ഇംഫാല്‍: മണിപ്പൂരില്‍ കലാപം ആരംഭിച്ച് 79 ദിവസങ്ങള്‍ക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ പ്രതികരണം നടത്തിയത്. മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിക്കാന്‍ വൈകിയ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുകി വിഭാഗക്കാരനായ ബിജെപി എംഎല്‍എ പൗലിയന്‍ലാല്‍ ഹയോകിപ്.
ഇത്രയും ഭീകരമായ ഒരു ആക്രമണം നടക്കുമ്പോള്‍ പ്രതികരിക്കാന്‍ 79 ദിവസമല്ല, ഒരാഴ്ച്ച വൈകിയാല്‍തന്നെ അത് ദൈര്‍ഘ്യമേറിയ കാലയളവാണെന്ന് പൗലിയന്‍ലാല്‍ ഹയോകിപ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പരിഗണനകള്‍ അനുചിതമായിരുന്നെന്നും അദ്ദേഹത്തെ കാണാനായി താന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്നും ബിജെപി എംഎല്‍എ പറഞ്ഞു. ന്യൂസ് ലോണ്ട്രിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കുകി സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ വീഡിയോ പുറത്തുവരേണ്ടിവന്നോ പ്രധാനമന്ത്രിക്ക് പ്രതികരിക്കാന്‍ എന്ന ചോദ്യത്തിന്, രാജ്യം അങ്ങനെയാണ് കരുതുന്നത് എന്നായിരുന്നു എംഎല്‍എയുടെ മറുപടി. മോദിയെ അദ്ദേഹത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്‍പ് താന്‍ കാണാന്‍ ശ്രമിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ മുന്‍ഗണനകള്‍ അനുചിതമായിരുന്നു എന്നാണ് മണിപ്പൂരിലെ കുകി-സോമി വിഭാഗത്തിന്റെ പ്രതിനിധി എന്ന നിലയില്‍ താന്‍ കരുതുന്നതെന്നും പൗലിയന്‍ലാല്‍ പറഞ്ഞു.
ജനങ്ങള്‍ കൊല്ലപ്പെടുന്ന പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് മനുഷ്യത്വമെന്നും സാഹചര്യത്തിന്റെ ഗൗരവം പ്രധാനമന്ത്രിയെ അറിയിക്കാനുളള അവസരത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.