ബംഗളുരു: കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയെ കോടതി വെറുതെ വിട്ടതിനുപിന്നാലെ പ്രതികരണവുമായി മകന് സലാഹുദ്ദീന് അയ്യൂബി. രാജ്യത്തിന്റെ നീതിസംവിധാനങ്ങളില് വിശ്വസിക്കുന്നതിന് കൂടുതല്‍ ഊര്‍ജ്ജം നല്കുന്ന വാര്‍ത്തയാണിതെന്നും നിരപരാധിത്തങ്ങളുടെ ഘോഷയാത്ര തീര്‍ത്ത് മഅ്ദനി ഉടന്‍ കേരളത്തിലേക്ക് വരുമെന്നും സലാഹുദ്ദീന് പറഞ്ഞു. കൂടെ നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമുളള നന്ദിയും കടപ്പാടും അറിയിക്കുകയാണെന്നും സലാഹുദ്ദീന് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
'വാപ്പച്ചിയെ സ്നേഹിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നു. രാജ്യത്തിന്റെ നീതിസംവിധാനങ്ങളില് വിശ്വസിക്കുന്നതിന് കൂടുതല്‍ ഊര്‍ജ്ജം നല്കുന്ന വാര്‍ത്തയാണിത്. പൂര്‍ണ്ണ നിരപരാധിയായിരുന്നിട്ടും വാപ്പച്ചിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാക്കി. അദ്ദേഹത്തെ നിരപരാധിയായി പ്രഖ്യാപിക്കുന്ന കേസുകളുടെ എണ്ണം കൂടുകയാണ്. കോയമ്പത്തൂര്‍ കേസിലേക്ക് അറസ്റ്റ് ചെയ്യുന്നതിനായി കോഴിക്കോട് കസബ സ്റ്റേഷനിലേക്ക് ആദ്യം അറസ്റ്റ് ചെയ്ത് കൊണ്ടുപോയിരുന്നു. അവിടെനിന്നാണ് തമിഴ്നാട് പൊലീസിന് അദ്ദേഹത്തെ കൈമാറിയത്. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ക്കുവേണ്ടി വാദിച്ചതിന് ഒമ്പതര വര്‍ഷത്തെ തടവാണ് അദ്ദേഹത്തിന് ലഭിച്ചത്. അന്ന് കസബ സ്റ്റേഷനിലേക്ക് കൊണ്ടുപോയതിന് എടുത്ത കേസാണ് വിചാരണ പൂര്‍ത്തിയായി ഇപ്പോള്‍ നിരപരാധിയാണെന്ന് പ്രഖ്യാപിച്ചത്. പ്രയാസങ്ങളില്‍ കൂടെനിന്നവര്‍ക്ക് നന്ദി'- സലാഹുദ്ദീന് അയ്യൂബി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അബ്ദുള്‍ നാസര്‍ മഅ്ദനിയുള്‍പ്പെടെ നാലുപേരെ വെറുതെ വിട്ടത്. 1998-ല്‍ അനധികൃതമായി ആയുധം കൈവശം വച്ചെന്ന് ആരോപിച്ച് മഅ്ദനി, അയ്യപ്പന്, സുബൈര്‍, അശ്റഫ് എന്നിവര്‍ക്കെതിരെ 153 എ, 120 ബി എന്നിവ ചുമത്തിയാണ് കേസെടുത്തത്.