ഡല്‍ഹി: കൃഷിഭവനുളളില് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ വലിച്ചിഴച്ച് ഡല്‍ഹി പൊലീസ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പശ്ചിമ ബംഗാളിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ നേതാക്കള്‍ കൃഷി മന്ത്രി സാധ്വി നിരഞ്ജന് ജ്യോതിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. കൂടിക്കാഴ്ച്ചയ്ക്ക് മന്ത്രി അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ടിഎംസി നേതാക്കള്‍ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെയാണ് പൊലീസ് മഹുവ മൊയ്ത്രയുള്പ്പെടെയുളള മന്ത്രിമാരെ വലിച്ചിഴച്ചത്. ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുള്‍പ്പെടെ മുപ്പതോളം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ടിഎംസിയുടെ ആരോപണം.
'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട എംപിമാരോട് ഒരു മന്ത്രിയെ കാണാന്‍ അപ്പോയിന്റ്മെന്റ് നല്കിയതിനുശഷം പെരുമാറുന്നത് ഇങ്ങനെയാണ്. മൂന്നുമണിക്കൂര്‍ കാത്തിരുന്നതിനുശേഷം അവര്‍ കാണാന്‍ വിസമ്മതിച്ചു' മഹുവ മൊയ്ത്ര എക്സില്‍ കുറിച്ചു. തന്നെ പൊലീസുകാര്‍ വലിച്ചിഴച്ച് എടുത്തുകൊണ്ടുപോകുന്ന വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു എംപിയോടാണോ നിങ്ങള്‍ ഇങ്ങനെ പെരുമാറുന്നത് എന്ന് മഹുവ പൊലീസുകാരോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, രണ്ടര മണിക്കൂര്‍ താന്‍ ടിഎംസി എംപിമാര്‍ക്കായി ഓഫീസില്‍ കാത്തിരുന്നെന്നും ഷെട്യൂള്‍ ചെയ്ത വിഷയങ്ങള്‍ സംസാരിക്കാതെ രാഷ്ട്രീയം കളിക്കാനാണ് ടിഎംസിക്ക് താല്‍പ്പര്യമെന്നും കൃഷി മന്ത്രി പ്രതികരിച്ചു. മന്ത്രിയുടെ അവകാശവാദം നുണയാണെന്ന് മറുപടിയുമായി മഹുവയും രംഗത്തെത്തി. സാധ്വി നിരഞ്ജന് ജ്യോതി കളളം പറയുകയാണ്. ഞങ്ങളുടെ പ്രതിനിധി സംഘത്തിന് നിങ്ങള്‍ അപ്പോയിന്മെന്റ് നല്കി. എല്ലാ പേരുകളും പരിശോധിച്ചു. പ്രവേശിക്കുന്നതിനു മുന്‍പ് ഓരോരുത്തരെയായി പരിശോധിച്ചു. ഞങ്ങളെ മൂന്നുമണിക്കൂര്‍ പുറത്തിരുത്തി. എന്നിട്ട് പിന്‍വാതിലിലൂടെ നിങ്ങള്‍ ഓടിപ്പോയി'- മഹുവ എക്സില്‍ കുറിച്ചു.