കമ്പനിയുടെ ചിലവ് ചുരുക്കാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമുള്ള തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായി കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചന നല്കി ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചെ. ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധ ലഭിച്ചിട്ടുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (കൃത്രിമ ബുദ്ധി) ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നതെന്നും സി ഇ ഒ വ്യക്തമാക്കി. വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.
നിലവിലെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനത്തിലധികം കാര്യക്ഷമതാ വര്‍ദ്ധനയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. കൊവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ ഓണ്‍ ലൈന്‍ സേവനങ്ങള്‍ വര്‍ദ്ധിച്ചതിനാല്‍ കൂടുതല്‍ പേരെ ഗൂഗിള്‍ നിയമിച്ചിരുന്നു. കൂടുതല്‍ സര്‍വീസുകള്‍ ഓണ്‍ലൈനില്‍ തന്നെ തുടരുമെന്നായിരുന്നു അന്ന് കമ്പനി കണക്കാക്കിയിരുന്നത്. എന്നാല്‍ കൊവിഡാനന്തരം ഈ ട്രെന്‍ഡ് ആ നിലയില്‍ നിലനിന്നില്ല. ഓഫ് ലൈന്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കൈവന്നു. ഈ സാഹചര്യമാണ് ജീവനക്കാരെ കുറയ്ക്കാന്‍ ഗൂഗിളിനെ നിര്‍ബന്ധിതരാക്കിയത് എന്നാണ് വിലയിരുത്തല്‍.
രാജ്യത്തെ ഗൂഗിള്‍ ഓഫീസുകളിലെ 450 പേരെയും ആഗോളാടിസ്ഥാനത്തില്‍ പന്ത്രണ്ടായിരം ജീവക്കാരെയും നേരത്തെ ഗൂഗിള്‍ പിരിച്ചുവിട്ടിരുന്നു. ആകെയുള്ള ജീവക്കാരുടെ ആറു ശതമാനം വരുമത്. ഇതിനു പിറകെയാണ് പിരിച്ചുവിടലിനെ സംബന്ധിച്ച് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (കൃത്രിമ ബുദ്ധി) കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്ന ഗൂഗിള്‍ ചാറ്റ് ബോട്ടിനെ ജി മെയിലുമായും ഗൂഗിള്‍ ഡോക്സുമായും ബന്ധിപ്പിക്കുമെന്നും വ്യക്തമാക്കി.