'നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്ത് കാണിക്ക്, നമുക്ക് കാണാം'; കെ സുധാകരനെതിരെ കേസെടുത്തതില്‍ വി ടി ബല്‍റാം

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്തതില്‍ പ്രതികരണവുമായി കെപിപിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ഒരു കേസെടുത്താല്‍ അതില്‍ തളര്‍ന്നുപോകുന്നവനല്ല കെപിസിസി അധ്യക്ഷനെന്നും അത് ബ്രണ്ണന്‍ കോളേജിലെ അദ്ദേഹത്തിന്റെ സമകാലീനനായ 'പഴയ വിജയന്' നല്ലവണ്ണം അറിയാവുന്നതായിരിക്കുമെന്നും വി ടി ബല്‍റാം പറഞ്ഞു. 'രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ച് അദ്ദേഹത്തെ വേട്ടയാടുന്ന അമിത് ഷായുടെ ഡല്‍ഹി പൊലീസില്‍നിന്ന് പിണറായി വിജയന്റെ പൊലീസിന് ഒരു വ്യത്യാസവുമില്ലെന്ന് എല്ലാവര്‍ക്കും കൃത്യമായി ബോധ്യപ്പെടുകയാണ്. അതുകൊണ്ട് ഇരുകൂട്ടരോടും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒന്നേ പറയാനുളളു. 'നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്ത് കാണിക്ക്. നമുക്ക് കാണാം'-വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വി ടി ബല്‍റാമിന്റെ കുറിപ്പ്

ബ്രഹ്മപുരം വിഷയത്തിൽ കൊച്ചിയിലെ പ്രതിഷേധ യോഗത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ എം.പിക്കെതിരെ 'കലാപശ്രമ'ത്തിന് കേസെടുക്കാനുള്ള പിണറായി വിജയൻ സർക്കാരിന്റെ തീരുമാനം വിമർശനങ്ങളേയും എതിർശബ്ദങ്ങളേയും ഇല്ലാതാക്കാനുള്ള പാഴ്ശ്രമമാണ്. ഇതിനെ കേരളം പുച്ഛിച്ച് തള്ളുമെന്നതിൽ സംശയം വേണ്ട.

കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ഒരു മഹാനഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും ലക്ഷക്കണക്കിന് മനുഷ്യരെ രണ്ടാഴ്ചയിലധികമായി വിഷപ്പുക ശ്വസിപ്പിക്കുന്ന ഒരു സർക്കാരിന്റേയും കോർപ്പറേഷന്റേയും ക്രൂരമായ നിസ്സംഗതക്കും സമ്പൂർണ്ണമായ ഭരണ പരാജയത്തിനും കൊടിയ അഴിമതിക്കുമെതിരെയാണ് സമീപ ദിവസങ്ങളിൽ കോൺഗ്രസ് പ്രസ്ഥാനം നിരവധി സമരങ്ങൾ ജനങ്ങൾക്ക് വേണ്ടി ഏറ്റെടുത്തത്. ഈ പ്രതിഷേധങ്ങളെയെല്ലാം ക്രൂരമായി അടിച്ചൊതുക്കുന്ന സമീപനമായിരുന്നു പോലീസിന്റേത്. കോർപ്പറേഷൻ യോഗത്തിൽ വിഷയം ഉന്നയിക്കാനെത്തിയ കോൺഗ്രസ് കൗൺസിലർമാരെയടക്കം കൗൺസിൽ ഹാളിന് പുറത്ത് പോലീസും സിപിഎം ഗുണ്ടകളും തല്ലിച്ചതക്കുന്ന അനുഭവമുണ്ടായി. ഇത്തരത്തിൽ വനിതാ കൗൺസിലർമാരെയടക്കം കായികമായി ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ ജനാധിപത്യപരമായ ഒരു സമരപരിപാടിയിലെ പ്രസംഗത്തിന്റെ പേരിലാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനെതിരെ കള്ളക്കേസ് ചുമത്തിയിരിക്കുന്നത്.

എന്ത് കലാപത്തിനാണ് കെ.സുധാകരൻ ഇവിടെ ആഹ്വാനം നൽകിയത്? അതിനേത്തുടർന്ന് എന്ത് കലാപമാണ് ഇവിടെ കോൺഗ്രസ് പ്രവർത്തകർ അഴിച്ചുവിട്ടിട്ടുള്ളത്? സമരം ചെയ്യുന്നവർക്കെതിരെ പോലീസല്ലേ പലയിടത്തും എല്ലാ പരിധികളും ലംഘിച്ചുള്ള അതിക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്? യഥാർത്ഥത്തിൽ ഇത്ര ഗുരുതരമായ ഒരു ഭരണകൂട വീഴ്ചക്കും അഴിമതിക്കുമെതിരെ ഉയരേണ്ട സ്വാഭാവികമായ പ്രതിഷേധം പോലും നിസ്സംഗരായ കേരള ജനതയിൽ നിന്ന് ഉണ്ടാവുന്നില്ല എന്നതാണ് നാം കാണുന്നത്. മറ്റേതെങ്കിലും നാട്ടിലായിരുന്നെങ്കിൽ 16 ദിവസം വാ തുറക്കാത്ത മുഖ്യമന്ത്രിയേയും തട്ടിപ്പു കമ്പനിയുടെ വക്താക്കളായി ലജ്ജാകരമായ ന്യായീകരണങ്ങളെഴുന്നെള്ളിക്കുന്ന മന്ത്രി പുംഗവന്മാരെയും ജനങ്ങൾ ഇതുപോലൊരവസരത്തിൽ തെരുവിൽ കൈകാര്യം ചെയ്യുമായിരുന്നു. 

