ഡല്‍ഹി: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) സഖ്യത്തെ നയിക്കാന്‍ 13 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. സമിതിക്ക് കണ്‍വീനര്‍ ഇല്ല. പതിമൂന്നംഗ സമിതിയില്‍ രാഹുല്‍ ഗാന്ധിയോ സോണിയാ ഗാന്ധിയോ അംഗങ്ങളല്ല. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ചദ്ദ, സമാജ് വാദി പാര്‍ട്ടി നേതാവ് ജാവേദ് ഖാന്, ജെഡിയു ദേശീയ അധ്യക്ഷന്‍ ലാലന് സിംഗ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്, സിപി ഐ നേതാവ് ഡി രാജ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളള, പിഡിപി നേതാവ് മെഹബൂബ മുഫ്തി എന്നിവരാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് മത്സരിക്കുമെന്ന പ്രമേയവും ഇന്ത്യാ സഖ്യത്തിന്റെ മുംബൈ യോഗത്തില്‍ പാസാക്കി. 'ഭാരതം ഒന്നാകും, ഇന്ത്യ ജയിക്കും'-എന്നാണ് സഖ്യത്തിന്റെ പ്രചാരണ മുദ്രാവാക്യം. സഖ്യത്തിന്റെ ലോഗോ പ്രകാശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യാ സഖ്യം റാലി സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇന്ത്യാ സഖ്യത്തിന്റെ മൂന്നാമത് യോഗമാണ് മുംബൈയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്നത്. ആദ്യ രണ്ട് യോഗങ്ങള്‍ പാറ്റ്നയിലും ബംഗളുരുവിലുമാണ് നടന്നത്.