ഡല്‍ഹി: കോവിഡ് -19 ഫലപ്രദമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ പദ്ധതി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജനങ്ങളെയും സമ്പദ് വ്യവസ്ഥയെയും അടച്ചുപൂട്ടി ഈ വിധത്തില്‍ ഒരുപാട് നാള്‍ പോകാനാവില്ലെന്നും കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പറഞ്ഞു.
രാജ്യം 2005 ല്‍ കൊണ്ടുവന്ന ദുരന്ത നിവാരണ നിയമത്തിന്റെ ചുവടുപിടിച്ച് മഹാമാരിയെ നേരിടാന്‍ ഒരു ദേശീയ നയം രൂപീകരിക്കപ്പെടണം. എന്നാല്‍ ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കേണ്ട സര്‍ക്കാര്‍ മൌനം പാലിക്കുകയാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തിരിക്കുകയാണ്. ചെറിയ സൌകര്യങ്ങള്‍ വെച്ച് സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനാവില്ല.
രാജ്യത്ത് മഹാമാരിയെ നേരിടുന്നതിനു മുന്‍കരുതലുകള്‍ എടുത്തില്ല. ലോകാരോഗ്യ സംഘടനയുടെ മഹാമാരി മുന്നറിയിപ്പ് സമയത്തുപോലും നമ്മുടെ ദുരന്ത നിവാരണ അതോറിറ്റി അനങ്ങിയില്ല. ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തിന് മുന്നോടിയായി സംസ്ഥാനങ്ങളെ അറിയിച്ചില്ലെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി