'തുറമുഖം' നിര്‍മ്മാണത്തില്‍ പിഴവുപറ്റി; പക്ഷെ സിനിമയില്‍ തന്നെ ഉണ്ടാകും - സുകുമാർ തെക്കേപ്പാട്ട്

രാജീവ് രവി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'തുറമുഖ'ത്തിന്‍റെ നിര്‍മ്മാണത്തിന് പണം സ്വരൂപിക്കുന്നതില്‍ പിഴവുപറ്റിയതായി നിര്‍മ്മാതാവ് സുകുമാർ തെക്കേപ്പാട്ട്. ചിത്രീകരണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സിനിമ തിയേറ്ററില്‍ എത്തിക്കുന്നതില്‍ നിര്‍മ്മാതാവ് പലകുറി പരാജയപ്പെട്ടെന്നും ചിത്രത്തോടും അതിന്‍റെ അണിയറ പ്രവര്‍ത്തകരോടും മാന്യത പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നും നിവിന്‍ പോളി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മുന്‍കൈ എടുത്താണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. മൂന്നു തവണ റിലീസ് പ്രഖ്യാപിച്ചിട്ടും സിനിമ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിക്കാന്‍  സാധിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചകള്‍ ഉയര്‍ന്നെങ്കിലും  ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ നിര്‍മ്മാതാവ് തയ്യാറായിരുന്നില്ല. തുറമുഖം റിലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ച്  ആദ്യമായിട്ടാണ് സുകുമാർ തെക്കേപ്പാട്ട് പ്രതികരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

തുറമുഖം സിനിമ നിങ്ങൾക്കറിയാവുന്നതുപോലെ ഇന്ന് നിങ്ങൾക്ക് മുൻപിലെത്തുകയാണ്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. എല്ലാവരും തീയറ്ററിൽ തന്നെ പോയി സിനിമ കാണുമെന്ന് പ്രത്യാശിക്കുന്നു. രാജീവേട്ടൻ മികച്ചതായി ചെയ്ത ഒരു ചലച്ചിത്ര കാവ്യമാണ് തുറമുഖം എന്നാണ് എന്റെ പക്ഷം. അതുപോലെ സങ്കടങ്ങളുടെയും പരിഹാസ്യത്തിന്റെയും ഒറ്റപെടലിന്റെയും വേദന അങ്ങേയറ്റം ഞാൻ കഴിഞ്ഞ നാലു വർഷം സഹിക്കേണ്ടി വന്ന എന്റെ സിനിമാ ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്. പല പ്രാവശ്യം സിനിമ റിലീസിന് തയ്യാറെടുത്തെങ്കിലും നടപടിയായില്ല, കാരണം ഇതിൽ സ്ഥാപിത താല്പര്യക്കാരായ ചിലർ ഉണ്ടായിരുന്നു എന്നും അവർ അതിന് അപ്പോഴെല്ലാം ബോധപൂർവ്വം തടസ്സം നിന്നു  എന്ന് തന്നെ പറയേണ്ടിവരും.

ഞാൻ ആർജ്ജിച്ച ജീവിതത്തിന്റെ മാന്യത കൊണ്ട് ഇപ്പോൾ ആരുടെയും പേരെടുത്ത്‌ പറയുന്നില്ല. ഓരോ ഘട്ടത്തിലും ട്രൈലറിന്റെയും ഫേസ്ബുക്ക് പോസ്റ്റുകളുടെയും താഴെ തനിക്കു സിനിമ നിർമ്മിക്കാനും അതും വിതരണം ചെയ്യാനും പറ്റില്ലെങ്കിൽ ഈ പണി നിർത്തി പോടാ എന്ന് പല തരാം ഭാഷകളിൽ പറഞ്ഞവരുണ്ട്. എല്ലാരോടും എനിക്ക് നന്ദി മാത്രമേയുള്ളൂ.  എന്റെ ജീവിതം അടിമുടി സിനിമയാണ്. സിനിമ സ്വപ്നം കണ്ടുറങ്ങുകയും എഴുന്നേൽക്കുകയും ചെയ്ത ഒരു ജീവിതമുണ്ട്. മദ്രാസ്സിൽ കിടന്നുറങ്ങാൻ ഇടമില്ലാത്ത കാലത്തു സിനിമാമോഹങ്ങളുമായി നടന്നൊരു കാലം.  എണ്ണയടിക്കാൻ പോലും പൈസയില്ലാതെ പഴയൊരു സ്‌പ്ലെണ്ടർ ബൈക്കുമായി സിനിമയുടെ എക്സിക്യൂട്ടീവ് ആയി നടന്നൊരു കാലമുണ്ട്. അങ്ങനെ തുടങ്ങിയതാണിത്. സിനിമയിൽ ഞാൻ പരമാവധി ആളുകളെ സഹായിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പലപ്പോഴും ഒന്നും നേടിയിട്ടുമില്ല.  അതേസമയം  ധാരാളം പഴികൾ  മാത്രം കിട്ടിയിട്ടുമുണ്ട്.

തുറമുഖം പോലൊരു സിനിമ ചെയ്യാൻ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം, ചിലപ്പോൾ പലർക്കും കൊടുക്കാനുള്ള പൈസ കൊടുക്കാൻ ആവാത്ത സാഹചര്യത്തിൽ ചില ചെറിയ  കള്ളങ്ങൾ പറഞ്ഞിട്ടുണ്ടാകാം, പലരുടെയും പക്കൽ നിന്ന് കടം വാങ്ങിയിട്ടുണ്ടാകാം. എല്ലാം സമ്മതിക്കുന്നു. ഇതെല്ലാം  സിനിമ എന്ന മേഖലയോടുള്ള പ്രണയം കൊണ്ടാണ്. വേദനയുടെ വല്ലാത്ത തീച്ചൂളയിൽ നിന്ന് കാലും കൈയ്യും വെന്തുരുകുമ്പോഴും, മനസ്സ് വല്ലാതെ വ്രണപ്പെട്ടപ്പോഴും കൂടെ നിന്ന, ചേർത്തുപിടിച്ച അനേകം പേരുണ്ട്. പേരെടുത്ത്‌ പറയുന്നില്ല. അവരോട് നന്ദി പറയാൻ ഭാഷകളില്ല,  അവരോട് വല്ലാതെ  കടപ്പെട്ടിരിക്കുന്നു. കടപ്പാടുണ്ട് പ്രേക്ഷകരായ നിങ്ങളോടും. സിനിമയിൽ തന്നെ ഉണ്ടാകും മരണം വരെയും. കാരണം ഏറെ പ്രണയിച്ചുപോയി സിനിമയെ. എല്ലാവരും സിനിമ കാണുമെന്ന പ്രതീക്ഷയോടെ. തുറമുഖത്തിന് വേണ്ടി, രാജീവേട്ടന് വേണ്ടി സുകുമാർ തെക്കേപ്പാട്ട്.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 12 hours ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 12 hours ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 12 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 2 days ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 2 days ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More