ടിപി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി അരുംകൊല ചെയ്തതിന്റെ പേരിൽ സ്വന്തം അനുയായികളെ പോലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്ന വേളയിൽ "പാർട്ടി ഒരു തീപ്പന്തമാവു"മെന്ന് ഭീഷണിപ്പെടുത്തി കേരളം കത്തിക്കാനാഹ്വാനം നൽകിയ പഴയ സെക്രട്ടറി വിജയനെ പുതിയ മുഖ്യമന്ത്രി വിജയൻ മറന്നുപോയോ? ഏതായാലും ആ ശൈലി ഞങ്ങൾക്കില്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് മാത്രം നേതൃത്വം നൽകുന്ന കോൺഗ്രസ് പാർട്ടി ഇനിയും ആ നിലയിൽ മാത്രമേ ജനവികാരത്തെ പ്രതിഫലിപ്പിക്കാൻ ആഗ്രഹിക്കുന്നുള്ളൂ. 

നിയമസഭക്കകത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുന്നയിക്കുന്ന ചോദ്യങ്ങളും വിമർശനങ്ങളും ഭരണാധികാരികളുടെ ഉത്തരം മുട്ടിക്കുമ്പോൾ പ്രതിപക്ഷ എംഎൽഎമാരെ കായികമായി ആക്രമിച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്തും നിശ്ശബ്ദരാക്കാമെന്നാണ് മുഖ്യമന്ത്രിയും കൂട്ടരും കരുതുന്നത്. വനിതാ ജനപ്രതിനിധികൾക്ക് നേരെയുള്ള സൈബർ അറ്റാക്കിന് നേതൃത്വം നൽകുന്ന സിപിഎമ്മിന്റെ യുവ എംഎൽഎക്ക് പൂർണ്ണ പിന്തുണ നൽകുകയാണ് മന്ത്രിമാരും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും.

തുടർഭരണ സർക്കാരിന്റെ തോന്ന്യാസങ്ങൾക്കെതിരെയുള്ള ജനവികാരത്തിന്റെ വേലിയേറ്റത്തെ സമരരൂപമായി പരിവർത്തിപ്പിക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്തമാണ് നിയമസഭക്ക് പുറത്തും കോൺഗ്രസ് പാർട്ടി ഏറ്റെടുത്തിട്ടുള്ളത്. ഇന്നാട്ടിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടിയുള്ള കോൺഗ്രസിന്റെ പോരാട്ടങ്ങളുടെ 'പവർ ഹൗസാ'ണ് കെപിസിസി പ്രസിഡണ്ട്. തെരുവിൽ പോരാടുന്ന ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രവർത്തകക്കും സംരക്ഷണ കവചവുമായി അപ്രതിരോധ്യനായി നിൽക്കുന്ന കെപിസിസി അധ്യക്ഷനെതിരെ ഒരു കേസെടുത്താൽ അതിൽത്തളർന്നു പോകുന്നവനല്ല കെ. സുധാകരൻ എന്ന് ബ്രണ്ണൻ കോളേജിലെ സമകാലികനായ "പഴയ വിജയ"നെങ്കിലും നല്ലവണ്ണം അറിയാവുന്നതായിരിക്കും.

പ്രസംഗത്തിലെ ചില പദപ്രയോഗങ്ങളുടെ പേരിൽ തനിക്കെതിരെ ഉറഞ്ഞുതുള്ളന്ന സെലക്റ്റീവ് പ്രതികരണക്കാർക്ക് കെ. സുധാകരൻ തന്നെ കൃത്യമായ മറുപടി നൽകുന്നുണ്ട്: "മലയാള ഭാഷയ്ക്ക് നിരവധി ‘പദസമ്പത്ത്’ സംഭാവന ചെയ്ത ഭാഷാ വിദഗ്ദ്ധനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ സംഭാവനകളില്‍ ഒരെണ്ണം എടുത്ത് അദ്ദേഹത്തെ വിശേഷിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തത്. പൊതുപ്രവര്‍ത്തകന്‍റെ അന്തസ്സിന് ചേരാത്ത വിധം പ്രതിയോഗികളെ വ്യക്തിഹത്യ ചെയ്യുന്ന നിരവധി പ്രയോഗങ്ങളിലൂടെ കേരള രാഷ്ട്രീയത്തെ മലീമസമാക്കിയ വ്യക്തിയാണ് പിണറായി. മാന്യതയുടെ കുപ്പായം അണിഞ്ഞ് പുതിയ പിണറായി വിജയനാകാന്‍ എത്ര ശ്രമിച്ചാലും പഴയ പിണറായി വിജയന്‍റെ ഭൂതകാലം കൊഞ്ഞനം കുത്തിക്കൊണ്ടിരിക്കും" 

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി ദുർവ്യഖ്യാനിച്ച് അദ്ദേഹത്തെ വേട്ടയാടുന്ന അമിത് ഷായുടെ ഡൽഹി പോലീസിൽ നിന്ന് പിണറായി വിജയന്റെ പോലീസിന് ഒരു വ്യത്യാസവുമില്ല എന്ന് എല്ലാവർക്കും കൃത്യമായി ബോധ്യപ്പെടുകയാണ്. അതുകൊണ്ട് രണ്ട് കൂട്ടരോടും കോൺഗ്രസ് പാർട്ടിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്ക്. നമുക്ക് കാണാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More