ഡല്‍ഹി: തന്റെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെല്‍ ഐക്കണ്‍ അമര്‍ത്താനും ആവശ്യപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് പ്രകാശ് രാജ്. 'മണിപ്പൂരില്‍ ഇന്റര്‍നെറ്റ് ഇല്ല. എങ്ങനെ സബ്സ്ക്രൈബ് ചെയ്യും?'- എന്നാണ് പ്രകാശ് രാജ് ചോദിക്കുന്നത്. ജസ്റ്റ് ആസ്കിംഗ് എന്ന ഹാഷ്ടാഗിനൊപ്പമാണ് നടന്റെ ട്വീറ്റ്. ഇന്ത്യയിലെ യൂട്യൂബര്‍മാരെ അഭിസംബോധന ചെയ്തുളള വീഡിയോ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തത്. 15 വര്‍ഷമായി യൂട്യൂബ് ചാനലില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും തനിക്ക് 17 മില്ല്യണ്‍ സബ്സ്ക്രൈബേഴ്സുണ്ടെന്നും മോദി പറഞ്ഞു.
'ഇന്ത്യയിലെ അയ്യായിരത്തോളം വരുന്ന യൂട്യൂബേഴ്സില്‍ ഒരാളാണ് ഞാനും. ഇന്ത്യന്‍ യൂട്യൂബര്‍മാരുടെ കണ്ടന്റുകള്‍ ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും സെലിബ്രിറ്റികള്‍ക്കുമൊപ്പം സ്വച്ഛ് ഭാരതിനെ മികച്ചതാക്കാന്‍ യൂട്യൂബര്‍മാര്‍ക്ക് സാധിച്ചു. യുപി ഐ പേയ്മെന്റ് വഴി ജനങ്ങളെ ഡിജിറ്റല്‍ ഇന്ത്യയിലേക്ക് ആകര്‍ഷിച്ച കണ്ടന്റ് ക്രിയേറ്റര്‍മാര്‍ അവര്‍ക്ക് ഡിജിറ്റല്‍ പെയ്മെന്റ് എങ്ങനെ നടത്താമെന്നും പഠിപ്പിച്ച് കൊടുക്കണം' -നരേന്ദ്രമോദി പറഞ്ഞു. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ അവസാനിക്കുമ്പോള്‍ യൂട്യൂബര്‍മാരുടെ പതിവ് ശൈലിയില്‍ തന്റെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യണമെന്നും കൂടുതല്‍ അപ്ഡേറ്റുകള് ലഭിക്കാന്‍ അടുത്തുളള ബെല്‍ ഐക്കണ്‍ അമര്‍ത്തണമെന്നും മോദി പറഞ്ഞു. ഈ ഭാഗം പങ്കുവെച്ചായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മണിപ്പൂരില്‍ മെയ്തേയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീണ്ടും സംഘര്‍ഷമുണ്ടായതോടെ ഇന്റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തുകയായിരുന്നു. 5 ദിവസത്തേക്കാണ് നിയന്ത്രണം.