്രുവിന്റെ ചാനലിലുണ്ട്. ഹരിയാനയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ധ്രുവ് റാഠി ജര്‍മനിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും റിന്യൂവബില്‍ എനര്‍ജിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നിലവില്‍ ജര്‍മനിയിലാണ് താമസം.