തിരുവനന്തപുരം: മൈക്ക് കേസില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. സുരക്ഷാ പരിശോധനയല്ലാതെ മറ്റൊന്നു നടപടിയും ഉണ്ടാകരുതെന്നും കേസ് ഇന്നുതന്നെ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശം ലഭിച്ചതിനുപിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും ഉടമയ്ക്ക് തിരികെ നല്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് മൈക്കിന് ഹൗളിംഗുണ്ടായത്. മൈക്ക് തകരാറായതിന്റെ പേരില്‍ കന്റോണ്‍മെന്റ് പൊലീസ് സ്വമേധയാ കേസെടുത്തത് സര്‍ക്കാരിനും പൊലീസിനും വലിയ നാണക്കേടാണുണ്ടാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മൈക്ക് തകരാറുണ്ടായത് മനപ്പൂര്‍വ്വമാണെന്നും പൊതുസുരക്ഷയ്ക്ക് വീഴ്ച്ചയുണ്ടാക്കുകയായിരുന്നു ഉദ്ദേശമെന്നും പൊലീസ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരുന്നു. കേസില്‍ ഒന്നാം പ്രതി മൈക്കും രണ്ടാം പ്രതി ആംപ്ലിഫയറുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പരിഹസിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയല്ല, കേസെടുത്തതെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും ചിരിപ്പിച്ച് ചിരിപ്പിച്ച് മനുഷ്യനെ ഇങ്ങനെ കൊല്ലല്ലേയെന്നാണ് കേസെടുത്തവരോട് പറയാനുളളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.