കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരായ സിഎംആര്‍എല്‍ മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി കോടതി തളളി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ ഹര്‍ജി തളളിയത്. പരാതിക്കാരന്‍ സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമാണെന്നും കുറ്റകൃത്യം നടന്നുവെന്ന് തെളിയിക്കാന്‍ പരാതിക്കാരന് സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാവില്ലെന്നും ഈ സാഹചര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ ഗിരീഷ് ബാബു പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. രണ്ട് വ്യക്തികളോ ഒരു കമ്പനിയുമായുളള സാമ്പത്തിക ഇടപാടോ മാത്രമായി ഇതിനെ കാണാനാവില്ലെന്നും മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നു. അതുകൊണ്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്നും ഗിരീഷ് ബാബു ആവശ്യപ്പെട്ടിരുന്നു.