ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുകയാണ്. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ടിഎംസി രാജ്യസഭാ എംപി ഡെറിക് ഒബ്രിയാന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. രാജ്യത്തിന്റെ പ്രഥമ വനിതയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്നും ഭരണഘടനാപരമായ കാര്യങ്ങളെക്കുറിച്ച് സര്‍ക്കാരിന് അറിവില്ലെന്നും മഹുവ മൊയ്ത്ര ട്വിറ്ററില്‍ കുറിച്ചു.
'ആദ്യം പ്രസിഡന്റ്, പിന്നെ വൈസ് പ്രസിഡന്റ്, ശേഷം പ്രധാനമന്ത്രി എന്നതാണ് നിയമപരമായ കീഴ് വഴക്കം. ഭരണഘടനാപരമായ കാര്യങ്ങളെക്കുറിച്ച് സര്‍ക്കാരിന് അറിവില്ല. ഇത് മോദിജി സ്വന്തം പണംകൊണ്ട് നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശമല്ല. തൃണമൂല്‍ കോണ്‍ഗ്രസ് മെയ് 28-ന് നടക്കുന്ന ചടങ്ങ് ബഹിഷ്കരിക്കും'- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തൃണമൂല്‍ കോണ്‍ഗ്രസും സിപി ഐയും ആം ആദ്മി പാര്‍ട്ടിയും ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് വിവരം. ഉദ്ഘാടനച്ചടങ്ങില്‍നിന്ന് രാഷ്ട്രപതിയെ മാറ്റിനിര്‍ത്തുന്നതിനും സവര്‍ക്കറുടെ ജന്മദിനത്തില് പാര്‍ലമെന്റ് ഉദ്ഘാടനം നടത്തുന്നതിനും എതിരാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം.