ഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് കിടിലന്‍ ഫീച്ചര്‍ പുറത്തിറക്കുന്നു. ഒറ്റ തവണ മാത്രം കേള്‍ക്കാന്‍ സാധിക്കുന്ന ഓഡിയോ സന്ദേശം അയക്കാനുള്ള ഓപ്ഷനാണ് വാട്സ് ആപ്പ് ഒരുക്കുന്നത്. നിലവില്‍ വാട്സ് ആപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമായ ഫീച്ചറാണ് മെറ്റ ഒരുക്കിയിരിക്കുന്നത്. ഒരു തവണ മാത്രം സ്വീകർത്താവിന് കാണാൻ കഴിയുന്ന രീതിയിൽ ചിത്രങ്ങളും വിഡിയോകളും അയക്കാന്‍ സാധിക്കുന്ന ഓപ്ഷനാണിത്. ഇതിനുസമാനമായ രീതിയില്‍ ഓഡിയോ സന്ദേശവും ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനാണ് മെറ്റ ഒരുക്കുന്നത്. വ്യൂ വൺസ് ഓപ്ഷനില്‍ ചിത്രങ്ങളോ വിഡിയോയോ പങ്കുവെച്ചാല്‍ അത് മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കാനോ സ്ക്രീന്‍ ഷോര്‍ട്ട് എടുക്കാനോ സാധിക്കില്ല.
അടുത്തിടെ വാട്സ് ആപ്പ് ഡെസ്ക്ടോപില്‍ വിഡിയോ, ഓഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഏറ്റവും പുതിയ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുകയെന്ന് ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കർബർഗ് വ്യക്തമാക്കിയിരുന്നു. വിൻഡോസിനായുള്ള പുതിയ വാട്സാപ് ഡെസ്ക്ടോപ് ആപ്പ് മൊബൈൽ ആപ്പിന് സമാനമായ ഇന്റർഫേസിലാണ് നിര്‍മ്മിക്കുന്നത്. ഒരേ സമയം 8 പേരുമായി വീഡിയോ കോളും 32 പേരുമായി വോയിസ് കോള്‍ ചെയ്യാന്‍ സാധിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ മറ്റ് ആപ്പുകളെ പോലെ തന്നെ ഡെസ്ക്ടോപ് ആപ്പിലും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നൽകുന്നത് തുടരുമെന്ന് മെറ്റ അറിയിച്ചു.