കൊച്ചി: വിജയ് ബാബു ഇപ്പോഴും തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അതിജീവിത. റോളിനുവേണ്ടി ആരുടെയെങ്കിലും കൂടെക്കിടക്കുന്ന ആളല്ല താനെന്നും കഠിനാധ്വാനം ചെയ്താണ് ഇന്ന് ഈ നിലയിലെത്തിയതെന്നും അതിജീവിത പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ വിജയ് ബാബുവിനെ പിന്തുണച്ചുവന്ന കമന്റിന് മറുപടിയായി സ്റ്റോറിയിലൂടെയായിരുന്നു അവരുടെ പ്രതികരണം. പുരുഷാധിപത്യ സമൂഹത്തില്‍ ഏത് സ്ത്രീയോടും ആര്‍ക്കും എന്ത് വൃത്തികേട് വേണമെങ്കിലും ചെയ്യാമെന്നും അതിന് നല്ല പിന്തുണ കിട്ടുമെന്നും അതിജീവിത പറഞ്ഞു.
'കഠിനാധ്വാനം കൊണ്ട് കരിയര്‍ തുടങ്ങിയ ഒരു തുടക്കക്കാരിയോട് വിജയ് ബാബു എന്താണ് ചെയ്തതെന്ന് ആര്‍ക്കും അറിയില്ല. കഴിഞ്ഞ വര്‍ഷം എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാന്‍ അയാള്‍ ലൈവുമായി വന്നു. എനിക്ക് ഡിപ്രഷന് ഇല്ലായിരുന്നു. അത്തരമൊരു രോഗനിര്‍ണയം പോലും നടന്നിട്ടില്ല. എന്നാല്‍ അയാള്‍ക്ക് അതുണ്ടായിരുന്നു. കാര്യങ്ങള്‍ അയാളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റി. ഹോം എന്ന സിനിമയിലെ റോളിനുവേണ്ടി ഞാന്‍ അപേക്ഷിച്ചിട്ടില്ല. ഒരു വെബ് സീരീസിലെ എന്റെ അഭിനയം കണ്ട് എന്നെ അയാള്‍ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. ഓഡീഷനിലൂടെയാണ് സിനിമയിലേക്ക് തെരഞ്ഞെടുത്തത്. റോളുകള്‍ക്കുവേണ്ടി കൂടെക്കിടക്കുന്നയാളല്ല ഞാന്‍. ഞാന്‍ സ്വപ്നം കണ്ടയിടത്തേക്ക് എത്തിച്ചേരാന്‍ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്'- അതിജീവിത പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിജയ് ബാബു ഇപ്പോഴും തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു കുറിപ്പെഴുതുന്നതെന്നും അവര്‍ പറഞ്ഞു. അതിജീവിതയായ ഒരാള്‍ക്ക് ജനങ്ങളോട് അടിസ്ഥാനപരമായ ദയയും ബഹുമാനവും നല്‍കണമെന്ന് അഭ്യര്ത്ഥിക്കേണ്ടിവരുന്നത് വേദനാജനകമാണെന്നും വിജയ് ബാബു ഒരുപാട് സ്ത്രീകളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും അതിജീവിത പറഞ്ഞു. 'ഇതിനെല്ലാം എന്റെ കൈവശം തെളിവുകളുണ്ട്. അയാള്‍ മറ്റുളളവരെ നിശബ്ദരാക്കി. ശക്തനാണ് എന്നാണ് അയാള്‍ സ്വയം വിചാരിക്കുന്നത്. എന്നാല്‍ എനിക്ക് അയാള്‍ ഒന്നുമല്ല. ഞാന്‍ അഭിനേത്രിയാണ് അടിമയല്ല, നിര്‍മ്മാതാവാണ് എന്നതുകൊണ്ട് ഒരാളെ നിങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് കരുതേണ്ട'- അവര്‍ കൂട്ടിച്ചേര്‍ത്തു.