ഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. പുതിയ ഫീച്ചറില്‍ ഏറ്റവും പ്രധാനപ്പെട്ടത് യൂസർഇന്റർഫേസ് 'മെറ്റീരിയൽ ഡിസൈൻ ത്രീ' മാർഗനിർദേശമനുസരിച്ച് റീ ഡിസൈന്‍ ചെയ്യും എന്നതാണ്. റീഡിസൈൻഡ് സ്വിച്ചുകളും ഫ്‌ളോട്ടിങ് ആക്ഷൻ ബട്ടണുകളുമടക്കം നിരവധി മാറ്റങ്ങളാണ് മെറ്റ പുതിയതായി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. മറ്റൊരു പുതിയ ഫീച്ചറാണ് 'സൈലൻസ് അൺനോൺ കോൾസ്'. ഈ ഫീച്ചര്‍ വരുന്നതോടുകൂടി അജ്ഞാത കോളുകളും സ്പാം കോളുകളും സൈലന്റായി കിടക്കുമെന്നതാണ് പ്രത്യേകത.
അതോടൊപ്പം, കോളിനിടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുമെന്ന് മെറ്റ അടുത്തിടെ അറിയിച്ചിരുന്നു. മൈക്രോസോഫ്റ്റ്, ഗൂഗിള്‍ മീറ്റ്, സൂം എന്നീ വീഡിയോ കോണ്‍ഫ്രന്‍സിംഗ് ഫ്ലാറ്റ് ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമായിരുന്നു. അതെ സൗകര്യം വാട്സ് ആപ്പിലും ലഭ്യമാക്കാനാണ് മെറ്റ ശ്രമിക്കുന്നത്. ഈയൊരു ഫീച്ചര്‍ ഉപയോഗിച്ച് വിഡിയോ കോള്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് സ്‌ക്രീനിൽ ഉള്ളടക്കം പ്രദർശിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ സ്‌ക്രീന്‍ ഷെയറിങ്ങില്‍ ഉപയോക്താവിന് പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കും. സ്വകാര്യത സംരക്ഷിക്കുന്നതിന് എപ്പോള്‍ വേണമെങ്കിലും സ്‌ക്രീന്‍ ഷെയറിങ് ഉപേക്ഷിക്കാനും ഉപയോക്താവിന് സാധിക്കുന്നവിധമാണ് സേവനം ഒരുക്കിയിരിക്കുന്നത്.
വാട്സ് ആപ്പിലൂടെ മറ്റൊരാള്‍ക്ക് അയക്കുന്ന സന്ദേശം തെറ്റിപ്പോയാല്‍ എഡിറ്റ് ചെയ്ത് വീണ്ടും അയക്കാന്‍ സാധിക്കും. അയച്ചുകഴിഞ്ഞ സന്ദേശങ്ങളിൽ തെറ്റുണ്ടായല്‍ ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. എന്നാൽ ഇതിന് പകരം അവ എഡിറ്റ് ചെയ്യാൻ അവസരം ഒരുങ്ങുന്നുവെന്നാണ് വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. സന്ദേശം അയച്ച് 15 മിനിട്ടിനുള്ളിലാണ് ഈ ഓപ്ഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ സാധിക്കുക.