ഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമായ വാട്സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് പുതിയ "ലോക്ക് ചാറ്റ്" സവിശേഷത മെറ്റ പരീക്ഷിക്കുന്നത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താകള്‍ക്ക് അവരുടെ ചാറ്റുകള്‍ സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. ചാറ്റ് ലോക്ക് ചെയ്തു കഴിഞ്ഞാല്‍ ഉപയോക്താവിന്റെ വിരല്‍ അടയാളമോ പാസ് വേര്‍ഡോ ഉപയോഗിച്ച് മാത്രമേ ചാറ്റ് ഓപ്പണ്‍ ആക്കാന്‍ സാധിക്കുകയുള്ളൂ. ലോക്ക് ചെയ്യുന്ന ചാറ്റുകളിലെ മീഡിയാ ഫയലുകള്‍ ഗാലറിയില്‍ സേവ് ആവുകയുമില്ല. തെറ്റായ പാസ്വേഡ് ഉപയോഗിച്ച് ചാറ്റ് തുറക്കാൻ ശ്രമിച്ചാൽ, അതിലെ മുഴുവന്‍ ഡേറ്റയും ക്ലിയര്‍ ആക്കാനുള്ള ഓപ്ഷനാണ് ആദ്യം വരിക. ഇതിനുശേഷം മാത്രമേ ചാറ്റ് ഓപ്പണ്‍ ആക്കാന്‍ സാധിക്കുകയുള്ളൂ.
അതേസമയം, കഴിഞ്ഞ ദിവസം വാട്സ് ആപ്പ് മറ്റൊരു കിടിലന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഒറ്റ തവണ മാത്രം കേള്‍ക്കാന്‍ സാധിക്കുന്ന ഓഡിയോ സന്ദേശം അയക്കാനുള്ള ഓപ്ഷനാണ് വാട്സ് ആപ്പ് ഒരുക്കുന്നത്. നിലവില്‍ വാട്സ് ആപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമായ ഫീച്ചറാണ് മെറ്റ ഒരുക്കിയിരിക്കുന്നത്. ഒരു തവണ മാത്രം സ്വീകർത്താവിന് കാണാൻ കഴിയുന്ന രീതിയിൽ ചിത്രങ്ങളും വിഡിയോകളും അയക്കാന്‍ സാധിക്കുന്ന ഓപ്ഷനാണിത്. ഇതിനുസമാനമായ രീതിയില്‍ ഓഡിയോ സന്ദേശവും ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനാണ് മെറ്റ ഒരുക്കുന്നത്. വ്യൂ വൺസ് ഓപ്ഷനില്‍ ചിത്രങ്ങളോ വിഡിയോയോ പങ്കുവെച്ചാല്‍ അത് മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കാനോ സ്ക്രീന്‍ ഷോര്‍ട്ട് എടുക്കാനോ സാധിക്കില്ല.