തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിത്. മത്സ്യ ബന്ധനത്തിന് വിലക്ക് തുടരുമെന്നും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം അറിയിച്ചു.
അതേസമയം, അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു. ജലോർ, ചനോഡ്, മാർവർ മേഖലയിൽ ചുഴലിക്കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ബിപോർജോയ് ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ദേശീയ ദുരന്ത നിവാരണ സംഘത്തെ ഉൾപ്പെടെ മേഖലയിൽ നിയോഗിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് കടന്നുപോയ ഗുജറാത്തിലെ കച്ച് സൗരാഷ്ട്ര മേഖലയിലും ഇന്ന് കനത്ത മഴ പെയ്യും.